Malayalam
‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് കടുത്ത മത്സരം; ഭാരവാഹി തിരഞ്ഞെടുപ്പ് ഇന്ന്!
‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് കടുത്ത മത്സരം; ഭാരവാഹി തിരഞ്ഞെടുപ്പ് ഇന്ന്!
മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യുടെ ഭാരവാഹി തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. കൊച്ചിയില്‍ നടക്കുന്ന വാര്‍ഷിക പൊതുയോഗത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുക. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മോഹന്‍ലാലും, ട്രഷറര്‍ സ്ഥാനത്തേക്ക് ഉണ്ണി മുകുന്ദനും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
സിദ്ധിഖ്, ഉണ്ണി ശിവപാല്‍, കുക്കു പരമേശ്വരന്‍ എന്നിവരാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് പത്രിക നല്‍കിയിരിക്കുന്നത്. സെക്രട്ടറി സ്ഥാനത്തേയ്ക്ക് ബാബുരാജ്, അനൂപ് ചന്ദ്രന്‍ എന്നിവരും മത്സരിക്കുന്നുണ്ട്. അമ്മയുടെ നിലവിലെ ട്രഷററായ സിദ്ദിഖിന്റെ കാലാവധി ജൂണ്‍ 30ന് പൂര്‍ത്തിയാകും. ഇതിന് ശേഷമാകും ഉണ്ണി മുകുന്ദന്‍ സ്ഥാനമേല്‍ക്കുക.
വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ജഗദീഷനെ കൂടാതെ മഞ്ജു പിള്ള, ചേര്‍ത്തല ജയന്‍ എന്നിവരാണ് മത്സരിക്കാനുള്ളത്. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് വനിതകള്‍ ഉള്‍പ്പെടെ 15 പേരും പത്രിക നല്‍കിയിട്ടുണ്ട്. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ 11 തസ്തികകളിലായി 12 പേരാണ് മത്സരരംഗത്തുള്ളത്.
കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററിലാണ് അമ്മയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം. 506 അംഗങ്ങള്‍ക്കാണ് വോട്ടവകാശമുള്ളത്. സിദ്ദിഖ്, കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍ എന്നിവരാണ് ജനറല്‍ സെക്രട്ടറി പദവിയിലേക്ക് മത്സരിക്കുന്നത്. ജഗദീഷ്, ജയന്‍ ചേര്‍ത്തല, മഞ്ജു പിള്ള എന്നിവരാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നത്. അനൂപ് ചന്ദ്രനും ബാബുരാജും ജോയിന്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കും.
2021ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ മോഹന്‍ലാലും ഇടവേള ബാബുവും എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കും എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേയ്ക്കും കടുത്ത മത്സരമുണ്ടായിരുന്നു.
മണിയന്‍പിള്ള രാജുവും ശ്വേത മേനോനും വോട്ടെടുപ്പിലൂടെ വൈസ് പ്രസിഡന്റായപ്പോള്‍ എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേയ്ക്ക് ലാലും വിജയ് ബാബുവും വിജയം നേടി. ഔദ്യോഗിക പക്ഷത്തുനിന്ന് മത്സരിച്ച നിവിന്‍പോളിയും ആശ ശരത്തും ഹണി റോസുമാണ് പരാജയപ്പെട്ടത്.
അതേസമയം, താന്‍ വഹിച്ചിരുന്ന ജനറല്‍ സെക്രട്ടറി പദവിയില്‍നിന്ന് ഒഴിയുകയാണെന്ന് ഇടവേള ബാബു അടുത്തിടെ വ്യക്തമാക്കിയിരുന്നു. അമ്മ രൂപീകരിച്ച 1994 മുതല്‍ അംഗമായ ഇടവേള ബാബു ജോയിന്റ് സെക്രട്ടറിയായും സെക്രട്ടറിയായും ജനറല്‍ സെക്രട്ടറിയായും സജീവമായിരുന്നു അദ്ദേഹം. 25 വര്‍ഷത്തിനു ശേഷം ഇടവേള ബാബു സ്വയം ഒഴിയുന്നുവെന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്.
