Malayalam
ഹേമ കമ്മിറ്റി റിപ്പോർട്ട് ഈ മാസം പുറത്തുവരും, എത്തുന്നത് രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ ഒഴിവാക്കിക്കൊണ്ട്; അഞ്ച് പേർക്ക് റിപ്പോർട്ടിന്റെ പകർപ്പ് കൈമാറാൻ ഉത്തരവിറങ്ങി!
ഹേമ കമ്മിറ്റി റിപ്പോർട്ട് ഈ മാസം പുറത്തുവരും, എത്തുന്നത് രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ ഒഴിവാക്കിക്കൊണ്ട്; അഞ്ച് പേർക്ക് റിപ്പോർട്ടിന്റെ പകർപ്പ് കൈമാറാൻ ഉത്തരവിറങ്ങി!
സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ സമഗര്മായി പഠിക്കാൻ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് ഈ മാസം പുറത്തെത്തുമെന്ന് വിവരം. ഈ മാസം 25 ന് ആണ് റിപ്പോർട്ടെത്തുക. വിവരാവകാശ കമ്മീഷനെ സമീപിച്ച് അഞ്ച് പേർക്ക് റിപ്പോർട്ടിന്റെ പകർപ്പ് നൽകണമെന്നാണ് ഉത്തരവിൽ പറയുന്നത്.
റിപ്പോർട്ട് പുറത്തുവിടുന്നത് സംബന്ധിച്ച് സർക്കാർ ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ ഒഴിവാക്കിക്കൊണ്ടാണ് റിപ്പോർട്ട് പുറത്തിറങ്ങുന്നത്. കഴിഞ്ഞ ദിവസമാണ് വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പുറത്തുവന്നത്. റിപ്പോർട്ട് പുറത്തുവിടുന്നത് സംബന്ധിച്ച് നിരവധി വിശദീകരണങ്ങളാണ് കഴിഞ്ഞ നാല് വർഷമായി സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നത്.
വ്യക്തികളെ ബാധിക്കുന്ന സ്വകാര്യ വിവരങ്ങൾ പുറത്തുവിടരുതെന്ന കർശന നിർദേശവും ഉത്തരവിൽ പരാമർശിക്കുന്നുണ്ട്. 26-ന് ഉത്തരവ് നടപ്പാക്കിയ ശേഷമുള്ള വിവരങ്ങൾ അറിയിക്കണമെന്നും 27-ന് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ വിവരാവകാശ കമ്മീഷന് മുന്നിൽ ഹാജരായി ഇക്കാര്യങ്ങൾ ബോധിപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.
സിനിമാ മേഖലയിൽ വനിതകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ സമഗ്രമായി പഠിച്ച് 2019ലാണ് കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയത്. അന്ന് മുതൽ റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യം ഉയർന്നിരുന്നു. വിമൻ ഇൻ സിനിമാ കളക്ടീവ് അടക്കമുള്ളവരാണ് ആവശ്യവുമായി രംഗത്തെത്തിയത്. 2019 ഡിസംബർ 31ന് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും സർക്കാർ ഇതുവരെ പുറത്തുവിട്ടിരുന്നില്ല.
ഇതിനെതിരെ മാധ്യമപ്രവർത്തകർ അടക്കം വിവാരവകാശ കമ്മിഷനെ സമീപിച്ചിരുന്നു. നടി ശാരദ, മുൻ ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി.വത്സല കുമാരി എന്നിവരായിരുന്നു കമ്മിഷൻ അംഗങ്ങൾ. അതേസമയം, റിപ്പോർട്ട് പബ്ലിഷ് ചെയ്യുമെന്ന് പറഞ്ഞതിന് ശേഷം പിന്നീട് അധികൃതർ അഭിപ്രായം മാറ്റുകയായിരുന്നുവെന്ന് പാർവതി തിരുവോത്ത് നേരത്തെ പറഞ്ഞിരുന്നു.
താൻ ഇനി ഇക്കാര്യത്തിൽ ഇടപെടില്ലെന്നും പാർവതി കൂട്ടിച്ചേർത്തു. അവർ എന്താണ് പുറത്ത് വിടാത്തതെന്ന് അവരോടല്ലെ ചോദിക്കേണ്ടത്. നമ്മൾ വോട്ട് ചെയ്ത് ടാക്‌സ് കൊടുത്ത് ജീവിക്കുന്ന ഈ ഒരു സ്‌റ്റേറ്റിൽ അതിനനുസരിച്ചുള്ള സേഫ്റ്റി എനിക്ക് കിട്ടുന്നില്ല.
എനിക്ക് കിട്ടുന്നതിന്റെ വളരെ കുറവാണ് മറ്റുള്ളവർക്ക് കിട്ടുന്നത്. അത് മനസിലാക്കി എന്തെങ്കിലും ഞാൻ ചെയ്തില്ലെങ്കിൽ എനിക്ക് മനസാക്ഷിക്കുത്ത് ഉണ്ടാകും. ചിലപ്പോൾ കിടന്ന് ഉറങ്ങാൻ പറ്റില്ല എന്നും പാർവതി പറഞ്ഞിരുന്നു.
