Bollywood
ഐശ്വര്യ റായ്ക്ക് ഇന്ന് അമ്പതാം പിറന്നാള്‍; സ്വത്ത് വിവരങ്ങള്‍ കണ്ട് ഞെട്ടി ആരാധകര്‍
ഐശ്വര്യ റായ്ക്ക് ഇന്ന് അമ്പതാം പിറന്നാള്‍; സ്വത്ത് വിവരങ്ങള്‍ കണ്ട് ഞെട്ടി ആരാധകര്‍
ഇന്ത്യയ്ക്കകത്തും പുറത്തും നിരവധി ആരാധകരുള്ള താരമാണ് ഐശ്വര്യ റായ്. ലോകസുന്ദരി ഇന്ന് അമ്പതാം പിറന്നാള്‍ ആഘോഷിക്കുകയാണ്. രണ്ടര പതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ സിനിമ ലോകത്ത് തിളങ്ങി നില്‍ക്കുന്ന ഐശ്വര്യയ്ക്ക് അമ്പത് വയസ് തികഞ്ഞുവെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ ഏവര്‍ക്കും പ്രയാസമാണ്. ഇപ്പോഴിതാ ഐശ്വര്യ റായുടെ പിറന്നാള്‍ ദിനത്തില്‍ താരത്തെ കുറിച്ച് ചില അറിയാക്കഥകളാണ് ചര്‍ച്ചയാകുന്നത്.
1973 നവംബര്‍ 1ന് മാഗ്ലൂരുവിലാണ് ഐശ്വര്യയുടെ ജനനം. 1994 ലോക സൗന്ദര്യ മത്സരത്തില്‍ വിജയിച്ചതോടെയാണ് ഐശ്വര്യ ഇന്ത്യ മുഴുവന്‍ പ്രശസ്തയായത്. പിന്നാലെ സിനിമയിലേയ്ക്കും 2007 ല്‍, ഐശ്വര്യ നടന്‍ അഭിഷേക് ബച്ചനെ വിവാഹം കഴിക്കുകയും ചെയ്തു. ബോളിവുഡിലെ പ്രമുഖരായ ബച്ചന്‍ കുടുംബത്തിന്റെ മരുമകളായി എത്തിയതോടെ ഐശ്വര്യയുടെ തരമൂല്യം കൂടി. ദമ്പതികള്‍ക്ക് ആരാധ്യ ബച്ചന്‍ എന്നൊരു മകളുണ്ട്.
ഇന്ത്യയിലെ ഏതൊരു നടിയേക്കാളും സമ്പന്നയാണ് ഐശ്വര്യ റായ്. ജിക്യൂ ഇന്ത്യ റിപ്പോര്‍ട്ട് അനുസരിച്ച് ഐശ്വര്യ റായ് ബച്ചന്റെ ആസ്തി ഏകദേശം 776 കോടി രൂപയാണ്. ഓരോ സിനിമയ്ക്കും ഏകദേശം 10-12 കോടി രൂപയും ബ്രാന്‍ഡ് പരസ്യങ്ങള്‍ക്കായി 6-7 കോടി രൂപയുമാണ് അവര്‍ ഈടാക്കുന്നതെന്നാണ് വിവരം.
ലോറിയല്‍, സ്വിസ് ലക്ഷ്വറി വാച്ച് ലോംഗൈന്‍സ് തുടങ്ങിയ ആഗോള ബ്രാന്‍ഡുകളുമായി ഐശ്വര്യ സഹകരിക്കുന്നുണ്ട്. ഇവ കൂടാതെ ലക്‌സ്, കൊക്കകോള, പെപ്‌സി, ടൈറ്റാന്‍, ലാക്മി കൊസ്മറ്റിക്‌സ്, കാസിയോ, ഫിലിപ്‌സ്, കാഡ്ബറി, കല്ല്യാണ്‍ തുടങ്ങിയ വിവിധ ബ്രാന്റുകളുടെ അംബാസിഡറായും ഐശ്വര്യ എത്തിയിട്ടുണ്ട്.
112 കോടി രൂപ വിലമതിക്കുന്ന മുംബൈയിലെ ജുഹുവിലുള്ള ബച്ചന്‍ കുടുംബത്തിന്റെ കുടുംബ വീടായ ജല്‍സയിലാണ് ഐശ്വര്യയും കുടുംബവും താമസിക്കുന്നത്. കുടുംബ വീടിന് പുറമേ അഭിഷേകും ഐശ്വര്യയും ചേര്‍ന്ന് ദുബായിലെ ജുമൈറ ഗോള്‍ഫ് എസ്‌റ്റേറ്റിലെ സാങ്ച്വറി ഫാള്‍സില്‍ ഒരു വില്ലയും വാങ്ങിയിട്ടുണ്ട്. അതിന്റെ വില 16 കോടി രൂപയാണ്.
മുംബൈയിലെ ബാന്ദ്രകുര്‍ള കോംപ്ലക്‌സില്‍ 20 കോടി രൂപ വിലമതിക്കുന്ന ഒരു ആഡംബര അപ്പാര്‍ട്ട്‌മെന്റും ഐശ്വര്യയ്ക്ക് സ്വന്തമായുണ്ട്. ആഢംബര കാറുകളുടെ ശേഖരവും ഐശ്വര്യയ്ക്ക് സ്വന്തമായുണ്ട്. ഇതില്‍ റോള്‍സ് റോയിസ് ഗോസ്റ്റ്, ഓഡി എ8എല്‍, മെര്‍സിഡസ് ബെന്‍സ് എസ് 500, മെര്‍സിഡസ് ബെന്‍സ് എസ്S350d കൂപ്പെ, ലെക്‌സസ് എല്‍എക്‌സ് 570 തുടങ്ങിയ കാറുകള്‍ ഈ ശേഖരത്തില്‍ പെടുന്നു.
