ഉർവശീ ശാപം ഉപകാരം എന്ന പോലെ അന്നത്തെ വാർത്ത എന്നെ തുണച്ചു; സിനിമയിൽ എത്തിയതിനെ കുറിച്ച് സുരഭി ലക്ഷ്മി !
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സുരഭി ലക്ഷ്മി. കോമഡി വേഷങ്ങളും സീരിയസ് വേഷങ്ങളും വളരെ മനോഹരമായി കൈകാര്യം ചെയ്യാനുള്ള കഴിവ് സുരഭിയ്ക്കുണ്ട്. എം 80 മൂസ എന്ന പരമ്പരയിലെ പാത്തു എന്ന കഥാപാത്രമായാണ് സുരഭി മലയാളികൾക്ക് പരിചിതയായത്. പിന്നീട് സിനിമകളിലും സുരഭി തിളങ്ങി. അനൂപ് മേനോന്റെ പത്മ എന്ന ചിത്രമാണ് സുരഭിയുടേതായി അവസാനം തിയേറ്ററിലെത്തിയത്.
നായികാ വേഷവും സഹനടി വേഷവും ഒക്കെ ഒരുപോലെ ചെയ്യുന്ന സുരഭിക്ക് മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്ന സിനിമയിലൂടെ 2017 ൽ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു.
പിന്നീട് ആറാട്ട് ഉൾപ്പെടെയുള്ള സിനിമകളിൽ അഭിനയിച്ച സുരഭി പത്മ എന്ന സിനിമയിൽ ടൈറ്റിൽ റോളിലും എത്തി. കുറി, ജ്വാലാമുഖി, പൊരിവെയിൽ, തുടങ്ങി നിരവധി സിനിമകൾ സുരഭിയുടേതായി ഇനി പുറത്തിറങ്ങാനുണ്ട്.
ഇപ്പോഴിതാ തന്റെ പിതാവിനെ പറ്റി സംസാരിച്ചിരിക്കുകയാണ് സുരഭി. മകൾ സിനിമാ നടി ആവണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് അച്ഛനാണെന്ന് സുരഭി പറയുന്നു. പ്ലസ് വണിൽ പഠിക്കവെ അച്ഛൻ മരണപ്പെട്ടതിനെക്കുറിച്ചും കുറച്ച് ദിവസങ്ങൾക്കുള്ളിൽ താൻ കലോത്സവത്തിൽ പങ്കെടുത്തതിനെക്കുറിച്ചും സുരഭി സംസാരിച്ചു.
ഞാനൊരു നടി ആവണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹം ഉണ്ടായിരുന്നത് എന്റെ അച്ഛനായിരുന്നു. ഞാൻ എവിടെ ഡാൻസോ, അഭിനയമോ ചെയ്താലും വന്ന് കാണുന്നത് അച്ഛൻ ആയിരുന്നു. എന്റെ അച്ഛൻ മരിച്ച് കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് ഞങ്ങൾ വിഎച്ച്എസ് സി കലോത്സവത്തിൽ പങ്കെടുക്കുന്നത്’
‘അച്ഛനുള്ള സമയത്ത് ആരോടെങ്കിലും കടം വാങ്ങി ആണെങ്കിലും പണം തരുമായിരുന്നു. അച്ഛൻ മരിച്ചപ്പോൾ ചേച്ചി പറഞ്ഞു ആരോടും പൈസ ചോദിക്കേണ്ട. അച്ഛൻ മരിച്ച ശേഷം കലോത്സവത്തിൽ പങ്കെടുക്കുകയാണെന്നൊക്കെ പറഞ്ഞ് കുറ്റപ്പെടുത്തുമെന്ന്. ആദ്യത്തെ ദിവസം ഓട്ടൻതുള്ളൽ പെർഫോം ചെയ്തു’
‘അതിൽ പക്കമേളം ഉപയോഗിക്കാത്തതിനാൽ ഒന്നാം സ്ഥാനത്ത് നിന്നും മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. പത്രത്തിൽ മരിച്ചിട്ടല്ലാതെ എന്റെ ഫോട്ടോ വരണമെന്ന് എനിക്ക് ഭയങ്കര ആഗ്രഹം ഉണ്ടായിരുന്നു. അപ്പോൾ മീഡിയയുടെ അടുത്ത് പോയി ഈയൊരു അവസ്ഥ പറഞ്ഞു. പിറ്റേന്ന് അവരെഴുതിയ വാർത്ത കോമഡി ആയിരുന്നു. ദാരിദ്രത്തിന്റെ പടുകുഴിയിൽ നിന്നും ഇതാ ഒരു കലാകാരി എന്നായിരുന്നു എഴുതിയത്’
‘പക്ഷെ ഉർവശീ ശാപം ഉപകാരം എന്ന പോലെ അത് ജയരാജ് സാറുടെ അടുത്തേക്ക് എത്തുകയും ജയരാജ് സർ അവരുടെ ഭാര്യയെ പറഞ്ഞയച്ച് എന്റെ നാടകവും മോണോ ആക്ടും ഒക്കെ കണ്ടു. സിനിമയിലേക്ക് അങ്ങനെയാണ് എത്തുന്നത്,’ സുരഭി പറഞ്ഞു. അമൃത ടിവിയിൽ റെഡ‍്കാർപറ്റ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു സുരഭി. പരിപാടിയിൽ ഇന്നലെ എന്റെ നെഞ്ചിലേ എന്ന പാട്ടുകേട്ട് സുരഭി കണ്ണീരണിയുകയും ചെയ്തു.
നേരത്തെ ഫാദേഴ്സ് ഡേയ്ക്ക് അച്ഛന്റെ ഓർമ്മകളെക്കുറിച്ച് സുരഭി പങ്കുവെച്ച കുറിപ്പും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കോഴിക്കോട്ടുകാരിയായ സുരഭി ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ സുപരിചിതയായത് എം 80 മൂസയിലൂടെ ആണ്. ഇതിന് ശേഷം പിന്നീട് ടെലിവിഷൻ പരമ്പരകളിൽ സുരഭി അഭിനയിച്ചിട്ടില്ല. സിനിമകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. തിയറ്റർ ആർട്ടിസ്റ്റ് കൂടിയായ സുരഭിയുടെ പത്മ എന്ന സിനിമയിലെ പ്രകടനവും പ്രേക്ഷക പ്രീതി നേടിയിരുന്നു. അനൂപ് മേനോൻ ആയിരുന്നു സിനിമയിലെ നായകൻ.