Malayalam
പ്രഭാസിന് ആളുമാറിപോയി ! സൂപ്പര്‍ താരത്തെ ട്രോളി ആരാധകര്‍!
പ്രഭാസിന് ആളുമാറിപോയി ! സൂപ്പര്‍ താരത്തെ ട്രോളി ആരാധകര്‍!
By
ബാഹുബലി എന്ന ചിത്രത്തിന് ശേഷം പ്രഭാസിന്റേതായി പുറത്തിറങ്ങുന്ന ബ്രഹ്മണ്ഡ ചിത്രമാണ് സാഹോ .തെലുങ്ക് സൂപ്പര്‍താരം പ്രഭാസിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന സാഹോയ്ക്കായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ആഗസ്റ്റ് 30നാണ് ബ്രഹ്മാണ്ഡ ചിത്രം ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്കായി എത്തുന്നത്. ബാഹുബലിക്ക് ശേഷം ഇത്തവണ ആക്ഷന്‍ പാക്ക്ഡ് എന്റര്‍ടെയ്‌നറുമായിട്ടാണ് നടന്‍ എത്തുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമയുടെ ടീസറും പാട്ടുകളുമെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.
റിലീസിങ്ങിനൊരുങ്ങുന്നതിനിടെ സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണ് അണിയറ പ്രവര്‍ത്തകര്‍. കഴിഞ്ഞ ദിവസം സാഹോയുടെ ട്രെയിലര്‍ ലോഞ്ചിനായി പ്രഭാസ് കൊച്ചിയില്‍ എത്തിയിരുന്നു. മോഹന്‍ലാല്‍ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങില്‍ സിദ്ധിഖ്, ബി ഉണ്ണികൃഷ്ണന്‍, മംമ്താ മോഹന്‍ദാസ്, ആന്റണി പെരുമ്പാവൂര്‍ തുടങ്ങിയവരും എത്തിയിരുന്നു. ചടങ്ങിനിടെ പ്രഭാസ് പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.
ചടങ്ങില്‍ മോഹന്‍ലാലിന്റെ കട്ട ഫാനാണ് താനെന്ന് പ്രഭാസ് പറഞ്ഞിരുന്നു. താന്‍ കണ്ടതില്‍ വെച്ച് എറ്റവും നല്ല നടന്‍മാരില്‍ ഒരാളാണ് അദ്ദേഹമെന്നും മുന്‍പ് ഹൈദരാബാദില്‍ വെച്ച് ലാല്‍ സാറിനെ നേരില്‍ കണ്ടിട്ടുണ്ടെന്നും നടന്‍ പറഞ്ഞു. തുടര്‍ന്ന് മംമ്ത മോഹന്‍ദാസിനെ ആദ്യമായി കണ്ടതിനെക്കുറിച്ചും പ്രഭാസ് പറഞ്ഞു. മംമ്തയുടെ ആദ്യ തെലുങ്ക് ചിത്രമായ യമദൊങ്കയുടെ ചിത്രീകരണത്തിനിടയിലാണ് കണ്ടതെന്നും പ്രഭാസ് തുറന്നുപറഞ്ഞിരുന്നു. നല്ല ശബ്ദത്തിന് ഉടമയാണ് മംമ്തയെന്നും പ്രഭാസ് പറഞ്ഞു.
തുടര്‍ന്നാണ് ചടങ്ങിനെത്തിയ നടന്‍ സിദ്ധിഖിനെക്കുറിച്ചും പ്രഭാസ് സംസാരിച്ചുതുടങ്ങിയത്. സംവിധായകന്‍ സിദ്ധിഖ് ആണെന്ന് തെറ്റിദ്ധരിച്ചുകൊണ്ടായിരുന്നു പ്രഭാസ് സംസാരിച്ചത്. വലിയ സംവിധായകനായ താങ്കള്‍ ചടങ്ങിനെത്തിയതിന് വളരെയധികം നന്ദിയുണ്ടെന്നായിരുന്നു നടന്റെ വാക്കുകള്‍. അതുകേട്ട് പ്രഭാസിന് ആളുമാറിപ്പോയെന്ന് പറഞ്ഞ് ട്രോളുകയാണ് ആരാധകര്‍.
പ്രഭാസിന് കേരളത്തില്‍ ഇഷ്ടം പോലെ ആരാധകരുണ്ട്. തെലുങ്കില്‍ ആരാധകര്‍ പ്രഭാസിനെ ഡാര്‍ലിങ് എന്നാണ് വിളിക്കുന്നത്. മലയാളികളും വൈകാതെ അങ്ങനെ വിളിച്ചുതുടങ്ങട്ടെയെന്ന് ആശംസിക്കുന്നു. ഇടയ്ക്ക് പ്രഭാസ് സംസാരിക്കുന്നതിനിടെ മൈക്ക് വാങ്ങി സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ ചടങ്ങില്‍ പറഞ്ഞു. നേരത്തെ സാഹോയുടെ കേരളത്തിലെ വിതരണാവകാശം ബി ഉണ്ണികൃഷ്ണനായിരുന്നു സ്വന്തമാക്കിയിരുന്നത്.
350 കോടി ബഡ്ജറ്റിലാണ് സാഹോ ഒരുക്കിയിരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം ചടങ്ങിനിടെ പ്രഭാസ് തന്നെ തുറന്നുപറഞ്ഞിരുന്നു. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തില്‍ നിന്നും ലാലും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ശ്രദ്ധ കപൂറാണ് നായിക. നീല്‍ നിതിന്‍ മുകേഷ്, അരുണ്‍ വിജയ്, ജാക്കി ഷ്‌റോഫ്, ചങ്കി പാണ്ഡെ, മന്ദിര ബേദി,തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
about saaho promotion at kochi
