Actress
നിയന്ത്രിക്കാൻ കഴിയാത്ത ഒരുതരം വിശപ്പായിരുന്നു. അതുകാരണം കിട്ടുന്നതെല്ലാം വാരിവലിച്ച് തിന്ന് വണ്ണം കൂടി; സിനിമയിൽ നിന്ന് മാറി നിൽക്കാനുണ്ടായ കാരണത്തെ കുറിച്ച് നടി നന്ദിനി
നിയന്ത്രിക്കാൻ കഴിയാത്ത ഒരുതരം വിശപ്പായിരുന്നു. അതുകാരണം കിട്ടുന്നതെല്ലാം വാരിവലിച്ച് തിന്ന് വണ്ണം കൂടി; സിനിമയിൽ നിന്ന് മാറി നിൽക്കാനുണ്ടായ കാരണത്തെ കുറിച്ച് നടി നന്ദിനി
ലേലം എന്ന സുരേഷ് ഗോപി ചിത്രത്തിലൂടെ മലയാളത്തിൽ ശ്രദ്ധേയയായ താരമാണ് നടി നന്ദിനി. ജോഷി സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രത്തിൽ ശ്രദ്ധേയമായ പ്രകടനമാണ് നടി കാഴ്ചവെച്ചത്. ലേലത്തിന് പിന്നാലെ അയാൾ കഥയെഴുതുകയാണ്, തച്ചിലേടത്ത് ചുണ്ടൻ, കരുമാടിക്കുട്ടൻ ഉൾപ്പെടെയുളള സിനിമകളിലും നന്ദിനി വേഷമിട്ടു. 1997ലാണ് സുരേഷ് ഗോപിയും നന്ദിനിയും പ്രധാന വേഷങ്ങളിൽ എത്തിയ ലേലം പുറത്തിറങ്ങിയത്.
ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത എപ്രിൽ പത്തൊൻപത് എന്ന ചിത്രത്തിലൂടെയായിരുന്നു നന്ദിനിയുടെ സിനിമാ അരങ്ങേറ്റം. പതിനാറാം വയസിലാണ് നടി സിനിമയിൽ എത്തിയത്. നന്ദിനി എന്ന പേരിലാണ് മലയാളത്തിൽ അറിയപ്പെടുന്നതെങ്കിലും തെലുങ്കിൽ കൗസല്യ എന്ന പേരിലാണ് നടി അഭിനയിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും സജീവമായിരുന്നു നടി. സിനിമാ തിരക്കുകളിൽ നിന്നെല്ലാം മാറി ബാംഗ്ലൂരിൽ സ്വസ്തമായി ജീവിച്ചുവരികയാണ് നടിയിപ്പോൾ.
ഇപ്പോഴിതാ അഭിനയത്തിൽ നിന്നും മാറി നിന്ന കാലഘട്ടത്തെക്കുറിച്ച് നന്ദിനി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധ നേടുന്നത്. ആരോഗ്യ പ്രശ്നങ്ങളാലാണ് താൻ മാറി നിന്നതെന്നും തന്നെ ബാധിച്ച അസുഖത്തെക്കുറിച്ചും നന്ദിനി തുറന്ന് സംസാരിച്ചു. ഞരമ്പിന്റെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഒരുപാട് ഭക്ഷണം കഴിക്കാൻ തുടങ്ങി. നല്ല ഡോക്ടറെ അന്ന് കാണാൻ പറ്റിയില്ല.
നിയന്ത്രിക്കാൻ കഴിയാത്ത ഒരുതരം വിശപ്പായിരുന്നു. അതുകാരണം കിട്ടുന്നതെല്ലാം വാരിവലിച്ച് തിന്ന് വണ്ണം കൂടി. പിന്നെ നിയന്ത്രിക്കാൻ കഴിയാതെ പോയി.ഷൂട്ടിങ് തിരക്കുകളിൽ വിശപ്പ് മാറാൻ ഗ്ലൂക്കോസ് വെള്ളം നിരന്തരം കുടിക്കുമായിരുന്നു. അത് പിന്നീട് വിപരീതമായി ഫലിച്ചു. വിശപ്പ് കൂടി. എന്ത് കഴിച്ചാലും വിശപ്പ് മാറണം എന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ. ജിമ്മിൽ പോയി വർക്കൗട്ട് ചെയ്യാറുണ്ടായിരുന്നു.
പക്ഷെ അത് പ്രോപ്പറായിരുന്നില്ല. ഒരുപക്ഷെ ശരിയായ രീതിയിൽ അല്ലാത്ത ഭക്ഷണ രീതിയും വ്യായാമവുമാണ് ശരീരഭാരം കൂടാൻ കാരണം എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.വണ്ണം കൂടിയപ്പോൾ അമ്മയും അതൊന്ന് നിയന്ത്രിക്കാനായി പറഞ്ഞു. 105 കിലോ വരെ എത്തിയിരുന്നു. പിന്നീട് വിശപ്പ് കൺട്രോൾ ചെയ്യുന്നതിന് ട്രീറ്റ്‌മെന്റ് എടുത്തു. ഭക്ഷണത്തിൽ ക്രമീകരണം വന്നപ്പോൾ തന്നെ, വ്യായാമം ഇല്ലാതെ വണ്ണം കുറച്ചെടുക്കാൻ സാധിച്ചു. ഇപ്പോൾ ഭക്ഷണത്തിന്റെ കാര്യത്തിൽ കൃത്യമായ അളവ് വച്ചിട്ടുണ്ട് എന്നും അതിലധികം ഒരിക്കലും കഴിക്കില്ല എന്നും നന്ദിനി പറയുന്നു.
ഇപ്പോൾ ഭക്ഷണത്തിന്റെ കാര്യത്തിൽ കൃത്യമായ അളവ് വച്ചിട്ടുണ്ട്. അതിലധികം ഒരിക്കലും കഴിക്കില്ല.മുഖത്ത് പ്രായം തോന്നാതിരിക്കാൻ മെഡിസിൻ എടുക്കുന്നുണ്ട് എന്നും നന്ദിനി വെളിപ്പെടുത്തുന്നു. അതല്ലാതെ മറ്റൊരു സ്‌കിൻ കെയറുറും എടുക്കുന്നില്ല. സോപ്പ് ഉപയോഗിച്ചാണ് മുഖം കഴുകുന്നത്. മുടി സംരക്ഷിക്കുന്നതിനായി ഹോമിയോപതി മെഡിസിൻസും എടുക്കുന്നുണ്ടത്രെ.
അതേസമയം ഇപ്പോഴും അവിവാഹിതയായി തുടരുന്നതിനെക്കുറിച്ചും നന്ദിനി സംസാരിച്ചു. വിവാഹത്തിനെതിരല്ല ഞാൻ. വിവാഹം മനോഹരമാണ്. ജീവിതത്തിൽ ഞാൻ ഒരുപാട് ചിന്തകളിലൂടെ കടന്ന് പോയി. വിവാഹം ചെയ്ത് ജീവിക്കാൻ പറ്റുന്ന ആളല്ലെന്ന് ഞാൻ ഒരു ഘട്ടത്തിൽ കരുതി. അനുയോജ്യനായ പങ്കാളിയെ കിട്ടില്ലെന്നായി പിന്നീടുള്ള ചിന്ത. ഒരാളെ പ്രണയിച്ചിരുന്നു. പക്ഷെ പിരിയേണ്ടി വന്നു.
മാതാപിതാക്കളോടൊപ്പം ജീവിക്കാമെന്ന് പിന്നീട് കരുതി. മാതാപിതാക്കളോട് എനിക്ക് വലിയ അടുപ്പമുണ്ട്. വിവാഹം ചെയ്താൽ ഭർത്താവിന്റെ വീട്ടുകാരോട് ഞാൻ എങ്ങനെയായിരിക്കും എന്നറിയില്ല. ഇത്തരം ചിന്തകൾ റിലേഷൻഷിപ്പുകളിലേയ്ക്ക് കടക്കാൻ പോലും എന്നെ അനുവദിച്ചില്ല. പിന്നീട് അസുഖം വന്നു. അതോടെ ഇടവേളയെടുക്കേണ്ടി വന്നു. പിന്നീട് തിരിച്ച് വന്നു. അപ്പോൾ ചെയ്ത സിനിമകളിൽ താൻ തൃപ്തായിരുന്നില്ല എന്നും താരം പറയുന്നു.