Actress
‘തേജസ്’ കണ്ട് യോഗി ആദിത്യനാഥ് കരഞ്ഞുപോയി, സിനിമയ്ക്ക് രാജ്യവിരുദ്ധ ശക്തികളില്‍ നിന്നും സംരക്ഷണം നല്‍കുമെന്ന് ഉറപ്പ് നല്‍കി; കങ്കണ റണാവത്ത്
‘തേജസ്’ കണ്ട് യോഗി ആദിത്യനാഥ് കരഞ്ഞുപോയി, സിനിമയ്ക്ക് രാജ്യവിരുദ്ധ ശക്തികളില്‍ നിന്നും സംരക്ഷണം നല്‍കുമെന്ന് ഉറപ്പ് നല്‍കി; കങ്കണ റണാവത്ത്
ബോളിവുഡില്‍ ഏറെ ശ്രദ്ധേയയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ കങ്കണയുടെ പോസ്റ്റുകളെല്ലാം പലപ്പോഴും വിമര്‍ശനങ്ങള്‍ക്കിടയാകാറുമുണ്ട്. കങ്കണ നായികയായി ഈ അടുത്ത് റിലീസായ ചിത്രമാണ് തേജസ്. ഏറെ പ്രതീക്ഷകളുമായെത്തിയ ചിത്രത്തിന് പ്രതീക്ഷിച്ച അത്ര മുന്നേറാന്‍ സാധിച്ചിരുന്നില്ല.
ഇതിനിടെ ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു വേണ്ടി കങ്കണയും അണിയറപ്രവര്‍ത്തകരും ചേര്‍ന്ന് സംഘടിപ്പിപ്പിച്ചിരുന്നു. ഈ ചിത്രം കണ്ടതിന് ശേഷം ആദിത്യനാഥിന്റെ പ്രതികരണം എന്തായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കങ്കണ.
ലഖ്‌നൗവിലെ ലോക് ഭവന്‍ ഓഡിറ്റോറിയത്തിലായിരുന്നു തേജസിന്റെ പ്രത്യേക പ്രദര്‍ശനം നടത്തിയത്. യോഗി ആദിത്യനാഥിനുപുറമേ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയും സിനിമയ്‌ക്കെത്തിയിരുന്നു. സിനിമ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടെന്ന് പ്രദര്‍ശനത്തിനുശേഷം കങ്കണ പ്രതികരിച്ചു. യോഗി ആദിത്യനാഥിന് സിനിമ ഏറെ ഇഷ്ടമായെന്നും ചിത്രത്തിന് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘സിനിമ കണ്ടുകൊണ്ടിരിക്കേ യോഗി ആദിത്യനാഥ് കരഞ്ഞുപോയി. ഞങ്ങള്‍ക്കും ഞങ്ങളുടെ സിനിമയ്ക്കും രാജ്യവിരുദ്ധ ശക്തികളില്‍ നിന്നും ശത്രുക്കളില്‍ നിന്നും സംരക്ഷണം നല്‍കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. ദേശീയവാദികളോട് ഈ ചിത്രം കാണാന്‍ പ്രചോദനം നല്‍കുമെന്നും പറഞ്ഞു. ഇത് സ്ത്രീ ശാക്തീകരണ ചിത്രമല്ല, മറിച്ച് സ്ത്രീ ശക്തിയേക്കുറിച്ചുള്ള ചിത്രമാണ്. യുവാക്കളില്‍ ഇന്ത്യന്‍ വ്യോമസേനയേക്കുറിച്ചുള്ള അഭിമാനബോധം ഉണര്‍ത്താന്‍ ഈ ചിത്രം സ്‌കൂളുകളിലും കോളേജുകളിലും പ്രദര്‍ശിപ്പക്കണം’ എന്നും കങ്കണ റണാവത്ത് പറഞ്ഞു.
സര്‍വേഷ് മേവാറയാണ് തേജസിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഈ മാസം 27നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. 50 ലക്ഷം രൂപയാണ് ചിത്രത്തിന്റെ തിങ്കളാഴ്ചത്തെ തിയേറ്റര്‍ കളക്ഷന്‍. നാല് ദിവസം കൊണ്ട് 4.25 കോടി മാത്രമാണ് ഇന്ത്യയില്‍ നിന്ന് തേജസിന് നേടാനായത്. അന്‍ഷുല്‍ ചൗഹാന്‍, വരുണ്‍ മിത്ര, ആശിഷ് വിദ്യാര്‍ത്ഥി, വിശാഖ് നായര്‍, കശ്യപ് ശങ്കരി, സുനിത് ഠണ്ടന്‍, റിയോ കപാഡിയ, മോഹന്‍ അഗാഷേ, മുഷ്താഖ് കാക് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവരിപ്പിച്ചത്.
അതേസമയം, ‘തേജസ്’ കാണാന്‍ തിയറ്ററുകളിലേയ്ക്ക് പ്രേക്ഷകരെ ക്ഷണിച്ച് വിഡിയോ പങ്കുവച്ച കങ്കണ റണാവത്തിനെ നടന്‍ പ്രകാശ് രാജ് ട്രോളിയതും ഏറെ വാര്‍ത്തയായിരുന്നു. വന്‍ മുതല്‍ മുടക്കില്‍ നിര്‍മിച്ച ‘തേജസ്’ വമ്പന്‍ പരാജയത്തിലേയ്ക്കാണ് കൂപ്പുകുത്തുന്നത്. സിനിമ കാണാന്‍ പ്രേക്ഷകര്‍ തിയറ്ററിലെത്തിയില്ലെങ്കില്‍ തിയറ്ററുകള്‍ നഷ്ടത്തിലാകുമെന്നും കുടുംബത്തോടൊപ്പം വന്ന് എല്ലാവരും ‘തേജസ്’ കാണണമെന്നുമാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയിലൂടെ കങ്കണ അഭ്യര്‍ഥിച്ചത്. ഈ വിഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു പ്രകാശ് രാജിന്റെ പരിഹാസം.
‘ഇന്ത്യയ്ക്ക് 2014ല്‍ സ്വാതന്ത്ര്യം ലഭിച്ചതല്ലേയുള്ളൂ. ഒന്നു കാത്തിരിക്കൂ. പതുക്കെ കയറിവരും’ എന്നായിരുന്നു പ്രകാശ് രാജ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചത്. 2014 ലാണ് ഇന്ത്യയ്ക്ക് യഥാര്‍ഥത്തില്‍ സ്വാതന്ത്ര്യം ലഭിച്ചതെന്ന കങ്കണയുടെ പഴയ വാക്കുകള്‍ കടമെടുത്തായിരുന്നു പ്രകാശ് രാജിന്റെ പരാമര്‍ശം. 100 കോടി രൂപ മുടക്കിയ സിനിമയ്ക്ക് ആദ്യ രണ്ടു ദിവസം കൊണ്ട് നേടാനായത് വെറും 3 കോടി രൂപയാണ്. ഇതോടെയാണ് പ്രേക്ഷകരെ തിയറ്ററുകളിലേക്ക് ആകര്‍ഷിക്കാന്‍ കങ്കണ തന്നെ മുന്നിട്ടിറങ്ങിയത്.
![](https://metromatinee.com/wp-content/uploads/2017/10/metromatinee-logo-11.png)