Malayalam
മായാമഞ്ചലിലേറി ഇതുവഴിയെ…രോഗത്തിൻറെ പിടിയിലമർന്നപ്പോഴും; ജീവിതത്തോട് വിട ചൊല്ലുമ്പോഴും രാധികയുടെ ഗാനങ്ങള്‍ ഒഴുകിത്തീരുന്നില്ല!
മായാമഞ്ചലിലേറി ഇതുവഴിയെ…രോഗത്തിൻറെ പിടിയിലമർന്നപ്പോഴും; ജീവിതത്തോട് വിട ചൊല്ലുമ്പോഴും രാധികയുടെ ഗാനങ്ങള്‍ ഒഴുകിത്തീരുന്നില്ല!
By
മലയാള സിനിമാ പിന്നണിഗായികയായിരുന്നു രാധിക തിലക്.സിനിമയിലും ആൽബങ്ങളിലുമായി 200-ഓളം ഗാനങ്ങൾ രാധിക പാടിയിട്ടുണ്ട്.ദൂരദർശനിലൂടെ മലയാളികൾക്ക് സുപരിചതയായ രാധിക ലളിത ഗാനങ്ങളിലൂടെയാണ് പ്രശസ്തയായത്. 1989-ൽ ഇറങ്ങിയ സംഘഗാനം ആയിരുന്നു ആദ്യ ചിത്രം. അതിലെ “പുൽക്കൊടിത്തുമ്പിലും” എന്ന പാട്ടിലൂടെയായിരുന്നു സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. എഴുപതുകളിൽ സംഗീത രംഗത്തത്തെിയ രാധിക എഴുപതോളം സിനിമകളിൽ പാടിയിട്ടുണ്ട്. 200 ലധികം ലളിതഗാനങ്ങളൂം ഭക്തിഗാനങ്ങളും പാടിയിട്ടുണ്ട്.
രാധികയുടെ സ്വരമാധുരി മലയാളത്തിന്റെ കാതുകളിലേക്ക് ഒഴുകിയെത്തിയത് ‘പച്ചിലത്തോണി തുഴഞ്ഞാ’ണ് . മലയാളത്തിന്റെ പ്രിയഗായകന് വേണുഗോപാലിനൊപ്പം ‘മായാമഞ്ചലിലേറി’ മലയാളത്തിന്റെ മനസ്സില്‍ കൂടുകൂട്ടിയ രാധിക ഒടുവില്‍ കാന്‍സര്‍ രോഗത്തിന്റെ പിടിയിലമര്‍ന്ന് ജീവിതത്തോട് വിട ചൊല്ലുമ്ബോഴും ആ ഗാനങ്ങള്‍ ഒഴുകിത്തീരുന്നില്ല… മായാമഞ്ചലിലേറി ഇനിയുമൊരുപാട് കാലം രാധികയുടെ സ്വരമാധുരി മലയാളത്തിന്റെ കാതുകളിലേക്ക് ഒഴുകിക്കൊണ്ടിരിക്കും.
സംഗീത പാരമ്ബര്യമുള്ള എറണാകുളം രവിപുരത്തെ ശ്രീകണ്ഠത്ത് കുടുംബത്തിലാണ് രാധിക ജനിച്ചത്. എറണാകുളം ചിന്മയ വിദ്യാലയം, സെന്റ് തെരേസാസ് കോളേജ് എന്നിവിടങ്ങളിലായാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. മഹാത്മാഗാന്ധി യുവജനോത്സവത്തില്‍ ലളിതഗാനത്തിന് ഒന്നാം സമ്മാനം നേടിയായിരുന്നു സംഗീത വേദികളിലേക്കുള്ള രാധികയുടെ ആദ്യ കാല്‍വെപ്പ്.
പിന്നീട് സ്റ്റേജ് ഷോകളിലൂടെയും കാസറ്റുകളിലൂടെയും രാധികയുടെ സ്വരമാധുരി മലയാളിയുടെ മനസ്സില്‍ ഇടംപിടിച്ചു. ലളിതഗാന രംഗത്തു നിന്നാണ് രാധിക സിനിമാ രംഗത്തേക്കെത്തുന്നത്. ആകാശവാണിയിലൂടെയായിരുന്നു തുടക്കം. എം.ജി. ശ്രീകുമാര്‍, യേശുദാസ്, വേണുഗോപാല്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി സ്റ്റേജ് ഷോകളിലും പങ്കെടുത്തിട്ടുണ്ട്.
എണ്‍പതുകളുടെ അവസാനത്തില്‍ എറണാകുളം രാജേന്ദ്ര മൈതാനയില്‍ മഹാത്മാഗാന്ധി സര്‍വകലാശാല യുവജനോത്സവം അരങ്ങേറുകയാണ്. കൊച്ചി കായലിനെ തൊട്ടുരുമ്മിയുള്ള വേദിയില്‍ വൈകീട്ട് ആറുമണിയോടെ ലളിതഗാന മത്സരം ആരംഭിച്ചു. നാലാമതോ അഞ്ചാമതോ ആയി പാടാനെത്തിയത് വെളുത്തുമെലിഞ്ഞ ഒരു പെണ്‍കുട്ടിയാണ്.
‘ദ്വാപരയുഗത്തിന്റെ ഹൃദയങ്ങള്‍’ എന്നു തുടങ്ങുന്ന വരികളോടെ തുടങ്ങിയ ആ സ്വരമാധുരിയില്‍ സദസ്സൊന്നടങ്കം ലയിച്ചിരുന്നു പോയി. ഫലം വന്നപ്പോള്‍ തെറ്റിയില്ല. ലളിതഗാനത്തിന് ഒന്നാം സ്ഥാനം സെന്റ് തെരേസാസിലെ വിദ്യാര്‍ത്ഥിയായ ആ മെലിഞ്ഞ പെണ്‍കുട്ടിക്കു തന്നെ. പേര് രാധിക തിലക്. രണ്ടാം സ്ഥാനം നേടിയതാകട്ടെ പിന്നീട് പ്രശസ്തയായ മിന്മിനിയും. ആര്.കെ. ദാമോദരന്‍ രചിച്ച് പെരുമ്ബാവൂര്‍ ജി. രവീന്ദ്രനാഥ് സംഗീതം നല്കിയ ഈ പാട്ട് പിന്നീടങ്ങോട്ട് സ്റ്റേജ് ഷോകളിലും രാധികയെ ഏറെ പ്രശസ്തയാക്കി. കാസറ്റുകളിലും രാധികയുടെ സ്വരമാധുരി നിറഞ്ഞുനിന്നു.
എറണാകുളം ചിന്മയ സ്കൂളില്‍ വിദ്യാര്‍ത്ഥിയായിരിക്കെ ടി.എസ്. രാധാകൃഷ്ണന്റെ ‘ത്യാഗബ്രഹ്മം’ സംഗീത ട്രൂപ്പില്‍ അംഗമായിരുന്ന രാധിക ഭജനകളിലൂടെയാണ് സംഗീത വേദികളിലേക്കുള്ള പ്രയാണം തുടങ്ങുന്നത്. സ്റ്റേജ് ഷോകളിലും കാസറ്റുകളിലും നിറഞ്ഞുനില്ക്കുമ്ബോള് സിനിമയിലേക്കുള്ള നിരവധി ഓഫറുകളുമെത്തി. സിനിമ കരിയറാക്കണമെന്ന് ആഗ്രഹമില്ലാതിരുന്നതിനാല്‍ തന്നെ ചുരുക്കം അവസരങ്ങള്‍ മാത്രമാണ് രാധിക തിരഞ്ഞെടുത്തത്. ഡിഗ്രി അവസാനവര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കെയായിരുന്നു വിവാഹം. നാട്ടില്‍ നിന്നു മാറി അഞ്ച് വര്‍ഷക്കാലം ദുബായില്‍ താമസമാക്കിയപ്പോഴും വേദികളില്‍ സജീവമായിരുന്നു ഈ സംഗീത തിലകം. അക്കാലത്ത് ഗള്‍ഫില്‍ നടന്ന യേശുദാസിന്റെയും ദക്ഷിണാമൂര്‍ത്തി, ജോണ്സണ്, രവീന്ദ്രന് മാഷ് തുടങ്ങിയവരുടെയെല്ലാം സംഗീത സന്ധ്യകളിലും രാധിക തിലക് സജീവ സാന്നിദ്ധ്യമായിരുന്നു. ദുബായില്‍ താമസിക്കവേ വോയ്സ് ഓഫ് അറേബ്യ എന്ന ടെലിവിഷന്‍ ഷോയും അവതരിപ്പിച്ചിരുന്നു.
മലയാള സിനിമയിലേക്ക് സ്വരസുന്ദരമായ ഒരുപിടി മികച്ച ഗാനങ്ങള്‍ സമ്മാനിച്ചാണ് രാധിക എന്ന കുയിലിന്റെ പാട്ട് നിലയ്ക്കുന്നത്. അപ്പോഴും അര്‍ഹിച്ച ഗാനങ്ങള്‍ പലതും കിട്ടാതെയാണ് രാധിക തിലക് എന്ന ഗായികയുടെ പാട്ട് നിലച്ചതെന്ന് അവരെ സ്നേഹിക്കുന്നവര്‍ പറയുന്നു. എന്നാല്‍, എന്നും എപ്പോഴും പാടിയ പാട്ടുകളുടെ മധുരം ഏറെപ്രിയമുള്ളതായി ആസ്വാദകരുടെ കാതുകളിലുണ്ട്. 1989ല്‍ ‘പച്ചിലത്തോണി’ എന്ന ചിത്രത്തിലൂടെ ഷിബു ചക്രവര്‍ത്തിയും ബേണി -ഇഗ്നേഷ്യസുമാണ് രാധികയെ ചലച്ചിത്ര പിന്നണിഗാന രംഗത്തേക്ക് കൂട്ടിക്കൊണ്ടുവന്നത്. ‘പച്ചിലത്തോണിതുഴഞ്ഞ്….’ എന്ന് തുടങ്ങുന്ന ഗാനം മനോഹരമായി രാധിക ആലപിച്ചെങ്കിലും ആ ചിത്രത്തിന് വലിയ വിജയം നേടാനായില്ല.
ശരറാന്തല്‍, സംഘഗാനം തുടങ്ങിയ ചിത്രങ്ങളിലും പാടി രാധിക മലയാള ചലച്ചിത്രഗാനരംഗത്തെ ഒരു തീരത്തിലൂടെ പതുക്കെ ഒഴുകുമ്ബോഴാണ് ‘മായാമഞ്ചലുമായി’ സംഗീതസംവിധായകന് ശരതും ഗായകന് വേണുഗോപാലുമെത്തുന്നത്. രാധികയുടെ ജാതകം മാറ്റിക്കുറിക്കപ്പെട്ട നിമിഷമായിരുന്നു അത്. ഒറ്റയാള്‍ പട്ടാളം എന്ന ചിത്രത്തിലെ ‘മായാമഞ്ചലില്‍…” എന്നു തുടങ്ങുന്ന ഗാനം കേരളം ഒരുപാടുകാലം ഏറ്റുപാടിയ ഗാനമായിരുന്നു. ട്രാക്ക് പാടിക്കാനായിട്ടാണ് രാധികയെ ആ ചിത്രത്തിലേക്ക് ക്ഷണിച്ചത്. എന്നാല്‍ താന്‍ കരുതിയതിനേക്കാള്‍ മനോഹരമായി രാധിക ആ ഗാനം പാടിയതോടെ വേണുഗോപാലിനൊപ്പം ആ പാട്ട് രാധികയ്ക്ക് തന്നെ കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് ശരത് പിന്നീട് പറഞ്ഞിട്ടുണ്ട്.
1991ല്‍ ഇറങ്ങിയ ഒറ്റയാള്‍ പട്ടാളത്തിലെ ‘മായാമഞ്ചല്‍’ ഹിറ്റായെങ്കിലും രാധിക എന്ന ഗായികയ്ക്ക് അതിനു പിന്നാലെ കാര്യമായ അവസരങ്ങളൊന്നും കിട്ടിയിരുന്നില്ല. ആറ് വര്‍ഷത്തിനുശേഷം ഇറങ്ങിയ ‘ഗുരു’ എന്ന ചിത്രമായിരുന്നു രാധികയുടെ അടുത്ത ശ്രദ്ധേയ ചിത്രം. പിന്നീട് ‘കന്മദം’ എന്ന ചിത്രത്തിലെ ‘മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടോ…’, ദീപസ്തംഭം മഹാശ്ചര്യം എന്ന ചിത്രത്തിലെ ‘എന്റെ ഉള്ളുടുക്കും കൊട്ടി…’, നന്ദനം എന്ന ചിത്രത്തിലെ ‘മനസ്സില്‍ മിഥുന മഴ….’. അമ്മക്കിളിക്കൂട് എന്ന ചിത്രത്തിലെ ‘എന്തിനീപാട്ടിനു…’ തുടങ്ങി ഒരുപിടി മനോഹരമായ ഗാനങ്ങളും രാധികയുടെ സ്വരമാധുരിയില്‍ മലയാളത്തിന് പ്രിയപ്പെട്ടതായി.
ഗായിക സുജാതയുടെ അനുജത്തി എന്ന വിലാസം രാധികയ്ക്ക് എന്നും ഒരുപാടിഷ്ടത്തോടെ പറയുമായിരുന്നു. രാധികയുടെ വല്യമ്മയുടെ മകളായിരുന്നു സുജാത. സുജ ചേച്ചിയായിരുന്നു എന്റെ റോള്‍ മോഡലെന്ന് എത്രയോ തവണ രാധിക പറഞ്ഞിരിക്കുന്നു. എന്നും മധുരമായി സംസാരിക്കാനായിരുന്നു രാധികയ്ക്ക് എറെ ഇഷ്ടം. അസുഖമായി കിടക്കുന്നതിനു മുമ്ബ്, അവസരങ്ങള്‍ കുറഞ്ഞ സമയത്ത് രാധിക ഒരിക്കല്‍ പറഞ്ഞത് ഇന്നും ഓര്‍ക്കുന്നു: ”നല്ല അവസരങ്ങള്‍ക്കു വേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്. സംഗീതം മറന്ന് എനിക്ക് ജീവിക്കാനാകില്ല. കൂടുതല്‍ എന്‍ഗേജ്ഡ് ആകണമെന്ന് ആഗ്രഹമുണ്ട്. സിനിമയിലേക്ക് അവസരങ്ങള്‍ ലഭിച്ചാല്‍ തീര്‍ച്ചയായും പാടും. പക്ഷേ, എനിക്ക് ഇതൊന്നും മത്സരമായി കാണാനാകില്ല. അതുകൊണ്ടുതന്നെ അവസരങ്ങള്‍ക്കായി കാത്തിരിക്കുന്നു….” കാത്തിരിപ്പിനിടയില്‍ ദൈവം രാധികയെ കൂട്ടിക്കൊണ്ടുപോയിരിക്കുന്നു. പക്ഷേ, അപ്പോഴും ആ ഗാനങ്ങള്‍ മായാതെ മായാമഞ്ചലേറി നമ്മുടെ കാതുകളിലേക്ക് ഒഴുകിയെത്തും….
about radhika thilak
