Malayalam
വയനാടിനായി കൈകോർത്ത് ‘അമ്മ’യും; ദുരിതബാധിതരെ സഹായിക്കാനായി സ്റ്റേജ് ഷോ
വയനാടിനായി കൈകോർത്ത് ‘അമ്മ’യും; ദുരിതബാധിതരെ സഹായിക്കാനായി സ്റ്റേജ് ഷോ
വയനാട് ഉരുൾപൊട്ടലുണ്ടാക്കിയ ഭീകരതയിലാണ് കേരളക്കര. വയനാടിനായി ഇതിനോടകം തന്നെ നിരവധി പേരാണ് സഹായവുമായി രംഗത്തെത്തിയിരുന്നത്. ഇപ്പോഴിതാ ദുരിതബാധിതരെ സഹായിക്കാനായി സ്റ്റേജ് ഷോ നടത്താനൊരുങ്ങുകയാണ് മലയാള സിനിമാ താരസംഘടനയായ ‘അമ്മ’.
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ചേർന്നാണ് സ്‌റ്റേജ് ഷോ സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് 20ന് അങ്കമാലിയിൽ വെച്ചായിരിക്കും പരിപാടി. ഇതിൽ നിന്നും കിട്ടുന്ന മഴുവൻ തുകയും വയനാട് ദുരിതബാധിതർക്കായി നൽകാനാണ് തീരുമാനം. അമ്മയുടെ ജനറൽ സെക്രട്ടറി സിദ്ദിഖ് ആണ്പ്രഖ്യാപിച്ചത്.
കൊച്ചിയിൽ കഴിഞ്ഞ ദിവസം ചേർന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് സിദ്ദിഖ് ഇതേ കുറിച്ച് വ്യക്തമാക്കിയത്. ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാത്തതിനെ കുറിച്ചും താരം സംസാരിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുത് എന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ അമ്മയ്ക്ക് പങ്കില്ല. അതിൽ അമ്മയ്ക്ക് പ്രത്യേക അഭിപ്രായമില്ല എന്ന് സിദ്ദിഖ് വ്യക്തമാക്കി.
അതേസമയം, മോഹൻലാലിനെ അധിക്ഷേപിച്ച സംഭവത്തിൽ യൂട്യൂബർ ചെകുത്താൻ എന്ന അജു അലക്‌സിനെ അറസ്റ്റ് ചെയ്ത കാര്യവും സിദ്ദിഖ് വാർത്താ സമ്മേളനത്തിൽ സംസാരിച്ചു. ആർക്കും ആരെയും അധിക്ഷേപിക്കാമെന്ന രീതി ശരിയല്ല. മോഹൻലാൽ വയനാട് സന്ദർശിച്ചത് പുണ്യ പ്രവൃത്തിയാണ്. വ്യക്തി താത്പര്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ല അദ്ദേഹത്തിന്റെ സന്ദർശനം എന്നും സിദ്ദിഖ് പറഞ്ഞു.
സിദ്ദിഖിന്റെ പരാതിയിലാണ് അജുവിനെതിരെ കേസെടുത്തത്. ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) വകുപ്പുകളാണ് അജുവിനെതിരെ ചുമത്തിയത്. കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിലായിരുന്നു. മോഹൻലാലിന്റെ ആരാധകരിൽ വിദ്വേഷം ഉളവാക്കുന്ന രീതിയിലാണ് അജു അലക്സിന്റെ പരാമർശമെന്നും തിരുവല്ല പൊലീസ് റജിസ്ട്രർ ചെയ്ത എഫ്ഐആറിൽ പറയുന്നു.
ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനൻ്റ് കേണൽ പദവി വഹിക്കുന്ന മോഹൻലാൽ പട്ടാള യൂണിഫോമിൽ വയനാട് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ സ്ഥലം സന്ദർശിച്ചതിന് എതിരെയാണ് അജു യൂട്യൂബ് ചാനലിലൂടെ അപകീർത്തിപ്പെടുത്തി പരാമർശം നടത്തിയത്. ഇത് സംബന്ധിച്ച പോസ്റ്റും അജു പങ്കുവെച്ചിരുന്നു.