News
ലോകസഞ്ചാരത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കി അജിത്ത്; സന്തോഷം പങ്കിട്ട് മാനേജര്‍
ലോകസഞ്ചാരത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കി അജിത്ത്; സന്തോഷം പങ്കിട്ട് മാനേജര്‍
യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് അജിത്ത്. പലപ്പോഴും അദ്ദേഹത്തിന്റെ വാര്‍ത്താ വിശേഷങ്ങള്‍ വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇപ്പോഴിതാ, തന്റെ പുതിയ ചിത്രം തുനിവ് റിലീസിന് തയ്യാറെടുക്കവേ അജിത്ത് നടത്തിയ യാത്രാ വിശേഷങ്ങള്‍ ആരാധകരേയും യാത്രാപ്രേമികളേയും ഒരുപോലെ ഹരംകൊള്ളിച്ചിരിക്കുകയാണ്.
തുനിവിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് പിന്നാലെ യൂറോപ്യന്‍ യാത്രയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു താരം. ഇതിനോടനുബന്ധിച്ചുള്ള ആദ്യപാദ യാത്ര പൂര്‍ത്തീകരിച്ചിരിക്കുകയാണ് താരം. ആദ്യപാദത്തില്‍ ഇന്ത്യ മുഴുവന്‍ ബൈക്കില്‍ സഞ്ചരിച്ചുകഴിഞ്ഞു താരം. അജിത്തിന്റെ മാനേജര്‍ സുരേഷ് ചന്ദ്ര ട്വീറ്റ് ചെയ്തതാണ് ഇക്കാര്യം.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലൂടെയും സഞ്ചരിച്ച് എ.കെ അദ്ദേഹത്തിന്റെ ലോകസഞ്ചാരത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയിരിക്കുന്നു. സഞ്ചരിച്ചയിടങ്ങളില്‍ നിന്ന് ലഭിച്ച സ്നേഹം കണക്കിലെടുത്താല്‍ ഇതൊരു നേട്ടം തന്നെയാണ്. സാഹസികയാത്രികരെ സംബന്ധിച്ചിടത്തോളം ഇതൊരു അഭിമാന മുഹൂര്‍ത്തമാണ്. സുരേഷ് ചന്ദ്ര ട്വീറ്റില്‍ പറഞ്ഞു. സംവിധായകന് വിഘ്നേഷ് ശിവനും അജിത്തിന്റെ യാത്രയുടെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.
തുനിവ് എന്ന ചിത്രത്തിന്റെ പേരിനൊപ്പമുള്ള നോ ഗട്ട്സ്, നോ ഗ്ലോറി എന്ന വാചകവും അജിത്തിന്റെ ചിത്രവും ചേര്‍ന്നുള്ള മറ്റൊരു ട്വീറ്റും സുരേഷ് ചന്ദ്ര പങ്കുവെച്ചിട്ടുണ്ട്. തുനിവിന്റെ ചിത്രീകരണം അവസാനിച്ചയുടന്‍ ചിത്രത്തിലെ താരങ്ങള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കുമൊപ്പം കശ്മീരിലേക്ക് അജിത്ത് ബൈക്കില്‍ സഞ്ചരിച്ചിരുന്നു. നടി മഞ്ജുവാര്യരും ഈ യാത്രയിലുണ്ടായിരുന്നു.
ഈ വരുന്ന പൊങ്കലിനാണ് തുണിവ് റിലീസ് ചെയ്യുന്നത്. നേര്‍കൊണ്ട പാര്‍വൈ, വലിമൈ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബോണി കപൂര്‍ നിര്‍മിച്ച്, എച്ച്. വിനോദ് സംവിധാനം ചെയ്ത് അജിത്ത് നായകനാവുന്ന ചിത്രമാണ് തുനിവ്. മഞ്ജുവാര്യര്‍ നായികയാവുന്ന ചിത്രം യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് നിര്‍മിച്ചിരിക്കുന്നത്.
