Malayalam
നടി ആക്രമിക്കപ്പെട്ട സംഭവം; കേസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും
നടി ആക്രമിക്കപ്പെട്ട സംഭവം; കേസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ സംഘങ്ങൾ ആദ്യം പിടിയിലായ കേസിൽ മാസങ്ങൾ പിന്നിട്ടപ്പോഴാണ് ദിലീപിന്റെ പേര് ഉയർന്നു കേട്ടത്. പിന്നാലെ നടന്റെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു. 88 ദിവസത്തോളം ജയിലിൽ കഴിഞ്ഞതിന് ശേഷമായിരുന്നു നടൻ ദിലീപിന് ജാമ്യം ലഭിച്ചത്. കർശന വ്യവസ്ഥകളോടെയായിരുന്നു ഹൈക്കോടതി ജാമ്യം നൽകിയത്.
കേസിൽ ദിലീപിന്റെ വിധിയെന്താകും എന്ന് അറിയാൻ ഇനി നാളുകൾ മാത്രം ആണ് അവശേഷിക്കുന്നത്. കേസിന്റെ അന്തിമ വിചാരണ കഴിഞ്ഞ മാസം പൂർത്തിയായിരുന്നു. വേനലവധിക്ക് ശേഷം ഇന്ന് കോടതി വീണ്ടും കേസ് പരിഗണിക്കും. പ്രതിഭാഗം അന്തിമവാദം സംബന്ധിച്ച് കൂടുതൽ മറുപടി നൽകാൻ ഉണ്ടെന്നും അതിനാൽ സമയം വേണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.
ഇക്കാര്യമാകും കോടതി പരിശോധിക്കുക. കോടതി കൂടുതൽ സമയം അനുവദിക്കുകയാണെങ്കിൽ പ്രോസിക്യൂഷന് തങ്ങളുടെ ഭാഗം കൂടുതലായി കോടതിയിൽ അവതരിപ്പിക്കാൻ സാധിക്കും. ഇത് കൂടി കഴിഞ്ഞതിന് ശേഷമായിരിക്കും വിധി പ്രഖ്യാപനം ഉണ്ടാകുക എന്നാണ് വിവരം. നീണ്ട ഏഴ് വർഷങ്ങൾക്ക് ശേഷമാണ് കേസിലെ അന്തിമ വിചാരണ പൂർത്തിയാക്കിയത്. പല ഘട്ടങ്ങളിലും വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി അടക്കമുള്ള മേൽക്കോടതികൾ വിചാരണ കോടതിക്ക് നിർദ്ദേശം നൽകിയിരുന്നെങ്കിലും വിചാരണ നീണ്ടുപോകുകയായിരുന്നു.
ഇതിനിടയിൽ കേസിൽ ദിലീപിനും കൂട്ടർക്കുമെതിരെ വീണ്ടും ഗുരുതര വെളിപ്പെടുത്തലുകളുമായി സംവിധായകൻ ബാലചന്ദ്രകുമാർ രംഗത്തെത്തി. ദിലീപിനേയും പൾസർ സുനിയേയും താൻ ഒരുമിച്ച് കണ്ടിട്ടുണ്ടെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ പ്രധാന ആരോപണം. ദിലീപിന്റേത് എന്ന് അവകാശപ്പെട്ടുകൊണ്ടുള്ള നിരവധി മൊബൈൽ സംഭാഷണ ശകലങ്ങളും ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.
ഇതോടെ കേസിൽ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടിരുന്നു. അതിനിടെ കേസിലെ സുപ്രധാന തെളിവായ മെമ്മറി കാർഡ് കോടതിയുടെ പരിഗണനയിലിരിക്കെ പരിശോധിക്കപ്പെട്ടുവെന്ന കണ്ടത്തലും വിവാദമായി. മൂന്ന് തവണ മെമ്മറി കാർഡ് പരിശോധിച്ചിരുന്നുവെന്നാണ് കണ്ടെത്തിയിരുന്നത്.
അതേസമയം, ഏകദേശം 60 ഓളം ഹർജികളാണ് ദിലീപ് കോടതികളിൽ നൽകിയത്. കോടതിയിലുള്ള തന്റെ പാസ്‌പോർട്ട് വിട്ടുകിട്ടാൻ മാത്രം പത്തോളം ഹർജികളാണ് നടൻ നൽകിയത്. വീഡിയോ ക്ലിപ്പിലെ ശബ്ദം പരിശോധിക്കാൻ, ഇരയുടെ സാക്ഷിവിസ്താരം മാറ്റിവയ്ക്കാൻ, മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിക്കുന്നതിനെതിരെ നൽകിയ ഹർജി, രേഖകളുടെ കൂടുതൽ പകർപ്പിനു വേണ്ടിയുള്ള ഹർജി, വിചാരണ നീട്ടിവയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി, ഏറ്റവും ഒടുവിലായി സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയും ദിലീപ് കോടതിയിൽ സമർപ്പിച്ചു.
ഇതിൽ തന്നെ പല ഹർജികളിലും കനത്ത തിരിച്ചടിയാണ് ദിലീപ് കോടതികളിൽ നിന്നും നേരിട്ടത്. പ്രതിക്ക് എങ്ങനെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെടാനാകുകയെന്ന ചോദിച്ചുകൊണ്ടായിരുന്നു അവസാനം നടൻ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ട് കോടതി ചോദിച്ചത്. അടുത്തിടെ ഒരു ചാനൽ നടത്തിയ ഒളി ക്യാമറ ഓപ്പറേഷനിൽ പൾസർ സുനി വെളിപ്പെടുത്തിയ കാര്യങ്ങളും വലിയ രീതിയിൽ ചർച്ചയായിരുന്നു.
നടിയെ ആ്രമിക്കാനായി ദിലീപ് നൽകിയത് ഒന്നരക്കോടിയുടെ ക്വട്ടേഷൻ ആണെന്ന് ആണ് സുനി പറയുന്നത്. ഇനി തനിയ്ക്ക് 80 ലക്ഷം രൂപയോളം കിട്ടാനുണ്ടെന്നും പൾസർ സുനി അവകാശപ്പെടുന്നു. എന്തുകൊണ്ടാണ് ദിലീപ് ഇത്തരമൊരു ക്വട്ടേഷനിലേക്ക് നീങ്ങിയതെന്നും മാധ്യമപ്രവർത്തകനോട് പൾസർ സുനി പറയുന്നുണ്ട്. അതോടൊപ്പം തന്നെ കേസിലെ നിർണ്ണായക തെളിവായി മാറിയേക്കാവുന്ന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണും മെമ്മറി കാർഡും സുരക്ഷിതമായിരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ അത് എവിടെയാണെന്ന് തുറന്ന് പറയാൻ പൾസർ സുനി തയ്യാറായില്ല. മെമ്മറി കാർഡിലെ ദൃശ്യങ്ങളുടെ ഒന്നിലേറെ പകർപ്പുകൾ എടുത്തിട്ടുണ്ടെന്ന നിർണ്ണായക വെളിപ്പെടുത്തലും ഒന്നാം പ്രതി നടത്തുന്നുണ്ട്.
പകർപ്പുകൾ പൊലീസിന്റെ കൈവശമുണ്ടെങ്കിലും യഥാർത്ഥ മെമ്മറി കാർഡ് കണ്ടെത്താൻ പൊലീസിന് സാധിച്ചിരുന്നില്ല. വിചാരണ അവസാനഘട്ടത്തിൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ പൾസർ സുനിയുടെ വെളിപ്പെടുത്തൽ പ്രോസിക്യൂഷന് സഹായകരമാകുന്ന തെളിവായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. തന്നെ ആക്രമിക്കരുതെന്ന് നടി കരഞ്ഞ് പറഞ്ഞിരുന്നുവെന്ന വെളിപ്പെടുത്തലും സുനിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. എന്താണ് സംഭവിക്കാൻ പോകുന്നതെന്നതിനെക്കുറിച്ച് അതിജീവിതയ്ക്ക് അറിയാമായിരുന്നു.
തന്നെ ആക്രമിക്കാതിരുന്നാൽ എത്ര പണം വേണമെങ്കിലും നൽകാമെന്ന് നടി പറഞ്ഞു. എന്നാൽ അതിന് ഞാൻ തയ്യാറായില്ല. ആ പണം വാങ്ങിയിരുന്നെങ്കിൽ ഇന്നിപ്പോൾ ജയിലിൽ പോകാതെ സുഖമായി കഴിയാമായിരുന്നു. എന്നാൽ അതിലും വലിയ ഓഫർ ക്വട്ടേഷൻ നൽകിയവർ തന്നു. സ്വാഭാവികമായ ദൃശ്യങ്ങൾ എടുക്കാൻ സമ്മതിച്ചില്ലെങ്കിൽ ഫ്ലാറ്റിൽ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും പൾസർ സുനി പറയുന്നു.
നടിയെ ബലാത്സംഗം ചെയ്യാൻ ഒന്നരക്കോടിയുടെ ക്വട്ടേഷനാണ് ദിലീപ് നൽകിയത്. ബലാത്സംഗം പകർത്താനും നിർദേശിച്ചു. എന്താണ് ചെയ്യാൻ ഉദ്ദേശിച്ചത് എന്ന് അതിജീവിതയ്ക്ക് അറിയാം. അതിക്രമം ഒഴിവാക്കാൻ എത്രകാശും തരാമെന്ന് അതിജീവിത പറഞ്ഞു. ആ പണം വാങ്ങിയിരുന്നെങ്കിൽ ജയിലിൽ പോകാതെ രക്ഷപ്പെടാമായിരുന്നു. തന്റെ കുടുംബം തകർത്തതിലെ വൈരാഗ്യമായിരുന്നു ദിലീപിന്. അക്രമം നടക്കുമ്പോൾ ഞാൻ ദിലീപിന്റെ നിരീക്ഷണത്തിലായിരുന്നു. ഏതാണ്ട് രണ്ട് മണിക്കൂർ നേരമാണ് നടിയെ മാനസികമായു ശാരീരികമായും ഉപദ്രവിച്ചത്.
പലതവണ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തി. ബലാത്സംഗത്തിലൂടെ അതിജീവിതയെ പൂട്ടുകയായിരുന്നു ലക്ഷ്യമെന്നുമാണ് പൾസർ സുനി വെളിപ്പെടുത്തിയിരിക്കുന്നത്. 2017ലാണ് കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം നടക്കുന്നത്. എന്നാൽ ഈ 2017 ന് മുമ്പും സമാനമായ രീതിയിലുള്ള കൃത്യം ചെയ്തിട്ടുണ്ടെന്നാണ് പൾസർ സുനി പറയുന്നത്. എന്നാൽ അവർ ആരും കേസിന് പോയില്ല. എല്ലാം ഒത്തുതീർപ്പിൽ എത്തുകയായിരുന്നു. അതൊന്നും ദിലീപ് പറഞ്ഞിട്ടായിരുന്നില്ല. എന്നാൽ ഈ കാര്യങ്ങളൊക്കെ നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയായ ദിലീപ് അടക്കമുള്ള പലർക്കും അറിയാമായിരുന്നുവെന്നും പൾസർ സുനി സമ്മതിക്കുന്നുണ്ട്.
ഏതാനും മാസങ്ങൾക്ക് മുമ്പായിരുന്നു പൾസർ സുനി ജയിൽ മോചിതനാകുന്നത്. പൾസർ സുനിക്ക് കർശന വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. വിചാരണ കോടതിയാണ് പൾസർ സുനിക്ക് ജാമ്യം അനുവദിച്ചത്. എറണാകുളം ജില്ല വിട്ട് പോകരുത്, മാധ്യമങ്ങളോട് സംസാരിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, ഒരു സിമ്മിൽ കൂടുതൽ ഉപയോഗിക്കരുത്, സിം വിവരങ്ങൾ കോടതിയിൽ ഹാജരാക്കണം, ഒരു ലക്ഷം രൂപയുടെ ബോണ്ട് നൽകണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് പൾസർ സുനിക്ക് കോടതി ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ ഏഴര വർഷമായി പൾസർ സുനി ജയിലിൽ കഴിയുകയാണെന്നും കേസിലെ വിചാരണ ഇപ്പോഴൊന്നും തീരാൻ സാധ്യതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പൾസർ സുനിക്ക് ജാമ്യം നൽകുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന് സർക്കാർ വാദിച്ചു. എന്നാൽ സുപ്രീം കോടതി പൾസർ സുനിക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.
ജാമ്യം തേടി 10 തവണയാണ് സുനി മേൽക്കോടതിയെ സമീപിച്ചത്. ആറ് തവണ ഹൈക്കോടതിയിലും 4 തവണ സുപ്രീം കോടതിയിലും ഹർജി നൽകി. ഈ സമയത്തെല്ലാം സുനിക്ക് വേണ്ടി ഹാജരായത് പ്രമുഖരായ അഭിഭാഷകരായിരുന്നു. നേരത്തെ തുടർച്ചയായി ജാമ്യഹർജി ഫയൽ ചെയ്തതിന് സുനിയ്ക്ക് ഹൈക്കോടതി 25,000 രൂപ പിഴ ചുമത്തിയിരുന്നു. ഒരു ജാമ്യഹർജി തള്ളി മൂന്ന് ദിവസം കഴിഞ്ഞപ്പോൾ വീണ്ടും ജാമ്യഹർജി ഫയൽ ചെയ്തതിനാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പിഴ ചുമത്തിയത്. തുടർച്ചയായി ജാമ്യഹർജി ഫയൽ ചെയ്യാൻ സാമ്പത്തിക സഹായവുമായി ആരോ കർട്ടന് പിന്നിൽ ഉണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.
ഏഴ് വർഷമായി ജയിലിൽ കഴിയുന്ന പ്രതി വിവിധ അഭിഭാഷകർ വഴി ഹൈക്കോടതിയിൽ മാത്രം 10 തവണയാണ് ജാമ്യഹർജി ഫയൽ ചെയ്തത്. രണ്ട് തവണ സുപ്രീംകോടതിയേയും സമീപിച്ചിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. വർഷങ്ങളായി ജയിലിൽ കഴിയുന്ന പ്രതി ലീഗൽ സർവീസ് അതോറിറ്റിയുടെ സഹായത്തോടെയല്ല ജാമ്യഹർജി ഫയൽ ചെയ്യുന്നത്. സ്വന്തമായി നിയോഗിച്ചിരിക്കുന്ന അഭിഭാഷകർ വഴിയാണെന്നതും കോടതി ചൂണ്ടിക്കാട്ടുന്നുണ്ട്.
പ്രതിയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ടില്ലെന്നും മറ്റാരോ പിന്നിൽ ഉണ്ടെന്നുമാണ് ഇത് സൂചിപ്പിക്കുന്നതെന്നും കോടതി പറഞ്ഞു. നടിയെ ആക്രമിച്ച സംഭവത്തിന് പിന്നിൽ തന്നെ ഗൂഢാലോചനയുണ്ടെന്ന ആരോപണം ഉണ്ടെന്നതും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഒരു ജാമ്യഹർജി തള്ളിയാൽ സാഹചര്യങ്ങളിൽ എന്തെങ്കിലും മാറ്റം ഉണ്ടെങ്കിലേ വീണ്ടും ജാമ്യഹർജി ഫയൽ ചെയ്യാവൂ എന്നാണ് നിയമം. പൾസർ സുനി ഏപ്രിൽ 16ന് ഫയൽ ചെയ്ത ജാമ്യഹർജി മേയ് 20ന് തള്ളിയിരുന്നു. ഇതിന് പിന്നാലെ മേയ് 23ന് വീണ്ടും ജാമ്യഹർജി ഫയൽ ചെയ്തതാണ് കോടതിയെ ചൊടിപ്പിച്ചത്.
അമിക്കസ് ക്യൂറിയെ നിയോഗിച്ച് വിഷയം പരിശോധിച്ചാണ് പിഴ ചുമത്തിയിരിക്കുന്നത്. ഒരു മാസത്തിനുള്ളിൽ ലീഗൽ സർവീസ് അതോറിറ്റിയ്ക്ക് പിഴ തുക അടയ്ക്കാനും നിർദേശിച്ചിട്ടുണ്ട്. സുപ്രീം കോടതിയിൽ, ഷീന ബോറ വധക്കേസിൽ ഇന്ദ്രാണി മുഖർജിയ്ക്ക് വേണ്ടി ഹാജരാകുന്ന മുംബൈയിലെ പ്രമുഖ അഭിഭാഷകയായ സന റഈസ് ഖാൻ ആണ് പൾസർ സുനിയ്ക്ക് വേണ്ടി എത്തിയിരുന്നത്.
സുനിയ്ക്ക് വേണ്ടി സന റഈസ് ഖാൻ ഹാജരായി എന്നുള്ള വാർത്ത വന്നതിന് പിന്നാലെ നിരവധി പേരാണ് അതിനെ കുറിച്ച് പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നത്. കേസ് നടത്താൻ പോലും പൈസയില്ലെന്ന് പറയുന്ന പൾസർ സുനിയ്ക്ക് വേണ്ടി ഇത്രയും പ്രമുഖ അഭിഭാഷക എങ്ങനെ ഹാജരായി എന്നായിരുന്നു എല്ലാവരുടെയും സംശയം. സുനിയ്ക്ക് പിന്നിൽ ഏതോ വമ്പൻ ശക്തിയുണ്ടെന്നും എന്നാൽ അത് ദിലീപ് ആകാൻ സാധ്യതയില്ലെന്നുമൊക്കെയായിരുന്നു അന്നത്തെ സോഷ്യൽ മീഡിയ സംശയങ്ങൾ. ഇന്നും പലരും ഇതേ സംശയങ്ങൾ ഉന്നയിക്കുന്നുണ്ട്.
ജാമ്യത്തിൽ ഇറങ്ങിയ ശേഷം ആഡംബര കാറിലായിരുന്നു സുനിയുടെ സഞ്ചാരം. എറണാകുളം സ്വദേശിയുടെ പേരിലുള്ളതാണ് ഈ കാർ. ഇത് പണയത്തിന് എടുത്തതാണ് എന്നാണ് ഹോട്ടൽ അതിക്രമ കേസിൽ അറസ്റ്റിലായ സുനി പൊലീസിന് നൽകിയിരിക്കുന്ന മൊഴിയിൽ പറഞ്ഞിരിക്കുന്നത്.
രണ്ടര ലക്ഷം രൂപ പണയത്തിനാണ് കാർ വാടകയ്ക്ക് എടുത്തത്. ഇതിന് വേണ്ടി അമ്മയെ കൊണ്ട് ലോൺ എടുപ്പിച്ചു എന്നാണ് സുനി പറയുന്നത്. പുറത്തിറങ്ങിയ ശേഷം സുനി കൂടുതലും വാട്‌സാപ്പ് കോളുകളാണ് ചെയ്തിരുന്നത് എന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പൾസർ സുനിയുടെ പണമിടപാട് സംബന്ധിച്ച വിശദാംശങ്ങളും പൊലീസ് അന്വേഷിക്കുമെന്ന് വാർത്തകളുണ്ടായിരുന്നു.
