News
അതു കേട്ടതും ആ അമ്മ അകത്തുകയറി വീടിന്റെ വാതിലടച്ചു; ഷൂട്ടുംഗ് സെറ്റിലുണ്ടായ സംഭവത്തെ കുറിച്ച് നടന്‍ സൂരി
അതു കേട്ടതും ആ അമ്മ അകത്തുകയറി വീടിന്റെ വാതിലടച്ചു; ഷൂട്ടുംഗ് സെറ്റിലുണ്ടായ സംഭവത്തെ കുറിച്ച് നടന്‍ സൂരി
തമിഴ് സിനിമയില്‍ ഹാസ്യ വേഷങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് സൂരി. താരം നായകനായെത്തുന്ന വിടുതലൈ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് കഴിഞ്ഞ ദിവസമാണ് നടന്നത്. ചെന്നൈയില്‍ വെച്ചായിരുന്നു ചിടങ്ങ്. വെട്രിമാരാണ് ചിത്രത്തിന്റെ സംവിധാനം. ഈ വേളയില്‍ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്ന രസകരമായ സംഭവം വിവരിച്ചിരിക്കുകയാണ് താരം.
തന്നെ കണ്ട് നടന്‍ സൂര്യയാണെന്ന് ഒരു അമ്മ തെറ്റിദ്ധരിച്ച സംഭവമാണ് സൂരി പങ്കുവെച്ചത്. ഒരു പ്രായമായ അമ്മ എന്നും സെറ്റില്‍ വരുമായിരുന്നു. തന്നെയാണ് അവര്‍ കാണാന്‍ വന്നിരുന്നത്. പക്ഷേ തിരക്കു കാരണം ആ അമ്മയെ കാണാന്‍ കഴിഞ്ഞിരുന്നില്ല. തന്നെ കാണാനാവാത്ത നിരാശയിലാണ് അവര്‍ വന്ന് തിരികെ പോയിരുന്നത്.
പത്ത് ദിവസമാണ് അവര്‍ വന്നിട്ട് പോയത്. ഒരുദിവസം സെറ്റിലെ കുറച്ചുപേര്‍ വന്നിട്ട് പറഞ്ഞു അടുത്തുള്ള തെരുവില്‍ അവസാനത്തെ വീടാണ് അവരുടേതെന്ന് ക്യാമറാമാന്‍ പറഞ്ഞെന്ന്. അങ്ങനെ അവരെ കാണാന്‍ തീരുമാനിച്ചു. എന്റെ കൂടെ വന്നവര്‍ ആദ്യം വീട്ടില്‍ പോയി ഞാന്‍ കാണാന്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞു.
കഞ്ഞി കുടിച്ചുകൊണ്ടിരുന്ന അമ്മ ആ കൈയോടെ ഓടി വന്ന് കെട്ടിപ്പിടിച്ച് നന്നായി വരും എന്നെല്ലാം പറഞ്ഞ് ഒരുപാട് ഉമ്മവെച്ചു. എന്നിട്ട് ചോദിച്ചു സിനിമയില്‍ നല്ല തുടുത്തിട്ടാണല്ലോ, ഇപ്പോഴെന്താ ഇങ്ങനെ ഇരിക്കുന്നത്് എന്ന്. ഞാന്‍ പറഞ്ഞു മേയ്ക്കപ്പാണെന്ന്. നിങ്ങളുടെ അച്ഛന്റെ വലിയ ഫാനാണ് താനെന്നും അവരെന്നോട് പറഞ്ഞു.
അരണ്‍മനൈക്കിളിയിലെ നിങ്ങളുടെ അച്ഛന്റെ പ്രകടനത്തെ അത്രയ്ക്കും ഇഷ്ടമായി എന്നും പറഞ്ഞു. ആകെ കണ്‍ഫ്യൂഷനിലായ ഞാന്‍ ചോദിച്ചു നിങ്ങളാരെക്കുറിച്ചാണ് പറയുന്നതെന്ന്. അവര്‍ ഇങ്ങോട്ട് ചോദിച്ചു, നിങ്ങള്‍ അപ്പോള്‍ ശിവകുമാറിന്റെ മകനല്ലേ എന്ന് തിരിഞ്ഞുനോക്കുമ്പോഴുണ്ട് കൂടെവന്ന ഒരെണ്ണത്തിനെ പോലും കാണാനില്ല.
എല്ലാം മുങ്ങി. ഞാന്‍ പറഞ്ഞു, ഞാന്‍ സൂര്യയുമല്ല ശിവകുമാര്‍ സാറിന്റെ മകനുമല്ലെന്ന്. ഇവിടെയെന്താണ് ചെയ്യുന്നതെന്ന് പിന്നെയും ചോദ്യം. സിനിമയില്‍ അഭിനയിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ അകത്തുകയറി വീടിന്റെ വാതിലടച്ചു കളഞ്ഞു’ എന്നും സൂരി പറഞ്ഞു.