Tamil
ദാരുണമായ സംഭവം, മനസ്സിൽ വലിയ വേദനയുണ്ടാക്കുന്നു; വിശാൽ
ദാരുണമായ സംഭവം, മനസ്സിൽ വലിയ വേദനയുണ്ടാക്കുന്നു; വിശാൽ
ഒരൊറ്റ രാത്രിക്കൊണ്ട് സർവതും നഷ്ടപ്പെട്ട്, ഉറ്റവരെയും ഉടയവരെയും കാത്ത് ക്യാമ്പുകളിൽ കഴിയുന്ന ഒരു കൂട്ടം ജനതയുടെ ദയനീവസ്ഥയാണ് മലയാളികളുടെ ഉള്ളം ചുട്ടുപൊള്ളിക്കുന്നത്. ഇവർക്ക് താങ്ങായി ഇതിനോടകം തന്നെ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. തങ്ങളാൽ ആകും വിധത്തിലുള്ള സഹായങ്ങൾ ചെയ്ത് പ്രമുഖരും സാധാരണക്കാരുമുൾപ്പെടെ നിരവധി പേരാണ് മുന്നോട്ട് വന്നത്.
രാജ്യത്തെ തന്നെ ഞെട്ടിച്ച, 340ഓളം പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഈ ദുരന്തത്തിൽ തൻറെ ഹൃദയഭേദകമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് തമിഴ് സിനിമ നടൻ വിശാൽ. എക്സിൽ കുറിച്ച പോസ്റ്റിലാണ് വിശാൽ തന്റെ ദുഃഖം പങ്കുവെച്ചത്.
കേരളത്തിൽ സംഭവിച്ച ദാരുണമായ സംഭവം എല്ലാവരുടെയും മനസ്സിൽ വലിയ വേദനയാകുകയാണ്. വിശ്രമമില്ലാത്ത പ്രയത്നത്തിൻറെ രാത്രികളാണ് കടന്നുപോകുന്നത്. നമ്മൾ ഓരോ ദിവസവും ഒരുപാട് ഹൃദയവേദനയോടെയാണ് കടന്നു പോകുന്നത്. പ്രകൃതിക്ക് മുന്നിൽ മനുഷ്യർക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. അത് യാഥാർത്ഥ്യമാണെങ്കിലും ഈ ദാരുണമായ സംഭവം അംഗീകരിക്കാൻ ഇപ്പോഴും മനസ്സ് വിസമ്മതിക്കുകയാണ്.
ജാതിമത ഭേദമന്യേ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ എല്ലാവരും കൈകോർത്ത് മുന്നേറുക. ഉപജീവനമാർഗം നഷ്ടപ്പെട്ടവർക്കും അവരുടെ ബന്ധുമിത്രാദികൾക്കും സഹായമെത്തിക്കാൻ നാമെല്ലാം അതിയായി ശ്രമിക്കണം, എന്നും വിശാൽ കൂട്ടിച്ചേർത്തു.
അതേസമയം, ജൂലൈ മുപ്പതിന് പുലർച്ചെ രണ്ട് മണിയോടെയാണ് വയനാട് മുണ്ടക്കൈയിൽ ഉരുൾപൊട്ടലുണ്ടായത്. രുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 340 ആയി. കാണാതായാവർക്കായി അഞ്ചാം ദിനവും തിരച്ചിൽ തുടരുകയാണ്.
ഇനിയും 200ലധികം ആളുകളെ കണ്ടെത്താനുണ്ട്. ചാലിയാറിലും പരിശോധന തുടരും. 84പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 146 മൃതദേഹം തിരിച്ചറിഞ്ഞു. തിരിച്ചറിയാത്ത 74 മൃതദേഹം ഇന്ന് പൊതു ശ്മശാനങ്ങളിൽ സംസ്‌കരിക്കും.
മൃതദേഹങ്ങൾ കണ്ടെത്താൻ ഇന്ന് കൂടുതൽ റഡാറുകൾ എത്തിച്ചു പരിശോധന നടത്തും. എത്തിക്കുന്നത് സൈന്യത്തിന്റെ റഡാറുകളാണ്. ഒരു സാവർ റഡാറും നാല് ർ റെക്കോ റഡാറുകളുമാണ് ഇന്ന് പരിശോധനക്ക് എത്തിക്കുക എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്.
