Malayalam
മരിച്ചുപോയ ആളെ നേരില്‍ കണ്ടു, വിശ്വസിക്കാനാകാതെ മലയാളികള്‍; സൗന്ദര്യയുടെ മുഖസാദൃശ്യവുമായി യുവതി; വൈറലായി വീഡിയോ
മരിച്ചുപോയ ആളെ നേരില്‍ കണ്ടു, വിശ്വസിക്കാനാകാതെ മലയാളികള്‍; സൗന്ദര്യയുടെ മുഖസാദൃശ്യവുമായി യുവതി; വൈറലായി വീഡിയോ
പലപ്പോഴും താരങ്ങളുടെ അപരന്മാകെ കണ്ട് ഇത് ഒര്‍ജിനല്‍ ആണോ എന്ന് അതിശയിച്ച് പോയിട്ടുള്ളവരാണ് നമ്മളില്‍ പലരും. ചിലരെ കണ്ടാല്‍ ഒരു തരി വ്യത്യാസം പോലും കാണില്ല. പലപ്പോഴും ഇത്തരത്തില്‍ താരങ്ങളുടെ മുഖ സാമ്യമുള്ളവരുടെ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടാറുണ്ട്. കഴിഞ്ഞ ദിവസം ഫോര്‍ട്ട് കൊച്ചി രജനി എന്ന് പറഞ്ഞ് നാദിര്‍ഷ പങ്കുവെച്ച രജനികാന്തിന്റെ അപരനെ കണ്ട് പ്രേക്ഷകര്‍ ഞെട്ടിയിരുന്നു.
അടുത്തിടെ സില്‍ക് സ്മിതയുടെ അപരയെ സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരുന്നു. വിശാലിന്റെ മാര്‍ക്ക് ആന്റണി എന്ന ചിത്രത്തിലും ഇവര്‍ എത്തിയിരുന്നു. ഇപ്പോഴിതാ അത്തരത്തില്‍ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ ഒരു നടിയുടെ അപരയാണ് സോഷ്യല്‍ മീഡിയയുടെ മനം കവരുന്നത്. അകാലത്തില്‍ അന്തരിച്ച നടി സൗന്ദര്യയുടെ മുഖ സാദൃശ്യമാണ് ഈ യുവതിയ്ക്ക് ഉള്ളത്.
ഒറ്റനോട്ടത്തില്‍ ഇത് സൗന്ദര്യ അല്ലാ എന്ന് ആരും തന്നെ പറയില്ല. അത്രയ്ക്ക് സാമ്യമുണ്ട് മുഖത്തിന്. ചിത്ര എന്നാണ് ഈ അപരയുടെ പേര്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ചിത്ര, സൗന്ദര്യയുടെ സിനിമകളുടെ ഡയലോഗുകളും പാട്ടുകളും അനുകരിക്കാറുണ്ട്. നാല് ലക്ഷത്തോളം ഫോളോവേഴ്സ് ആണ് ചിത്രയ്ക്ക് ഇന്‍സ്റ്റാഗ്രാമില്‍ ഉള്ളത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സൗന്ദര്യയും മോഹന്‍ലാലും തകര്‍ത്തഭിനയിച്ച കിളിച്ചുണ്ടന്‍ മാമ്പഴം എന്ന ചിത്രത്തിലെ വീഡിയോ റീല്‍ ചിത്ര ചെയ്തിരുന്നു.
ഈ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. പ്രത്യേകിച്ച് മലയാളികള്‍. ‘മരിച്ചുപോയ ആളെ നേരില്‍ കണ്ടു, പെട്ടന്ന് ഞെട്ടി സൗന്ദര്യ ആണെന്ന് വിചാരിച്ചു’, എന്നിങ്ങനെ പോകുന്നു കമന്റുകള്‍. ‘യഥാര്‍ത്ഥത്തില്‍ ഞാന്‍ സൗന്ദര്യ മാമിനെ പോലെയല്ല. എന്നാല്‍ എനിക്ക് അവരുടെ അനുഗ്രഹം ലഭിച്ചതായി ഞാന്‍ കരുതുകയാണ്’, എന്നാണ് സൗന്ദര്യയെ പോലെ ഇരിക്കുന്നു എന്ന കമന്റിന് ചിത്ര നല്കുന്ന മറുപടി.
തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമായിരുന്നു സൗന്ദര്യ. മലയാളം ഉള്‍പ്പടെ അഭിനയിച്ച ഭാഷകളിലെല്ലാം സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച താരം. സൂപ്പര്‍ താരങ്ങളുടെ നായികയായി അഭിനയിച്ച് തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയായി നിറഞ്ഞു നില്‍ക്കുകയായിരുന്നു. ഈ സമയത്താണ് അപ്രതീക്ഷിതമായി എത്തിയ മരണം സൗന്ദര്യയെ കവര്‍ന്നെടുക്കുന്നത്. 2004 ഏപ്രില്‍ 17 നാണ് സൗന്ദര്യ മരണപ്പെടുന്നത്. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പുറപ്പെട്ട സൗന്ദര്യയുടെ ഹെലികോപ്റ്റര്‍ അപകടത്തില്‍ പെടുകയും താരം മരണപ്പെടുകയുമായിരുന്നു.
മരിക്കുമ്പോള്‍ വെറും 31 വയസ് മാത്രമായിരുന്നു സൗന്ദര്യയുടെ പ്രായം. തന്റെ കരിയറിന്റെ പീക്കിലൂടെ കടന്നു പോകുമ്പോഴാണ് സൗന്ദര്യ മരണപ്പെടുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലെല്ലാം സാന്നിധ്യം അറിയിക്കാന്‍ സൗന്ദര്യയ്ക്ക് സാധിച്ചിരുന്നു. 2003 ലാണ് സൗന്ദര്യ വിവാഹം കഴിക്കുന്നത്. പിന്നാലെ ഗര്‍ഭിണിയായ താരം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്നതിനെക്കുറിച്ച് ചിന്തിക്കവെയാണ് മരണമെത്തുന്നത്.
നിര്‍മ്മാതാവും എഴുത്തുകാരനുമായിരുന്നു സൗന്ദര്യയുടെ അച്ഛന് കെഎശ് സത്യനാരായണ. ഡോക്ടറാകാനായിരുന്നു സൗന്ദര്യ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ കാലം സൗന്ദര്യയെ സിനിമയിലേക്ക് എത്തിക്കുകയായിരുന്നു. കന്നഡയിലൂടെയായിരുന്നു അരങ്ങേറ്റം. അധികം വൈകാതെ തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയായി മാറുകയായിരുന്നു സൗന്ദര്യ. 12 വര്‍ഷത്തെ കരിയറില്‍ നൂറിലധികം സിനിമകളില്‍ സൗന്ദര്യ അഭിനയിച്ചിരുന്നു.
നിരവധി പുരസ്കാരങ്ങളും സൗന്ദര്യ സ്വന്തമാക്കിയിരുന്നു. 2004 ലായിരുന്നു സൗന്ദര്യ രാഷ്ട്രീയ പ്രവേശനം നടത്തുന്നത്. തന്റെ സഹോദരന് അമര്‍നാഥിനൊപ്പം തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാനായി പുറപ്പെട്ടതായിരുന്നു സൗന്ദര്യ. എന്നാല്‍ താരത്തിന്റെ താരം സഞ്ചരിച്ച ഹെലികോപ്റ്ററിന് തീപിടിക്കുകയായിരുന്നു. നടിയും സഹോദരനുമടക്കം ഹെലികോപ്റ്ററിലുണ്ടായിരുന്നവരെല്ലാം തന്നെ മരണപ്പെട്ടു. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പോലും സാധിക്കാത്ത വിധത്തിലായിരുന്നു.
ബാംഗ്ലൂരില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചരണ റാലിക്ക് വേണ്ടിയാണ് സഹോദരന് അമര്‍നാഥിനൊപ്പം സൗന്ദര്യ യാത്ര തിരിച്ചത്. അത് അവസാന യാത്രയായി മാറുകയായിരുന്നു. 1992ല്‍ പുറത്തിറങ്ങിയ ഗന്ധര്‍വ എന്ന കന്നട ചിത്രത്തിലൂടെയാണ് സൗന്ദര്യ അഭിനയിച്ച് തുടങ്ങിയത്. പിന്നീട് എംബിബിഎസ് പഠനകാലത്ത് ‘അമ്മൊരു’ എന്ന ചിത്രത്തില്‍ സൗന്ദര്യ അഭിനയിക്കുകയും ആ സിനിമയുടെ വിജയത്തോടെ പഠിത്തം അവസാനിപ്പിക്കുകയും സിനിമയില്‍ സജീവമാവുകയുമായിരുന്നു.പിന്നീട് ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങി ഒട്ടുമിക്ക ഭാഷകളിലും നായികയായി അഭിനയിച്ചിരുന്നു.
