News
ബൈജു കൊട്ടാരക്കരയ്ക്കും ബാലചന്ദ്രകുമാറിനും മീഡിയകള്‍ക്ക് മുന്നില്‍ വന്ന് അഭിപ്രായം പറയാമെങ്കില്‍ എന്താ ഇന്ദ്രന്‍സിന് അതായി കൂടേ?; WCC മട്ടാഞ്ചേരി ലോബിയുടെ ക്യാപ്റ്റനായ ആഷിഖ് അബുവിന്റെ രാഷ്ട്രീയ സിനിമ മാത്രം!; വൈറലായി കുറിപ്പ്
ബൈജു കൊട്ടാരക്കരയ്ക്കും ബാലചന്ദ്രകുമാറിനും മീഡിയകള്‍ക്ക് മുന്നില്‍ വന്ന് അഭിപ്രായം പറയാമെങ്കില്‍ എന്താ ഇന്ദ്രന്‍സിന് അതായി കൂടേ?; WCC മട്ടാഞ്ചേരി ലോബിയുടെ ക്യാപ്റ്റനായ ആഷിഖ് അബുവിന്റെ രാഷ്ട്രീയ സിനിമ മാത്രം!; വൈറലായി കുറിപ്പ്
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ഇന്ദന്‍സ് നടത്തിയ ചില പരാമര്‍ങ്ങള്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴിതെളിച്ചത്. നിരവധി പേരായിരുന്നു രംഗത്ത് വന്നത്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ ‘എനിക്കറിയാവുന്ന ഒരാള്‍ അങ്ങനെ ചെയ്യുമോ എന്ന്… അറിഞ്ഞാല്‍പോലും അതിശയമായി തോന്നും, ഡബ്ല്യൂ സി സി ഇല്ലായിരുന്നെങ്കില്‍ കേസിന് കൂടുതല്‍ പിന്തുണ ലഭിച്ചേനെ’ തുടങ്ങിയ പരാമര്‍ശങ്ങളായിരുന്നു വിമര്‍ശനത്തിന് വിധേയമായത്.
ഇതിന് പിന്നാലെ ഇന്ദ്രന്‍സ് ക്ഷമ ചോദിച്ചുകൊണ്ട് രംഗത്ത് വരികയും ചെയ്തു. എന്നാല്‍ ഇപ്പോഴിതാ വിഷയത്തില്‍ ഇന്ദ്രന്‍സിനെ പിന്തുണച്ചുകൊണ്ട് അഞ്ജു പാര്‍വതി പ്രഭിഷ് എന്ന കോളമിസ്റ്റ് എഴുതിയ ഫേസ്ബുക്ക് കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമാവുന്നത്.
‘കുറ്റാരോപിതനായ ദിലീപ് കോടതി വിധി വരുന്നതിനു മുന്നേ കുറ്റക്കാരനെന്ന് വിധിയെഴുത്ത് നടത്തുന്നത് അഭിപ്രായസ്വാതന്ത്ര്യമാണെങ്കില്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ് അഭിമുഖത്തിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുക എന്നത് ഇന്ദ്രന്‍സിന്റേയും അഭിപ്രായ സ്വാതന്ത്രമാണ്’ എന്നാണ് അവര്‍ ഫേസ്ബുക്കില്‍ കുറിക്കുന്നത്.
കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
നാഴികയ്ക്ക് നാല്പതു വട്ടം അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി പട പൊരുതുന്ന പുരോഗമന സിംഹങ്ങളുടെ നാട്ടിലാണ് ഒരു ഇന്റര്‍വ്യൂവിനിടെ ഒരാള്‍ തന്റെ അഭിപ്രായം പറഞ്ഞതിന് കല്ലേറുകള്‍ എറ്റുവാങ്ങുന്നത്. എത്ര വേഗത്തിലാണ് അയാളുടെ സ്വതസിദ്ധമായ സ്വഭാവനൈര്‍മ്മല്യവും വിനയവും ലാളിത്യവുമെല്ലാം റദ്ദ് ചെയ്യപ്പെടുന്നതെന്ന് നോക്കൂ.
ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് അഭിമുഖത്തിനിടയ്ക്ക് ദിലീപ് വിഷയത്തില്‍ അദ്ദേഹം പറഞ്ഞത് ഇതാണ് എനിക്കറിയാവുന്ന ഒരാള്‍ അങ്ങനെ ചെയ്യുമോ എന്ന്…! അറിഞ്ഞാല്‍പോലും അതിശയമായി തോന്നും! ‘ ഇംഗ്ലീഷ് പത്രത്തില്‍ വന്നത് അതേ രീതിയിലാണ്. The actor assault case had been discussed a lot in society. What are your thoughts on the case? I personally don’t think Dileep would have done that. If he is proven guilty, I would be shocked. എന്നാല്‍ നമ്മുടെ മാധ്യമങ്ങള്‍ അതിനെ ചുരണ്ടിയെടുത്ത് തലക്കെട്ട് കൊടുത്തത് ഇങ്ങനെയാണ് ദിലീപ് കുറ്റക്കാരനെന്ന് വിശ്വസിക്കുന്നില്ല: ഇന്ദ്രന്‍സ്! പോരേ പൂരം.
കോടതി വിധി വരും വരെ ദിലീപ് എന്നയാള്‍ കുറ്റാരോപിതന്‍ മാത്രമാണ്. വിധിയില്‍ അയാള്‍ കുറ്റക്കാരനാണെന്ന് തെളിയുന്നത് വരെ അയാളുടെ സുഹൃത്തുക്കള്‍ക്ക് അയാള്‍ നിരപരാധി ആയിരിക്കാം . ചിലര്‍ക്ക് അയാള്‍ ക്രിമിനല്‍ ആയിരിക്കാം. ആ നിഗമനങ്ങളെ ഓഡിറ്റ് ചെയ്ത് തങ്ങളുടെ താല്പര്യത്തിനനുസരിച്ച് അടുത്തൊരാള്‍ ചിന്തിക്കണമെന്ന് പറയുന്നതല്ലേ വങ്കത്തരം ?
ഇനി ശ്രീ. ഇന്ദ്രന്‍സിന്റെ തുല്യനീതി ഡബ്ല്യൂ സി സി പരാമര്‍ശങ്ങളെ കുറിച്ചുമാണെങ്കില്‍ അറുപതിലോ എഴുപതിലോ നില്ക്കുന്ന ഒരു മനുഷ്യന്റെ പാട്രിയാര്‍ക്കിയല്‍ ബോധ്യത്തെ വിചാരണ ചെയ്യുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? പഴയ കാലത്തിന്റെ നടപ്പുരീതിക്കൊപ്പം നടന്നു ശീലിച്ച ഒരാള്‍ പുതിയ കാലത്തിന്റെ എല്ലാ മാറ്റങ്ങളെയും അതേ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളണമെന്ന് ശഠിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? നവോത്ഥാന മതിലു കെട്ടിയെന്നതൊഴിച്ചാല്‍ പലതിലും സ്ത്രീവിരുദ്ധത പച്ചയ്ക്ക് ആഘോഷിക്കുന്ന ഒരു ജനതയില്‍ ഇന്ദ്രന്‍സ് മാത്രം വഴി മാറി നടക്കണമെന്ന് പറയുന്നതില്‍ എന്താണ് ലോജിക്?
ഡബ്ല്യൂ സി സി യെന്ന സംഘടന പൂര്‍ണ്ണമായും ഒരു രാഷ്ട്രീയസംഘടന മാത്രമാണ്. മട്ടാഞ്ചേരി ലോബിയുടെ ക്യാപ്റ്റനായ ആഷിഖ് അബുവിന്റെ സംവിധാന മികവില്‍ ഭാര്യയെ പ്രധാന നടിയാക്കി അവരോധിച്ച ഒരു രാഷ്ട്രീയ സിനിമ മാത്രമാണ് ആ സംഘടന. അതിനെ നയിക്കുന്നതും നാളിതുവരെയുള്ള നടത്തിപ്പിനു ചുക്കാന്‍ പിടിക്കുന്നതും ആഷിഖ് അബുവും റിമയുമാണ്.
മലയാളസിനിമയെ രണ്ടു തട്ടുകളിലാക്കാനും അതുവഴി രാഷ്ട്രീയലാഭം കൊയ്യാനും ലക്ഷ്യമിട്ട ഇടതുപക്ഷരാഷ്ട്രീയവാദത്തിന്റെ നേര്‍ക്കാഴ്ചയാണ് ഈ സംഘടന. സെലിബ്രിട്ടികളായ വിപ്ലവനായികമാരെ തുറുപ്പുചീട്ടാക്കി ഇടതുപക്ഷത്തിന്റെ ലേബലില്‍ പുതിയൊരു സിനിമാരാഷ്ട്രീയം കെട്ടിപ്പടുക്കാന്‍ ഒരുങ്ങിയിറങ്ങിയ മട്ടാഞ്ചേരി ലോബിയുടെ ബുദ്ധിയിലുദിച്ച അമേദ്യചിന്താസരണിയെ പൊതുസമൂഹത്തില്‍ തുറന്നുകാട്ടാന്‍ ചിലര്‍ക്കെങ്കിലും കഴിയുന്നുണ്ട്.
നിലപാടുകള്‍ക്ക് പകരം നിലവിട്ട കളികള്‍ മാത്രം കളിച്ചൊരു സംഘടനയായിരുന്നുവതെന്ന് തുടങ്ങി കുറച്ച് നാളുകള്‍ക്കുളളില്‍ പൊതുസമൂഹത്തിനു ബോധ്യമായതാണ്. അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗ് ഒരേയൊരു അവനെതിരെ (ദിലീപിനെതിരെ) മാത്രം ബ്രഹ്മാസ്ത്രമാക്കിയ സംഘടനയാണെന്ന് ബോധമുള്ളവര്‍ക്ക് മനസ്സിലായതാണ്.
ഒരേ പന്തിയില്‍ പ്രതികരണത്തിന്റെയും പ്രതിഷേധത്തിന്റെയും രണ്ടു തരം ഊണ് വിളമ്പിയ സംഘടന അലന്‍സിയറിന്റെ വിഷയത്തിലും കമല്‍ വിഷയത്തിലുമെല്ലാം പൊട്ടന്‍ കളിച്ചത് വേട്ടക്കാരുടെ ചുവപ്പ് രാഷ്ട്രീയം നോക്കി തന്നെയാണ്. മലയാളസിനിമയിലെ മട്ടാഞ്ചേരിലോബിയുടെ ലേഡിവിംഗ് മാത്രമായ ഒരു സംഘടനയാണിത്. തീര്‍ത്തും നിഷ്‌കളങ്കമെന്നു തോന്നുന്ന രീതിയില്‍ ഒട്ടും തന്നെ നിഷ്‌കളങ്കമല്ലാത്ത ഒരു ട്രെന്റ് സെറ്റിംഗിന്റെ ഭാഗമാണ് ഡബ്ല്യു സി സി യെന്ന സംഘടനയെന്ന് കാലം അടയാളപ്പെടുത്തുക തന്നെ ചെയ്യും.
കുറ്റാരോപിതനായ ദിലീപ് കോടതി വിധി വരുന്നതിനു മുന്നേ കുറ്റക്കാരനെന്ന് വിധിയെഴുത്ത് നടത്തുന്നത് അഭിപ്രായസ്വാതന്ത്ര്യമാണെങ്കില്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ് അഭിമുഖത്തിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുക എന്നത് ശ്രീ. ഇന്ദ്രന്‍സിന്റെ അഭിപ്രായ സ്വാതന്ത്ര്യമാകുന്നു. ബൈജു കൊട്ടാരക്കരയ്ക്കും ബാലചന്ദ്രകുമാറിനും ഒക്കെ മീഡിയകള്‍ക്ക് മുന്നില്‍ വന്ന് തങ്ങളുടെ അഭിപ്രായം പറയാമെങ്കില്‍ എന്താ ശ്രീ .ഇന്ദ്രന്‍സിന് അതായി കൂടേ? കേവലം ഒരു അഭിമുഖത്തിന്റെ പേരില്‍ ഒരാളുടെ ക്യാരക്ടര്‍ അസാസിനേഷന്‍ ചെയ്ത് അയാള്‍ കാപട്യക്കാരനാണെന്നും നീലക്കുറുക്കന്‍ ആണെന്നും പറയുന്ന തേര്‍ഡ് റേറ്റഡ് വെര്‍ബല്‍ ഡയേറിയയ്ക്ക് പിന്നില്‍ കൃത്യമായ അജണ്ടയുണ്ട്. അന്നും ഇന്നും എന്നും ഇന്ദ്രന്‍സ് ഇഷ്ടം. വ്യക്തിയോട് ആദരം; നടനോട് ആരാധന
