News
ഒരു തെളിവും ഇല്ലാതെ ഒരാളെ അപകീര്‍ത്തിപ്പെടുത്തുന്നതിന് ഞാന്‍ എതിരാണ്, ദിലീപ് നിരപരാധി; ഏറ്റവും ഇഷ്ടപ്പെട്ട നടി കാവ്യയാണെന്നും അടൂര്‍ ഗോപാലകൃഷ്ണന്
ഒരു തെളിവും ഇല്ലാതെ ഒരാളെ അപകീര്‍ത്തിപ്പെടുത്തുന്നതിന് ഞാന്‍ എതിരാണ്, ദിലീപ് നിരപരാധി; ഏറ്റവും ഇഷ്ടപ്പെട്ട നടി കാവ്യയാണെന്നും അടൂര്‍ ഗോപാലകൃഷ്ണന്
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളില്‍ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയര്‍ തുടങ്ങിയത്. പിന്നീട് ചില സിനിമകളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു. അതോടൊപ്പം ചെറിയ ചെറിയ വേഷങ്ങളില്‍ സിനിമയില്‍ മുഖം കാണിച്ചു. ഒടുവില്‍ നായകനായി മലയാളികളുടെ പ്രിയപ്പെട്ട താരമായി ജനപ്രിയനായകനായി. നിര്‍മ്മാതാവായി.
മഞ്ജുവാര്യറുമായുള്ള വിവാഹ മോചനവും കാവ്യാമാധവുമായിട്ടുള്ള ദിലീപിന്റെ വിവാഹവും നടിയെ ആക്രമിച്ച കേസിലെ പങ്കും എല്ലാം തന്നെ ദിലീപിനെ വേട്ടയാടുന്നുണ്ട്. എന്നിരുന്നാലും ശക്തമായ തിരിച്ചു വരവിന് തയ്യാറെടുക്കുകയാണ് ദിലീപ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം വൈറലായി മാറാറുമുണ്ട്.
മലയാള സിനിമയില്‍ എന്നു മാത്രമല്ല, കേരളമൊട്ടാകെ വലിയ ഞെട്ടലിന് വഴിതെളിച്ച സംഭവമായിരുന്നു കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവം. ഷൂട്ടിംഗ് കഴിഞ്ഞ് സിനിമ ലൊക്കേഷനില്‍ നിന്ന് മടങ്ങി വരികയായിരുന്ന നടിയെ ഓടുന്ന കാറില്‍ വെച്ച് പീ ഡിപ്പിക്കുകയും അപകീര്‍ത്തിപരമായ ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു.
അക്രമത്തില്‍ നേരിട്ട് പങ്കെടുത്ത പള്‍സര്‍ സുനി അടക്കമുള്ള പ്രതികളെ ആദ്യദിനങ്ങളില്‍ തന്നെ പിടികൂടിയെങ്കിലും അക്രമത്തിന് പിന്നില്‍ ഗൂഡാലോചനയില്ലെന്നായിരുന്നു പൊലീസിന്റെ നിലപാട്. ആദ്യ കുറ്റപത്രത്തിലും ഇത് സംബന്ധിച്ച സൂചകങ്ങളൊന്നുമുണ്ടായില്ല. പിന്നീട് കൊച്ചിയില്‍ അമ്മ സംഘടിപ്പിച്ച യോഗത്തില്‍ നടി മഞ്ജു വാര്യറാണ് ആദ്യമായി ഗൂഡാലോചനയെന്ന സംശയം മുന്നോട്ട് വെക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നടന് ദിലീപിന് നേരെയുള്ള സംശയങ്ങള്‍ ആദ്യ ആഴ്ചകളില്‍ തന്നെ ഉയര്‍ന്ന് വന്നിരുന്നു.
പിന്നീട് പള്‍സര്‍ സുനി ജയിലില്‍ നിന്നും അയച്ച കത്തിനെ പിന്തുടര്ന്ന് നടത്തിയ അന്വേഷണത്തിലാണ് ദിലീപിനെതിരായ കുരുക്കുകള്‍ പൊലീസ് മുറുക്കിയത്. പിന്നീട് ജനപ്രിയ താരത്തെ എട്ടാം പ്രതിയാക്കി പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ കേരളം ഞെട്ടുകയായിരുന്നു. അറസ്റ്റിലായ ദിലീപ് മൂന്ന് മാസത്തിനടുത്താണ് റിമാന്‍ഡില്‍ കഴിഞ്ഞത്.
മലയാള സിനിമയില്‍ ദിലീപ് ശക്ത സാന്നിധ്യമായി നില്‍ക്കുന്നതിനിടയിലായിരുന്നു കേസും അറസ്റ്റുമെല്ലാം. അതേസമയം സംഭവത്തില്‍ നടനെ തുടക്കം മുതല്‍ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു സിനിമയിലെ പകുതിയിലധികം താരങ്ങളും സ്വീകരിച്ചിരുന്നത്. ചിലര്‍ ദിലീപിനെതിരെയും രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. ദിലീപ് നിരപരാധിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു തെളിവും ഇല്ലാതെ ഒരാളെ അപകീര്‍ത്തിപ്പെടുത്തുന്നതിന് താന്‍ എതിരാണെന്നും അടൂര്‍ പറഞ്ഞു. ഒരു അഭിമുഖപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐഎസ്ആര്‍ഒ ചാരക്കേസില്‍ കെ കരുണാകരനെ ചീത്തവിളിക്കുകയും അപമാനിക്കുകയും ചെയ്യുന്നത് കണ്ടിട്ടുണ്ട്. പിന്നീട് അദ്ദേഹം നിരപരാധിയാണെന്ന് തെളിയിക്കപ്പെട്ടുവെന്ന് അടൂര്‍ പറഞ്ഞു. കലാകാരനും കലാസൃഷ്ടിയും വ്യത്യസ്തമാണ്. പല മോശപ്പെട്ട ആളുകളും മികച്ച കലാസൃഷ്ടികള്‍ നടത്തിയിട്ടുണ്ട്.
ചങ്ങമ്പുഴ കൃഷ്ണപിള്ള, അയാളുടെ ഭാര്യയെ സംബന്ധിച്ചിടത്തോളം വളരെ ഭയങ്കരനായ ഒരു മനുഷ്യനായിരുന്നു. പക്ഷേ, ചങ്ങമ്പുഴയില്ലാത്ത മലയാള കവിതയെക്കുറിച്ച് ചിന്തിക്കാനാവുമോ? അടൂര്‍ ചോദിച്ചു. സിനിമ ഒരു സര്‍ഗ്ഗാത്മക സൃഷ്ടിയാണെന്നും അടൂര്‍ ഗോപാലകൃഷ്ണന് പറഞ്ഞു.
ഇഷ്ടപ്പെട്ട നടി കാവ്യാമാധവനാണ് എന്നാണ് അടൂര്‍ പറഞ്ഞത്. പിന്നെയും എന്ന സിനിമയിലെ കാവ്യയുടെ അഭിനയം തന്നെ അമ്പരപ്പിച്ചു എന്നും അടൂര്‍ പറഞ്ഞു. മമ്മൂട്ടി, മധു, ദിലീപ് തുടങ്ങിയവരെ സിനിമയിലെ പ്രധാന വേഷത്തിലേക്ക് തെരഞ്ഞെടുത്തത്, അവരുടെ സ്റ്റാര്‍ വാല്യു കണക്കിലെടുത്താണോ എന്ന ചോദ്യത്തിന് അടൂരിന്റെ മറുപടി ഇപ്രകാരമായിരുന്നു.
‘എന്റെ കഥാപാത്രങ്ങളുമായി അവര്‍ എത്രത്തോളം യോജിക്കുന്നു എന്നത് മാത്രമാണ് എന്റെ മാനദണ്ഡം. അവരെല്ലാം നല്ല അഭിനേതാക്കളാണ്. കാസ്റ്റിംഗ് അഭിനയത്തിന്റെ പകുതിയാണ്’. അടൂര്‍ അഭിപ്രായപ്പെട്ടു. ഏറ്റവും ഇഷ്ടപ്പെട്ട നടന് പി കെ നായര്‍ ആണ്. ‘എന്റെ എല്ലാ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഒരു നടനെന്ന നിലയില്‍ അദ്ദേഹം തന്നെ ഏറെ ആകര്‍ഷിച്ചു’വെന്നും അടൂര്‍ പറഞ്ഞു.
അതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണത്തില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടതോടെ കോടതിയില്‍ വീണ്ടും രഹസ്യ വിചാരണ ആരംഭിച്ചിരിക്കുകയാണ്. ഈ ജനുവരി 31 ഉള്ളില്‍ കേസിലെ വിചാരണ അവസാനിപ്പിക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം, നേരത്തെ വിസ്തരിച്ച സാക്ഷികളായ മഞ്ജു വാര്യറെ അടക്കം വീണ്ടും വിസ്തരിച്ച് കേസ് ശക്തമാക്കാനാണ് പ്രോസിക്യൂഷന്റെ നീക്കം. കേസിന്റെ സ്ഥിതിഗതികള്‍ എന്താകുമെന്ന് ദിവസങ്ങള്‍ക്കുള്ളില്‍ അറിയാം.
