ഉമ്മൻ ചാണ്ടിയ്ക്ക് ആശംസയുമായി നേരിട്ടെത്തി നടൻ മമ്മൂട്ടി!
ഉമ്മന്‍ചാണ്ടിക്കിന്ന് എഴുപത്തിയൊൻപതാം പിറന്നാള്‍. പുതുപ്പളളിയിലാണ് സാധാരണ പിറന്നാള്‍ ആഘോഷങ്ങളെങ്കിലും രോഗാവശതകള്‍ മൂലം കൊച്ചിയില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് ഈ പിറന്നാള്‍ ദിനത്തില്‍ മുന്‍ മുഖ്യമന്ത്രി. ആള്‍ക്കൂട്ടങ്ങള്‍ക്കു നടുവിലെ രാഷ്ട്രീയ ജീവിതം ഇതുപോലെ ആഘോഷമാക്കിയൊരു സമകാലികന്‍ വേറെയില്ല. ഉമ്മൻ ചാണ്ടിയ്ക്ക് ആശംസകൾ അറിയിക്കാൻ നേരിട്ടെത്തി നടൻ മമ്മൂട്ടി. ആലുവാ പാലസിൽ എത്തിയ മമ്മൂട്ടിയെ ഉമ്മൻ ചാണ്ടിയും കുടുംബാംഗങ്ങളും ചേർന്ന് സ്വീകരിച്ചു. നിർമ്മാതാവ് ആന്റോ ജോസഫും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു.
ജർമനിയിൽ ചികിത്സയ്ക്ക് വേണ്ടി പോകാൻ ഒരുങ്ങുന്ന ഉമ്മൻ ചാണ്ടിയോട് വേഗം സുഖം പ്രാപിച്ചു വരൂവെന്നും മമ്മൂട്ടി പറഞ്ഞു. പഴയകാല ഓർമ്മകളും പങ്കുവച്ച ശേഷമാണ് മമ്മൂട്ടി മടങ്ങിയത്.
2015ന് ശേഷം തന്റെ ശബ്ദത്തിൽ വ്യതിയാനങ്ങൾ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ ഇത്തവണയാണ് ഇത്രയും അധികം ദിവസം നീണ്ടുനിൽക്കുന്നതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. വിസ ശരിയായി ആശുപത്രിയിൽ പ്രവേശനം കൂടി ലഭിക്കുന്ന മുറയ്ക്ക് ഉമ്മൻ ചാണ്ടി ജർമനിയിലേക്ക് പോകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്നത് വ്യാജപ്രചാരണമെന്ന് മകൻ ചാണ്ടി ഉമ്മൻ പറഞ്ഞു. വിദഗ്ധചികിത്സക്കായി അദ്ദേഹത്തെ വിദേശത്തേക്ക് കൊണ്ടുപോകാൻ ആലോചിക്കുന്നുണ്ടെന്നും ചികിത്സക്ക് കുടുംബം തടസ്സം നിൽക്കുകയാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. വ്യാജപ്രചരണങ്ങളിൽ കുടുംബത്തിന് വളരെയധികം ദുഖമുണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. അത്തരം വ്യാജപ്രചരണങ്ങൾ നടത്തുന്നവർ അതിൽ നിന്ന് പിൻമാറണമെന്നും മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, കാതല്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടി നിലവില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജ്യോതികയാണ് നായികയായി എത്തുന്നത്. 12 വര്‍ഷങ്ങള്‍ക്ക് ശേഷം ജ്യോതിക മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് കാതല്‍. റോഷാക്ക് ആണ് മമ്മൂട്ടിയുടേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ലൂക്ക് ആന്‍റണി എന്ന കഥാപാത്രമായാണ് താരം എത്തിയത്. നന്‍പകല്‍ നേരത്ത് മയക്കം, ഏജന്‍റ്, ക്രിസ്റ്റഫര്‍ എന്നീ ചിത്രങ്ങളാണ് റിലീസ് കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങള്‍.
