Actor
മമ്മൂട്ടിയും ബോളിവുഡ് താരങ്ങളും തമ്മിലുള്ള വ്യത്യാസം ഇതാണ്!, തുറന്ന് പറഞ്ഞ് അനുരാഗ് കശ്യപ്
മമ്മൂട്ടിയും ബോളിവുഡ് താരങ്ങളും തമ്മിലുള്ള വ്യത്യാസം ഇതാണ്!, തുറന്ന് പറഞ്ഞ് അനുരാഗ് കശ്യപ്
ബോളിവുഡും ദക്ഷിണേന്ത്യന്‍ സിനിമ ഇന്‍ഡസ്ട്രിയും തമ്മിലുള്ള വ്യത്യാസങ്ങള്‍ തുറന്നു പറഞ്ഞ് സംവിധായകന്‍ അനുരാഗ് കശ്യപ്. മലയാളത്തിലെ മുതിര്‍ന്ന താരങ്ങളിലൊരാളായ മമ്മൂട്ടി, ബോളിവുഡ് താരങ്ങളില്‍ നിന്നും വേറിട്ടു നില്‍ക്കുന്നുവെന്നും അനുരാഗ് പറഞ്ഞു. സമീപകാലത്ത് മമ്മൂട്ടി നടത്തുന്ന ധീരമായ സര്‍ഗ്ഗാത്മക തിരഞ്ഞെടുപ്പുകള്‍ അഭിനന്ദനീയമാണെന്നും അനുരാഗ് കൂട്ടിച്ചേര്‍ത്തു.
തെലുങ്ക് സിനിമാ വ്യവസായം ഏര്‍പ്പെടുത്തിയ ടിക്കറ്റ് നിരക്കിനെക്കുറിച്ചും കേരളത്തിലെ തിയേറ്ററുകള്‍ ചെറിയ സിനിമകള്‍ക്കു പോലും പ്ലാറ്റ്‌ഫോമുകള്‍ നല്‍കുന്നതിനെ കുറിച്ചും അനുരാഗ് സംസാരിച്ചു. ചില സംസ്ഥാനങ്ങള്‍ മറ്റുള്ളവയേക്കാള്‍ സിനിമാസാക്ഷരതയുള്ളവരാണെന്നും ഹിന്ദി ബെല്‍റ്റില്‍ എല്ലാ പ്രധാന പ്രോജക്റ്റുകളും ഇപ്പോഴും താരത്തെ ചുറ്റിപ്പറ്റിയാണ് മുന്നോട്ടു പോവുന്നതെന്നും കഥയ്ക്ക് അല്ല പ്രാധാന്യമെന്നും അനുരാഗ് നിരീക്ഷിച്ചു.
‘ഒരു വലിയ സിനിമയോട് മത്സരിക്കാനുള്ള മാര്‍ക്കറ്റിംഗ് ബജറ്റ് ചെറിയ സിനിമകള്‍ക്കില്ല, അതുകൊണ്ടാണ് ചെറിയ സിനിമയ്ക്ക് നിലനില്‍ക്കാന്‍ കഴിയാത്തത്. എന്നാല്‍ ദക്ഷിണേന്ത്യയില്‍ കാര്യങ്ങള്‍ അങ്ങനെയല്ല. അവിടെ സമത്വമുണ്ട്. അത് നവാഗതരുടെ ചിത്രമായാലും മോഹന്‍ലാലിന്റെ ചിത്രമായാലും കാര്യമില്ല; അവര്‍ക്ക് തുല്യമായ രീതിയില്‍ ദൃശ്യപരത ലഭിക്കും. ഹിന്ദി ഇന്‍ഡസ്ട്രിയില്‍ ഞങ്ങള്‍ക്ക് അതില്ല,’ എന്നും അനുരാഗ് കൂട്ടിച്ചേര്‍ത്തു.
മമ്മൂട്ടി സമീപകാലത്തായി നേടുന്ന നിരൂപക പ്രശംസയെക്കുറിച്ചും അനുരാഗ് തന്റെ അഭിപ്രായം രേഖപ്പെടുത്തി. ‘ഞാന്‍ സൂപ്പര്‍സ്റ്റാര്‍ഡം എന്ന ആശയത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. എന്നാല്‍ ഒരു നടനെന്ന നിലയില്‍ മമ്മൂട്ടി തന്റെ കരിയറിലെ ഈ ഘട്ടത്തില്‍ വളരെയധികം അവസരങ്ങള്‍ എടുക്കുന്നുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു വശത്ത് അദ്ദേഹം ഭ്രമയുഗത്തില്‍ പിശാചായി എത്തുന്നു, പിന്നെ കാതല്‍: ദി കോര്‍ ചെയ്തു.
അദ്ദേഹം നിരന്തരം അവസരങ്ങള്‍ എടുക്കുന്നു. അദ്ദേഹം സംവിധായകരെ വിശ്വസിച്ച് മുന്നോട്ട് പോകുന്നു. ഇവിടെ സംഭവിക്കുന്നത്, നിങ്ങള്‍ ഒരു താരത്തെ സമീപിച്ചാല്‍, നിങ്ങളുടെ കയ്യില്‍ ഒരു ഹിറ്റ് ഉണ്ടോ എന്നാണ് അവര്‍ക്ക് ആദ്യം അറിയേണ്ടത്. അവര്‍ക്ക് ആ ഉറപ്പ് വേണം.
അതിനാല്‍, നിങ്ങള്‍ തിരക്കുകൂട്ടണം.’ ഒരു സിനിമയുടെ തിരക്കഥ എന്നതിലുപരി, ആ പ്രൊജക്റ്റ് ഹിറ്റാകുമെന്ന് താരത്തെ എങ്ങനെ സംവിധായകന്‍ ബോധ്യപ്പെടുത്തുന്നു എന്നതിലാണ് ബോളിവുഡില്‍ കാര്യമെന്നും അനുരാഗ് പറഞ്ഞു.
‘നിങ്ങള്‍ അവര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്ന പ്രൊജക്റ്റ് അവര്‍ പരിഗണിക്കുന്നില്ല, മറിച്ച് നിങ്ങളുടെ അവസാന ചിത്രം ബോക്‌സ് ഓഫീസില്‍ ഹിറ്റായിരുന്നോ അല്ലയോ എന്നാണ് അവര്‍ പരിശോധിക്കുക. അതുകൊണ്ടുതന്നെ, ഹിന്ദിയും ദക്ഷിണേന്ത്യയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. അവിടെ, നിങ്ങള്‍ ഒരു നല്ല സിനിമ ചെയ്തിട്ടുണ്ടെങ്കില്‍, അത് ഒരു ചെറിയ സിനിമയാണെങ്കില്‍ പോലും, ഒരു നടന്‍ നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു.
ബോളിവുഡില്‍, അഭിനേതാക്കളോട് തിയേറ്റര്‍ വര്‍ക്ക്‌ഷോപ്പുകളില്‍ ചേരാന്‍ ഞാന്‍ പലപ്പോഴും ഉപദേശിക്കാറുണ്ടെന്നും എന്നാല്‍ അതിനു പകരം ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്തിട്ടുണ്ടെന്നാണ് അവര്‍ പറയുക.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ഭീഷ്മ പര്‍വ്വം, കണ്ണൂര്‍ സ്‌ക്വാഡ്, ഏറ്റവും സമീപകാലത്ത് ടര്‍ബോ തുടങ്ങിയ മുഖ്യധാരാ പ്രോജക്ടുകളില്‍ അഭിനയിച്ചതിന് ഒപ്പം തന്നെ നന്‍പകല്‍ നേരത്ത് മയക്കം, കാതല്‍: ദി കോര്‍, ഭ്രമയുഗം തുടങ്ങിയ നിരൂപക പ്രശംസ നേടിയ ചിത്രങ്ങളിലും മമ്മൂട്ടി അഭിനയിച്ചു. പലതരം ഴോണറുകളിലുള്ള ചിത്രങ്ങളുടെ സാധ്യതകള്‍ എക്‌സ്‌പ്ലോര്‍ ചെയ്യുന്ന മമ്മൂട്ടിയെ ആണ് ഇപ്പോള്‍ കാണാനാവുക.
