Actor
സീരിയലിന്റെ ഷൂട്ടിങ്ങിനിടയിൽ തീ പിടുത്തത്തിൽ പൊള്ളലേറ്റു, 28 ദിവസം ഗുരുതരാവസ്ഥയിൽ ആശുപത്രി കിടക്കയിൽ! പിന്നീട് അവസരങ്ങളൊന്നുമില്ല; അനീഷ് രവി
സീരിയലിന്റെ ഷൂട്ടിങ്ങിനിടയിൽ തീ പിടുത്തത്തിൽ പൊള്ളലേറ്റു, 28 ദിവസം ഗുരുതരാവസ്ഥയിൽ ആശുപത്രി കിടക്കയിൽ! പിന്നീട് അവസരങ്ങളൊന്നുമില്ല; അനീഷ് രവി
മലയാള മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാതെ തന്നെ സുപരിചിതനായ താരമാണ് അനീഷ് രവി. ടെലിവിഷൻ സീരിയലിലൂടെയും കോമഡി ഷോയിലൂടെയും താരമായ നടൻ ചെയ്ത കഥാപാത്രങ്ങളെല്ലാം തന്നെ മലയാളി മനസ്സിൽ തങ്ങിനിൽക്കുകയാണ്. കാര്യം നിസ്സാരം എന്ന സീരിയലിൽ വില്ലേജ് ഓഫിസറായി എത്തിയതോടെയാണ് അനീഷ് രവി ഏറെ ശ്രദ്ധനേടിയത്.
ആദർശവാനായ മോഹനകൃഷ്ണൻ അല്ലെങ്കിൽ ‘അളിയൻ v/s അളിയൻ’ എന്ന സീരിയലിലെ കനകനെ അറിയാത്തവർ ചുരുക്കമാണ്. അനീഷ് രവി എന്ന നടനെ പ്രേക്ഷക മനസ്സിൽ അടയാളപ്പെടുത്താൻ ഈ രണ്ടു കഥാപാത്രങ്ങൾ ധാരാളം. മെഗാസീരിയൽ രംഗത്ത് ശബ്ദം കൊണ്ടു പോലും പ്രേക്ഷകർക്കു തിരിച്ചറിയാൻ കഴിയുന്ന അപൂർവം നടന്മാരിൽ ഒരാൾ കൂടിയാണ് അനീഷ് രവി. പല കഥാപാത്രങ്ങളിലൂടെ അനീഷ് എന്നും മലയാളികളെ വിസ്മയിപ്പിച്ചിട്ടുണ്ട്.
ഇപ്പോഴിതാ തനിയ്ക്ക് സംഭവിച്ച അപകടത്തെ കുറിച്ചും പിന്നീട് വീണ്ടും അഭിനയത്തിലേയ്ക്ക് തിരിച്ച് വന്നതിനെ കുറിച്ചും അനീഷ് രവി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അനീഷ് രവിയുടെ കുറിപ്പ് ഇങ്ങനെയായിരുന്നു;
വർഷങ്ങൾ പോയതറിയാതെ….!
സിനി ടൈംസ് നിർമ്മിച്ച് ജ്ഞാനശീലൻ സർ സംവിധാനം ചെയ്ത് സൂര്യ ടിവിയിൽ ടെലികാസ്റ്റ് ചെയ്ത എക്കാലത്തേയും മികച്ചതും മലയാളത്തിൽ 1000 എപ്പിസോഡ് പിന്നിടുകയും ചെയ്ത ആദ്യ സീരിയലുമായിരുന്നു ‘മിന്നുകെട്ട്’. അന്നൊരിയ്ക്കൽ ഓപ്പോൾ എന്ന സീരിയലിന്റെ ഷൂട്ടിങ്ങിനിടയിൽ ഉണ്ടായ തീ പിടുത്തത്തിൽ എനിക്ക് പൊള്ളലേറ്റു. ഗുരുതരാവസ്ഥയിൽ 28 ദിവസം ആശുപത്രി കിടക്കയിൽ! പിന്നീട് അവസരങ്ങളൊന്നുമില്ലാതെ കുറച്ചു നാൾ.
ആയിടയ്ക്കാണ് വൈകുന്നേരങ്ങളിൽ മലയാളികളുടെ സ്വീകരണമുറികളിൽ നിന്ന് പുറത്തേയ്ക്ക് കേൾക്കുന്ന ”അശകോശലെ പെണ്ണുണ്ടോ പെണ്ണിന് മിന്നുണ്ടോ” എന്ന ഗാനം സകല മലയാളിയുടെയും നാവിൽ തത്തി കളിക്കാൻ തുടങ്ങിയത്. പിന്നീട് …പിന്നീട് ആ അവതരണ ഗാനവും ”മിന്നുകെട്ട്” എന്ന സീരിയലും മലയാളിയുടെ നിത്യ ജീവിതത്തിന്റെ ഒരു ഭാഗമായി മാറുകയായിരുന്നു. ഒരു തിരിച്ചു വരവിനായി കാത്തിരുന്ന എനിയ്ക്ക് അന്ന് ഒരാശ്വാസമായത് ആനന്ദേട്ടന്റെ (നടൻ ആനന്ദ് കുമാർ) വാക്കുകളായിരുന്നു.
മിന്നുകെട്ടിലെ വിശ്വം എന്ന നായക കഥാപാത്രത്തിന് ജീവൻ നൽകിയ ആനന്ദേട്ടൻ ഇടയ്കിടയ്ക്ക് എന്നെ വിളിച്ചു പറയുമായിരുന്നു, എടാ നിനക്ക് പറ്റിയ ഒരു കഥാപാത്രം വരുന്നുണ്ട് എന്ന്. ഈ നാളുകൾ കൊണ്ട് മലയാളികളുടെ മനസ്സ് മുഴുവൻ കീഴടക്കി ‘മിന്നുകെട്ട്’ റേറ്റിംഗിൽ ഒന്നാം സ്ഥാനത്തേയ്ക്ക് കുതിയ്ക്കാൻ തുടങ്ങികഴിഞ്ഞിരുന്നു… ഒടുവിൽ ആ വിളി വരുമ്പോ ഞാൻ ജീവിതത്തിലെ ഏറ്റവും ടെൻഷൻ അനുഭവിച്ച നിമിഷങ്ങളിലൂടെ കടന്നു പൊയ്‌ക്കൊണ്ടിരിയ്ക്കുകയായിരുന്നു.
കോസ്‌മോ ഹോസ്പിറ്റലിൽ സുമി അകത്ത് പ്രസവ വേദനയിൽ, പ്രാർത്ഥനകളോടെ ലേബർ റൂമിന് പുറത്ത് ഞാനും. ഡാ… തൃശൂരിലേക്ക് കേറിയ്‌ക്കോ നാളെ നിന്നെ ഇവിടെ വേണം ആനന്ദേട്ടൻ ഫോൺ കട്ട് ചെയ്തു…! അകത്ത് നിന്ന് നേഴ്‌സ് വന്നു ചോദിച്ചു …ജയലക്ഷ്മിയുടെ കൂടെ ഉള്ളവർ….? ഞാൻ ഓടിച്ചെന്നു ആൺ കുഞ്ഞാ… മേയ് നാല് ( പൂരുരുട്ടാതി).
സന്തോഷത്തിന്റെ ഇരട്ടി മധുരത്തിൽ കണ്ണ് നീരിന് തേനിന്റെ രുചിയായിരുന്നു…. വൈകുന്നേരമായപ്പോ മോനെ ഒന്ന് കയ്യിലെടുത്ത് കൊതി തീരാതെ നോക്കി നിന്നു …കുറേ നേരം …. പിന്നെ….. മനസ്സില്ലാമനസോടെ എന്നാൽ ഏറെ പ്രതീക്ഷകളോടെ തൃശൂരിലേയ്ക്ക് യാത്ര തിരിച്ചു. മേയ് 5 ന് കാലത്ത് തൃശൂരെത്തി…! എല്ലാ അർത്ഥത്തിലും പുതിയ ഒരിടം. പതിയെ… പതിയെ ഞാനും ആ കുടുംബത്തിലെ ഒരു പ്രധാന അംഗമായി മാറി…
എന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്ന് വിമൽ ആർ മേനോൻ look achuu…look aunty…. 1133 എപ്പിസോഡുകളിലായി ആ പരമ്പര അവസാനിച്ചു. സിനി ടൈംസ് തമിഴിൽ നിർമ്മിച്ച മേഖല എന്ന പുതിയ പരമ്പരയിലെ അൻപ് എന്ന പ്രധാന കഥാപാത്രമായി ഞാൻ മാറുന്നു…. കാലം പിന്നെയും കടന്നു പൊയ്‌ക്കൊണ്ടേയിരുന്നു.
പുതിയ പുതിയ വേഷങ്ങൾ വ്യക്തികൾ…. സ്ഥലങ്ങൾ… വിശേഷങ്ങൾ… ഇപ്പോ ദേ ഉണ്ണി എന്നെക്കാൾ വളർന്നു…. മിടുക്കനായി…. ഇന്നവൻ പുറത്തേക്കിറങ്ങുമ്പോ ചുമ്മാ ഒന്ന് ക്ലിക്ക് ചെയ്തതാ… മക്കൾ വളരുന്നതിനൊപ്പം മാതാപിതാക്കളുടെ ഉള്ളിലെ പ്രതീക്ഷകളും വളർന്നു കൊണ്ടെയിരിക്കും….! കാലം വല്ലാത്ത കാലമാണ്…! ജീവിതയാത്രയിലെ പ്രതിസന്ധികളെ നേർവഴിയിൽ തരണം ചെയ്യാൻ മറ്റ് മക്കളെ പോലെ എന്റെ മകനും കഴിയട്ടെ എന്ന പ്രത്യാശയോടെ……പ്രതീക്ഷയോടെ….
