Malayalam
ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെടുത്തില്ല, സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് കോടതിയിൽ; പ്രതി എങ്ങനെയാണ് ആവശ്യപ്പെടുകയെന്ന് കോടതി
ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെടുത്തില്ല, സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് കോടതിയിൽ; പ്രതി എങ്ങനെയാണ് ആവശ്യപ്പെടുകയെന്ന് കോടതി
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ സംഘങ്ങൾ ആദ്യം പിടിയിലായ കേസിൽ മാസങ്ങൾ പിന്നിട്ടപ്പോഴാണ് ദിലീപിന്റെ പേര് ഉയർന്നു കേട്ടത്. പിന്നാലെ നടന്റെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു. ഇപ്പോൾ കേസിലെ വിചാരണ നടപടികൾ അവസാന ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്.
കേസിൽ എത്രയും പെട്ടെന്ന് വിധി പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. അതിനിടയിൽ ഇപ്പോഴിതാ കേസിലെ പ്രതിയായ ദിലീപിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഹൈക്കോടതി. കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് നടനെതിരെ കോടതി രൂക്ഷമായി പ്രതികരിച്ചത്. നടി ആക്രമിക്കപ്പെട്ട കേസിന്റെ യഥാർത്ഥ വസ്തുതയും കേസ് രജിസ്റ്റർ ചെയ്യാൻ കാരണമായ ഗൂഢാലോചനയും വെളിച്ചത്ത് കൊണ്ടുവരാൻ നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നും അതിന് സി ബി ഐ വരണമെന്നുമാണ് ദിലീപിന്റെ വാദം.
കേസിൽ 2017 ഏപ്രിലിൽ തന്നെ കുറ്റപത്രം സമർപ്പിച്ചിട്ടും ലൈംഗികാതിക്രമം പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെടുത്തില്ലെന്നും ഇത് കണ്ടെത്തുന്നതിനായി തുടരന്വേഷണം വേണമെന്നും കോടതിയിൽ ദിലീപ് വാദിച്ചു. എന്നാൽ കേസിൽ പ്രതിയായ ഒരാൾക്ക് സി ബി ഐ അന്വേഷണം എങ്ങനെയാണ് ആവശ്യപ്പെടാൻ സാധിക്കുകയെന്നാണ് കോടതി ചോദിച്ചത്. നിങ്ങൾ ഈ റിട്ട് ഹർജി വിചാരണയ്ക്കുള്ള പ്രതിരോധമായി ഉപയോഗിക്കുന്നുവെന്നും കോടതി പറഞ്ഞു. കേസ് പല ആവർത്തി മാറ്റിവെച്ചെന്നത് കോടതി നിരീക്ഷിച്ചു. അന്തിമ വാദം കേൾക്കലിനായി കേസ് ഏപ്രിൽ 7 ലേക്ക് മാറ്റിവെച്ചു.
നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. 2017 ജൂലൈ 10 നായിരുന്നു നടൻ ദിലീപ് അറസ്റ്റിലാകുന്നത്. ഗൂഢാലോചന കുറ്റം ചുമത്തിയായിരുന്നു ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ദിലീപിനെതിരെ 19 തെളിവുകളുണ്ടെന്നായിരുന്നു അന്ന് പോലീസ് പറഞ്ഞത്. അറസ്റ്റിന് പിന്നാലെ ജാമ്യം ലഭികുമെന്ന് ദിലീപ് പ്രതീക്ഷിച്ചെങ്കിലും 85 ദിവസങ്ങളോളം ജയിലിൽ കിടക്കേണ്ടി വന്നു. ഒടുവിൽ ഒക്ടോബർ 3 നായിരുന്നു ദിലീപിന് ജാമ്യം ലഭിച്ചത്.
അന്ന് മുതൽ കേസുമായി ബന്ധപ്പെട്ട് മജിസ്ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമായി 50 ന് മുകളിൽ ഹർജികളാണ് നൽകിയത്. ലക്ഷങ്ങൾ ഫീസായി നൽകി ഇന്ത്യയിലെ തന്നെ പ്രബലരായ വക്കീലൻമാരെ നിയോഗിച്ചായിരുന്നു ദിലീപ് ഈ ഹർജികളെല്ലാം സമർപ്പിച്ചത്. ആദ്യം നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങൾ ആവശ്യപ്പെട്ടും , രേഖകൾ ആവശ്യപ്പെട്ടുമെല്ലാം ദിലീപ് ഹർജികൾ നൽകി. പിന്നീട് പ്രതിപട്ടികയിൽ നിന്നും ഒഴിവാക്കണമെന്നും കുറ്റവിമുക്തമാക്കണമെന്നും ആവശ്യപ്പെട്ടാണ് കോടതിയിലെത്തിയത്. ഈ വിടുതൽ ഹർജി പിന്നീട് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ദിലീപ് പിൻവലിക്കുകയായിരുന്നു.
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലും തുടർന്ന് കേസിൽ തുടരന്വേഷണം നടത്താനുള്ള തീരുമാനത്തിനെതരേയും ദിലീപ് കോടതിയിലെത്തിയിരുന്നു. കേസിൽ വിചാരണ വൈകുന്നുവെന്ന് ആരോപിച്ചടക്കം ദിലീപ് ഹർജി നൽകിയിട്ടുണ്ട്. എന്നാൽ ഇതെല്ലാം ദിലീപിന്റെ തന്ത്രങ്ങൾ മാത്രമാണെന്നും വിചാരണ വൈകുന്നുവെന്ന് ആരോപിച്ചുള്ള ഹർജിയടക്കം മനപ്പൂർവ്വം കേസ് വൈകിപ്പിക്കാനുള്ള നടന്റെ ശ്രമങ്ങളുടെ ഭാഗമാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. തുടരെ തുടരെയുള്ള ഹർജികളിൽ അതിജീവിതയും നടനെതിരെ രംഗത്തെത്തിയിരുന്നു.
കുറച്ച് നാളുകൾക്ക് മുമ്പ്, ഈ കേസിൽ ദിലീപ് കുറ്റവിമുക്തനാകുമെന്ന് ആവർത്തിച്ച് രാഹുൽ ഈശ്വരും രംഗത്തെത്തിയിരുന്നു. ദിലീപ് എന്ന് പറയുന്നത് മലയാള സിനിമയിലെ ഏറ്റവും നല്ല ഓർഗനൈസർ ആണ്. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരൊക്കെ ഒരു അൺടച്ചബിൾ ലെവലാണ്. ദിലീപ് എന്ന വ്യക്തിയാണ് എല്ലാവർക്കും ആക്സസ് ഉള്ള നടൻ. പല താരങ്ങൾക്കും ദിലീപേട്ടൻ അവസരം നൽകിയിട്ടുണ്ട്. മലർവാടി ആർട്സ് ക്ലബിലൂടെ വന്ന നടൻമാരെ ഉൾപ്പെടെയുള്ളവരെ ദിലീപേട്ടനല്ലേ പിന്തുണച്ചത്. ദിലീപ് നൻമയുള്ള നടനാണ്.
അദ്ദേഹത്തിന്റെ നൻമ കൊണ്ടല്ല അദ്ദേഹത്തെ പിന്തുണയ്ക്കുന്നത്, ആ കേസിൽ നീതി ദിലീപിന്റെ ഭാഗത്തായത്. കൊണ്ടാണ്. ദിലീപേട്ടൻ ശത്രുത പുലർത്തുന്ന ആളാണെന്നൊക്കെ ചിലർ പറയാറുണ്ട്. എനിക്ക് അത് അറിയില്ല, പക്ഷെ അദ്ദേഹത്തിന്റെ നൻമ, പോസിറ്റിവിറ്റിയൊക്കെ മറന്ന് കൊണ്ട് പോലീസുകാർ എഴുതിവെച്ച കള്ളക്കഥ ഉപയോഗിച്ച് അദ്ദേഹത്തെ ടാർഗറ്റ് ചെയ്യുന്നത് ശരിയല്ല.
എന്തൊക്കെ കള്ളങ്ങളാണ് ദിലീപിനെതിരെ പ്രചരിപ്പിച്ചത്. എന്തായാലും വൈകാതെ കേസിൽ വിധി വരും. ഹണി എം വർഗീസ് എന്ന വനിത ജഡ്ജാണ് കേസ് കേൾക്കുന്നത്. ചുറ്റും നിന്ന് മാധ്യമങ്ങൾ അവരെ വെടിവെച്ചിട്ടും ചീത്തപറഞ്ഞിട്ടും അവർ നീതിയുടേയും ന്യായത്തിന്റേയും പക്ഷത്താണ് നിന്നത്. ഇല്ലെങ്കിൽ ദിലീപിന് നീതി കിട്ടില്ലായിരുന്നു. ഒരു പുരുഷ ജഡ്ജായിരുന്നുവെങ്കിൽ തളർന്ന് പോയേനെ.
ഒരു ഘട്ടത്തിൽ ഹണി എം വർഗീസിന് പറയേണ്ടി വന്നിട്ടുണ്ട്, ഈ കേസിൽ എന്റെ 12 വയസുള്ള മകളെ ഒഴിച്ച് എല്ലാവരേയും ചാനലുകാർ അപമാനിച്ചെന്ന്. ഒരു ജഡ്ജിക്കാണ് ഇത്തരത്തിൽ കോടതിയിൽ വെച്ച് പറയേണ്ടി വന്നത്. കേസിന് മെറിറ്റ് ഇല്ലാത്തത് കൊണ്ട് ഇമോഷണലി ബ്ലാക്ക്മെയിൻ ചെയ്ത് കേസ് ജയിക്കാനാണ് വാദി ഭാഗം നോക്കുന്നത്.
അതീജീവിതയെ എതിർഭാഗം അഭിഭാഷകർ ചോദ്യം ചെയ്ത് പീഡിപ്പിച്ചുവെന്നൊക്കെയാണ് പറഞ്ഞത്. കോടതിയിലാകുമ്പോൾ സ്വാഭാവികമല്ലേ. ഇൻ ക്യാമറ പ്രൊസീഡിങ്സ് ആദ്യം ആവശ്യപ്പെട്ടത് അതിജീവിതയാണ്. പിന്നീടത് വേണ്ടെന്ന് പറഞ്ഞു. സുപ്രീം കോടതി വരെ അതിജീവിത പോയില്ലേ, എന്നിട്ടും എല്ലാവരും പോയിന്റ് ചെയ്തത് ദിലീപിന്റെ ഭാഗത്താണ് ന്യായം എന്നാണ്.
ഒരു സമയത്ത് പറഞ്ഞത് ദിലീപ് 2016 ൽ ഉപയോഗിച്ച ഫോൺ കൊടുത്തോ എന്നാണ്. നമ്മുടെ കൈയ്യിൽ പോലും ഇല്ല. ദിലീപ് ഇത് ഒളിപ്പിച്ചു, മറച്ചുവെച്ചു, എന്ന് പറഞ്ഞ് കഥയുണ്ടാക്കി. കേസിന്റെ ക്ലൈമാക്സ് ഒരു സംശയവുമില്ല, രാമലീല എന്ന സിനിമയിൽ ദിലീപിന്റെ കഥാപാത്രം തിരിച്ചുവന്നത് പോലെ നായകനായി അഗ്നിശുദ്ധി തെളിയിച്ച് അദ്ദേഹം തിരിച്ചുവരും. ദിലീപിനെ കുറച്ചെങ്കിലും സംശയിച്ച മലയാളികൾ അത് മറന്ന് കൈയ്യടിയോടെ അദ്ദേഹത്തെ സ്വീകരിക്കണം എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഈ കേസിൽ ദിലീപിനെതിരായ ഒരു തെളിവ് പോലും കണ്ടെത്താൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ലെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. ഗ്രൂപ്പിലിട്ട് തട്ടാൻ’ ദിലീപ് തീരുമാനിച്ചു എന്നായിരുന്നല്ലോ ബാലചന്ദ്രകുമാർ പറഞ്ഞിരുന്നത്. ബാലചന്ദ്രകുമാർ നമ്മളെ വിട്ടു പിരിഞ്ഞു പോയി, അവസാന കാലം വരെ അദ്ദേഹത്തെ ഞാൻ ബഹുമാനിച്ചിട്ടേയുള്ളു.
ആശയപരമായി ഞങ്ങൾക്ക് ഇടയിൽ വ്യത്യാസം ഉണ്ടെങ്കിലും വ്യക്തിപരമായി ബഹുമാനം കാത്തുസൂക്ഷിച്ചിരുന്നു. അദ്ദേഹം അടക്കമുള്ളവർ വന്നാണ് ഗ്രൂപ്പിലിട്ട് തട്ടും എന്ന കാര്യം പറഞ്ഞത്. ആ നാല് പൊലീസുകാരെ കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ ആർക്കും ദണ്ണം ഇല്ലേ എന്നും രാഹുൽ ചോദിച്ചിരുന്നു.
ഈ കേസിന് പിന്നിലൊരു മാഡമുണ്ട്, കാവ്യാ മാധവനാണ് മാഡം എന്നതായിരുന്നു അന്നത്തെ പ്രചാരണം. ഒരാഴ്ച മുഖ്യധാരാ മാധ്യമങ്ങളിൽ കാവ്യയാണോ മാഡം എന്ന് ചർച്ച ചെയ്തു. പാവം കാവ്യ. കാവ്യയെ ഒരു തവണയെങ്കിലും ജീവിതത്തിൽ കണ്ട് സംസാരിച്ചിട്ടുളളവർ അങ്ങനെ പറയില്ല.
ഇതിന്റെയെല്ലാം പിന്നിൽ കാവ്യയാണ് എന്നായിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ അതിന്റെ ഗും പോയി, കാവ്യയുടെ അമ്മയാണോ മാഡം എന്നും പറഞ്ഞ് ചർച്ച ചെയ്തു. എന്തൊക്കെയാണ് ആ കുടുംബത്തോട് നമ്മൾ ചെയ്തത്. ദിലീപ് എന്ത് തെറ്റ് ചെയ്തു എന്നാണ് പറയുന്നത്. എന്തിനാണ് ദിലീപ് ഈ അതിജീവിതയെ കുടുക്കുന്നത്.
പോലീസ് പറയുന്നത് ദിലീപും മഞ്ജു വാര്യരും തമ്മിലുളള വിവാഹം തകരാനും പിന്നീട് ദിലീപ് കാവ്യയെ വിവാഹം കഴിക്കാനും ഉളള കാരണം ഈ അതിജീവിതയാണ് എന്നാണ്. അങ്ങനെയുളള ഒരു വ്യക്തിയെ എന്തിനാണ് കാവ്യ കുടുക്കുന്നത്. എന്തെങ്കിലും ലോജിക് വേണ്ടേ. കാവ്യയാണ്, കാവ്യയുടെ അമ്മയാണ് കുടുക്കിയത് എന്നൊക്കെ ആൾക്കാർക്ക് കഥയുണ്ടാക്കാൻ ഒരു മടിയും ഇല്ല.
പോലീസുകാർ മനപ്പൂർവം കഥയുണ്ടാക്കിയതാണ്. ബാലചന്ദ്ര കുമാർ മരിച്ച് പോയി. അദ്ദേഹത്തെ കുറിച്ച് ഒന്നും പറയുന്നില്ല. ആശയപരമായി വിയോജിപ്പ് ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിന് വയ്യാതെ കിടന്നപ്പോൾ താൻ വിളിച്ചിരുന്നു. എന്തൊക്കെ കഥകളായിരുന്നു. ഗ്രൂപ്പിലിട്ട് തട്ടാൻ തീരുമാനിച്ചു എന്നൊക്കെ. ഓഡിയോ അവിടുന്നു ഇവിടുന്നുമായി കട്ട് ചെയ്ത് ഒരാളുടെ ശബ്ദശകലമുണ്ടാക്കുന്നതിന് എന്താണ് ബുദ്ധിമുട്ട്.
ദിലീപ് ബാലചന്ദ്രകുമാറിന്റെ ഒരു സിനിമ ചെയ്യാൻ ഉദ്ദേശിച്ചിരുന്നു. ദിലീപ് അതിൽ നിന്ന് പിന്മാറി. ബാലചന്ദ്ര കുമാർ കുറേ പേരുടെ കയ്യിൽ നിന്ന് പണം വാങ്ങിയിട്ടുണ്ടായിരുന്നു. പുള്ളി ദിലീപിനെ വിളിച്ച് പറഞ്ഞു, അവരോടൊക്കെ പറയണം തന്റെ സിനിമ ചെയ്യും അതിനൊരു സമയം വേണം എന്ന്. ദിലീപ് അത് പറ്റില്ലെന്ന് പറഞ്ഞു. ഈ ദേഷ്യം തീർക്കാനാണ് പുളളി വന്നതെന്നുമാണ് രാഹുല് ഈശ്വർ പറഞ്ഞത്.
അതേസമയം, ഈ കേസൊന്നും എവിടെയും എത്തില്ല, പുള്ളിയ്ക്ക് ഇനിയും അവസരമുണ്ടെന്നാണ് ഒരു അഭിമുഖത്തിൽ ശാന്തിവിള ദിനേശ് പറഞ്ഞത്. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണം വഴിതെറ്റുന്നത് മഞ്ജു വാര്യറുടെ ഒരു പ്രസ്താവനയ്ക്ക് പിന്നാലെയാണെന്നും ശാന്തിവിള ദിനേശ് പറഞ്ഞിരുന്നു. ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി സിനിമാലോകം കൊച്ചിയിൽ ഒന്നിച്ച് കൂടിയിരുന്നു. സിനിമാക്കാർ ഒന്നടങ്കം അതിജീവിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. അപ്പോഴാണ് ‘ഈ ആക്രമണത്തിന് പിന്നിൽ ഒരു ഗൂഡാലോചനയുണ്ട്. ക്വട്ടേഷൻ കൊടുത്തതാണ് ഒരാൾ. അത് അന്വേഷിക്കണം’ എന്ന മഞ്ജു വാര്യറുടെ ഇടിവെട്ട് ഡയലോഗ് വരുന്നത്.
കേസ് വഴിതിരിയുന്നത് അവിടെയാണ്. ഈ ഉജ്ജ്വല നിരീക്ഷണം എങ്ങനെ മഞ്ജു വാര്യർക്ക് കിട്ടിയെന്ന് എല്ലാവരും ആലോചിച്ചു. വേറെ ആരും അല്ലാലോ മഞ്ജു വാര്യർ അല്ലേ പറയുന്നത്. സാക്ഷാൽ ദിലീപിന്റെ ഒന്നാം ഭാര്യ. അതോടെ അതുവരെ എല്ലാവരും ചിന്തിച്ച കാര്യം താഴെ പോയി. പകരം ഈ ഗൂഡാലോചന നടത്തിയത് ആര് എന്നതിന് പിറകയെയായി എല്ലാവരും. സ്വാഭാവികമായും ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന നിലയിലായി കാര്യങ്ങൾ. പിറ്റേന്ന് മുതൽ അത് വലിയ വാർത്തയാകാനും തുടങ്ങിയെന്നും ശാന്തിവിള ദിനേശ് പറഞ്ഞിരുന്നു.
