ഈ ഇൻഡസ്ട്രിയുടെ പ്രത്യേകത ഇതാണ് ; സീരിയൽ രംഗത്ത് പഴയത് പോലെ സജീവമല്ലാത്തതിനെക്കുറിച്ച് അനീഷ് രവി
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അനീഷ് രവി. സീരിയൽ മേഖലയിലൂടെ ആണ് താരത്തെ മലയാളികൾക്ക് കൂടുതൽ പരിചയം. മലയാളത്തിലെ സൂപ്പർ ഹിറ്റ് ആയ നിരവധി സീരിയലുകളിൽ താരം അഭിനയിച്ചിട്ടുണ്ട്. കൈരളി ടിവിയിലെ കാര്യം നിസ്സാരം എന്ന പരമ്പരയിലൂടെ ആണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് .വർഷങ്ങളായി സിനിമാ, സീരിയൽ രംഗത്ത് ഉണ്ടെങ്കിലും മറ്റ് താരങ്ങളെ പോലെ ലൈം ലൈറ്റിൽ അധികം അനീഷ് രവിയെ കാണാറില്ല. ഏറെ നാളുകൾക്ക് ശേഷം ഷെഫീഖിന്റെ സന്തോഷം എന്ന സിനിമയിലാണ് അനീഷ് രവിയെ കണ്ടത്.
ഇപ്പോഴിതാ സിനിമാ, സീരിയൽ രംഗത്ത് പഴയത് പോലെ സജീവമല്ലാത്തതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് അനീഷ് രവി. തിരക്ക് പിടിച്ച് സീരിയലുകളിൽ അഭിനയിക്കാൻ തനിക്ക് താൽപര്യം ഇല്ലെന്ന് അനീഷ് രവി പറയുന്നു. സിനിമകളിൽ ശ്രദ്ധ നൽകാഞ്ഞതിനെക്കുറിച്ചും അനീഷ് രവി സംസാരിച്ചു. പ്രമുഖ മാധ്യമത്തിനോടായിരുന്നു പ്രതികരണം.’ഒന്നിലധികം സീരിയൽ വേണമെങ്കിൽ എനിക്ക് ചെയ്യാം. കാരണം എല്ലാവരുമായി സൗഹൃദം ഉണ്ട്. പക്ഷെ എനിക്കിതൊക്കെ മതി. ഞാൻ വളരെ തൃപ്തനാണ്. സിനിമയിൽ എന്ത് കൊണ്ട് ട്രെെ ചെയ്യുന്നില്ല. ഗ്രാഫ് ഒന്ന് മാറുമായിരുന്നല്ലോ എന്ന് സ്നേഹമുള്ളവർ പറയാറുണ്ട്. എനിക്കിത് മതി’
‘ആവശ്യത്തിലധികം പൈസയും കിട്ടുന്നുണ്ട്. ഷോകൾ ഉണ്ട്. അത്യാവശ്യം എന്റെ കാര്യങ്ങളെല്ലാം നടക്കുന്നുണ്ട്. ഭാര്യക്കും അങ്ങനെ തന്നെ ആണ്. അവൾക്ക് അങ്ങനെ അത്യാഗ്രഹം ഒന്നുമില്ല. ഇന്നത് വേണമൊന്നൊന്നും പറഞ്ഞ് ശല്യപ്പെടുത്താത്ത ആളാണ്’
‘ആഭരണങ്ങളെല്ലാം അണിഞ്ഞ് പോവുന്ന ആളേ അല്ല. അത് കൊണ്ട് തന്നെ ആഗ്രഹങ്ങൾ മിതപ്പെടും. ഞാനെന്റെ ഇഷ്ടത്തിനാണ് ജീവിക്കുന്നത്. സൗഹൃദങ്ങൾക്കിടയിൽ പോവുമ്പോഴും ഫാമിലി എന്നെ ഒരിക്കലും ഡിസ്റ്റർബ് ചെയ്യാറില്ല. അതും എന്റെ ഒരു ഭാഗ്യം ആണ്’
‘കുഞ്ഞുനാളിൽ നാടകം അഭിനയിക്കാൻ പോവുമ്പോൾ ബാക്കി എല്ലാ കൂട്ടുകാരുടെയും വീട്ടിൽ നിന്ന് അച്ഛനും അമ്മയും വിടില്ലായിരുന്നു, പക്ഷെ എന്നെ വിടുമായിരുന്നു. അങ്ങനെ ഒരു അച്ഛന്റെയും അമ്മയുടെയും മകനായി ജനിച്ചതാണ് ഏറ്റവും വലിയ ഭാഗ്യം. എന്റെ ചേട്ടനൊക്കെ വളരെ സപ്പോർട്ട് ആണ്. അവനാണ് എന്നെ പ്രചോദിപ്പിക്കുന്നത്’
അവൻ മൂന്ന് നാല് പ്രാവശ്യം പറയുമ്പോഴാണ് ഞാൻ ആരെയെങ്കിലും വിളിക്കുന്നത്. അപ്പോഴും ഞാൻ ചാൻസ് ചോദിക്കില്ല. എന്തൊക്കെയുണ്ടെന്ന് ചോദിച്ച് ഫോൺ വെക്കും. ഇൻഡസ്ട്രിയുടെ പ്രത്യേകത എന്തെന്നാൽ നമ്മൾ എപ്പോഴും ലൈം ലൈറ്റിൽ ഉണ്ടാവണം’
‘നമ്മളെ ഓർമ്മപ്പെടുത്തിക്കൊണ്ടേ ഇരിക്കണം. കാരണം ഇത് നമ്മുടെ ആവശ്യം ആണ്. എല്ലാ ആർട്ടിസ്റ്റുകളുടെയും ആഗ്രഹം സിനിമ ആണല്ലോ. സിനിമ എന്ന വലിയ ലോകത്തേക്ക് പോവുന്നതിനിടയ്ക്കുള്ള തണൽ ആണ് സീരിയൽ”അവിടെ നമ്മൾ കംഫർട്ടബിൾ ആയാൽ പിന്നെ പോവാൻ തോന്നില്ല. സീരിയൽ ഒരിക്കലും ദേഷമല്ല. അതുകൊണ്ടാണ് നമ്മളെ അറിയുന്നത്,’ അനീഷ് രവി പറഞ്ഞു.
അടുത്തിടെ ഷഫീഖിന്റെ സന്തോഷം സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിലും അനീഷ് രവി സംസാരിച്ചിരുന്നു. ഉണ്ണി മുകുന്ദൻ കൃത്യമായി തനിക്ക് പ്രതിഫലം നൽകിയിട്ടുണ്ടെന്നായിരുന്നു അനീഷ് രവി വ്യക്തമാക്കിയത്. കാര്യം നിസാരത്തിന് ശേഷം അളിയൻസ് എന്ന പരമ്പര ആണ് അനീഷ് രവിക്ക് വലിയ ജനപ്രീതി നേടിക്കൊടുത്തത്.