Connect with us

ഭാര്യയുടെ സ്വർണ്ണം വിറ്റു,ഒരുപാട് പ്രതിസന്ധികൾ നേരിട്ടു, കറുപ്പ് സിനിമ ഉണ്ടാക്കിയ പ്രതിസന്ധികളെ കുറിച്ച് നിർമ്മാതാവ് ഷിനിത്ത് പാട്യം..

Malayalam

ഭാര്യയുടെ സ്വർണ്ണം വിറ്റു,ഒരുപാട് പ്രതിസന്ധികൾ നേരിട്ടു, കറുപ്പ് സിനിമ ഉണ്ടാക്കിയ പ്രതിസന്ധികളെ കുറിച്ച് നിർമ്മാതാവ് ഷിനിത്ത് പാട്യം..

ഭാര്യയുടെ സ്വർണ്ണം വിറ്റു,ഒരുപാട് പ്രതിസന്ധികൾ നേരിട്ടു, കറുപ്പ് സിനിമ ഉണ്ടാക്കിയ പ്രതിസന്ധികളെ കുറിച്ച് നിർമ്മാതാവ് ഷിനിത്ത് പാട്യം..

സ്‌കൂൾ കുട്ടികൾ നിർമ്മിച്ച ആദ്യത്തെ ഫീച്ചർ ഫിലിം എന്നവിശേഷണം നേടിയ ചിത്രമാണ് കറുപ്പ്. ഗോത്രവർഗ്ഗക്കാരനായ ഒരു വിദ്യാർത്ഥിയെ നിറത്തിന്റെ പേരിൽ അവന്റെ സഹപാഠികൾ കളിയാക്കുന്നതുമായി ബന്ധപ്പെട്ട ചില സംഭവ വികാസങ്ങളാണ് ഈ സിനിമയിലൂടെ പറയുന്നത്.കണ്ണൂർ ജില്ലയിലെ വേങ്ങാട് നായനാർ സ്മാരക ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്ക്കൂളിലെ വിദ്യാർത്ഥികൾ സമാഹരിച്ച പണം കൊണ്ടാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്‌.ഇപ്പോളിതാ കറുപ്പ് സിനിമ ഉണ്ടാക്കിയ പ്രതിസന്ധികളെ കുറിച്ച് നിർമ്മാതാവ് ഷിനിത്ത് പാട്യം തന്റെ ഫേസ്ബുക് കുറിപ്പിലൂടെ പ്രതികരിക്കുകയാണ്.

നിർമ്മാതാവിന്റെ ഫേസ്ബുക്ക് കുറിപ്പ്..

കറുപ്പ് സിനിമ നിരവധി പുരസ്കാരങ്ങൾ നേടി ജൈത്ര യാത്ര തുടരുകയാണ്.കൊൽക്കത്ത ഉൾപെടെയുളള ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച കറുപ്പിന് മികച്ച അഭിപ്രായം നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.ഒരു പൊതു വിദ്യാലയത്തിന്റെ പേരിൽ നിർമ്മിച്ച ഇന്ത്യയിലെ ആദ്യ സിനിമ എന്ന ഖ്യാതിയും കറുപ്പിന് സ്വന്തമാണ്.ലോകത്തെവിടെയും ഒരു ഫീച്ചർ ഫിലിം നിർമ്മിക്കുമ്പോൾ കടന്നു പോകേണ്ട എല്ലാ ഘട്ടങ്ങളിലൂടേയും കറുപ്പ് സിനിമ കടന്നു പോയിട്ടുണ്ട്.ഒരു സാധാരണ കൊമേർസ്യൽ സിനിമക്ക് വേണ്ടുന്ന എല്ലാ സാങ്കേതിക വിദ്യയും കറുപ്പിനും വേണ്ടി വന്നു.തിരുവനന്തപുരം ചിത്രാഞ്ജലിയിലായിരുന്നു കറുപ്പിന്റെ ഭൂരിഭാഗം പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും നടന്നത്.

സിനിമയുടെ കളറിങ് വർക്ക്(DI) എറണാകുളത്തെ പ്രശസ്ത സ്റ്റുഡിയോ ആയ ലാൽ മീഡിയയിൽ വെച്ചാണ് ചെയ്തത്.കറുപ്പിനെ പറ്റി പലരും കരുതിയത് സ്കൂളിലെ കുട്ടികൾ എങ്ങനെയോ തട്ടികൂട്ടി ഉണ്ടാക്കിയ ഒരു ഷോർട്ട് ഫിലിം ആയിരിക്കും എന്നാണ്.ഈ സിനിമ ഏകദേശം പത്ത് മാസം കൊണ്ടാണ് ഞങ്ങള്‍ ചെയ്ത് തീർത്തത്. സിനിമയുടെ ആദ്യഘട്ട വർക്ക് തുടങ്ങുന്നതിനാവശ്യമായ സാമ്പത്തികം സമാഹരിച്ച് തന്നത് വേങ്ങാട് സ്കൂളിലെ എൻ.എസ്.വളണ്ടിയർമാർ ആയിരുന്നു. ജനങ്ങളിൽ നിന്നും പിരിച്ചെടുത്ത അഞ്ച് ലക്ഷത്തി അമ്പതിനായിരം രൂപ ഉപയോഗിച്ചാണ് ഷൂട്ട് ആരംഭിച്ചത്.എന്നാല്‍ സിനിമ അവസാനിക്കുന്ന സമയത്ത് ചിലവ് മുപ്പത്തി എട്ട് ലക്ഷത്തോളം രൂപയായി.(ഫെസ്റ്റിവലുകൾക്ക് അയക്കാൻ ചിലവ് വേറേയും..!!)

കറുപ്പ് സിനിമയുടെ ചിത്രീകരണം മുടങ്ങുമെന്ന ഘട്ടത്തിൽ ഒരു കാശും തിരിച്ച് കിട്ടില്ലെന്ന ഉറച്ച ബോധ്യത്തോടെ എന്നെ സഹായിച്ച അനിൽ രാമകൃഷ്ണൻ, രാജീവൻ മുതിയങ്ങ,പ്രജിത്ത് തെരൂർ,വിനീത് കൂടാളി,സംവിധായകൻ ദീപേഷ് എന്നിവരാണ് കറുപ്പ് സിനിമയുടെ യഥാർത്ഥ അവകാശികൾ…
ചിത്രീകരണ സമയത്തും അതിന് ശേഷവും ബുദ്ധിമുട്ടുകള്‍ തന്നെയായിരുന്നു. കറുപ്പിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കിലേക്ക് പോകാന്‍ ഒരു മാര്‍ഗവുമില്ലാതെ വന്നപ്പോള്‍ കതിരൂർ കാനറ ബേങ്കിലും കൂത്തുപറമ്പ് റൂറൽ ബേങ്കിലും ഭാര്യ നീനുവിന്റേയും സ്കൂളിലെ ടീച്ചർമാരുടേയും സ്വർണ്ണം പണയം വെച്ച് അഞ്ച് ലക്ഷം രൂപ വായ്പയെടുത്താണ് പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ പൂര്‍ത്തിയാക്കുന്നത്.കറുപ്പ് സിനിമയുടെ സെൻസറിങിന് ആവശ്യമായ അറുപതിനായിരത്തോളം രൂപ പലരിൽ നിന്നും കടം വാങ്ങിയാണ് അടച്ചത്.

ഇതൊക്കെ വായിക്കുമ്പോൾ നിങ്ങൾ കരുതുന്നുണ്ടാവും പറ്റുന്ന കാര്യം ഏറ്റെടുത്താൽ പോരെ എന്ന്..😀😀
കറുപ്പ് സിനിമയിൽ പല സീനുകളിലും മൃഗങ്ങളെ ഉപയോഗിച്ചത് കാരണം ദേശീയ മൃഗ സംരക്ഷണ ക്ഷേമ ബോർഡിന്റെ സർട്ടിഫിക്കറ്റ് വേണമായിരുന്നു.സിനിമക്ക് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ ഹരിയാനയിലെ ഓഫീസിൽ നിന്നും മൃഗങ്ങളെ പീഡിപ്പിച്ചിട്ടില്ലെന്ന് സാക്ഷ്യപെടുത്തിയ സർട്ടിഫിക്കറ്റ് സെൻസർ ഓഫീസറുടെ അടുത്ത് ഹാജരാക്കണം.ഇത് ശരിയാക്കി തരാമെന്ന് പറഞ്ഞ് ഡൽഹിയിലെ പല ഇടനിലക്കാരും ഞങ്ങളോട് ഭീമമായ തുക ആവശ്യപ്പെട്ടു..😰😰സിനിമയുടെ പ്രിവ്യൂ ഷോ തിരുവനന്തപുരത്ത് വെച്ച് നടത്തുന്നതിനും വലിയ സാമ്പത്തികം ആവശ്യമായിരുന്നു.നാട്ടിലെ ക്ലബ്ബ് നടത്തുന്ന കുറി വിളിച്ച് അതിനുളള കാശ് കണ്ടെത്തി..ത്യാഗത്തിന്റെയും സഹനത്തിന്റെയും കണ്ണീരിന്റെയുമെല്ലാം വഴികളിലൂടെ സഞ്ചരിച്ചാണ് കറുപ്പെന്ന സിനിമ പൂര്‍ത്തിയായത്.

സ്വതന്ത്ര രാഷ്ട്രീയ സിനിമകളുടെ വളർച്ചയ്ക്ക് വേണ്ടുന്ന ക്രിയാത്മകമായ ഒരു സഹായവും ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടാവാത്തത് ഞങ്ങളെ പോലുളളവരെ തളർത്തികളയുന്നു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന മിഷൻ കേരളത്തിൽ ചരിത്രം സൃഷ്ടിച്ചു മുന്നേറുന്ന സമയത്ത് ;കേരളത്തിലെ ഒരു പൊതുവിദ്യാലയത്തിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ ആദ്യമായി നിർമ്മിച്ച സിനിമ എന്ന നിലയ്ക്ക് കറുപ്പ് സിനിമയെ പൊതുവിദ്യാഭ്യാസ മേഖലയിലെ ഏറ്റവും മികച്ച ഉൽപ്പന്നമായി അവതരിപ്പിക്കാനോ അതിന് വേണ്ടത്ര പരിഗണനയും നൽകാനോ ബന്ധപെട്ടവർ താൽപര്യപ്പെടാത്തതിൽ ഞങ്ങൾ നിരാശരാണ്.
അരികുവൽക്കരിക്കപ്പെട്ടവരിൽ നിന്നും ഒരു കുട്ടി സിനിമ മേഖലയിലേക്ക് വന്നപ്പോഴും പ്രസ്തുത വിഭാഗത്തെ പ്രതിനിധികരിക്കുന്ന സർക്കാർ വകുപ്പും നന്ദു എന്ന കുട്ടിയെ കണ്ടില്ലെന്ന് നടിച്ചു.സമാന്തര സിനിമ കാണിക്കാൻ വേണ്ടി സിനിമ വണ്ടി ഇറക്കിയെങ്കിലും സ്കൂളിൽ നിന്നും വായനശാലയിൽ നിന്നും ലഭിക്കുന്ന തുകകൊണ്ട് പ്രൊജക്ടറിന്റെയും ജനറേറ്ററിന്റെയും വാടക കാശ് കൊടുക്കാൻ തികയുന്നില്ല(ലക്ഷങ്ങൾ സമ്പാദിച്ചെന്ന് പല അധ്യാപരും അടക്കം പറയുന്നുണ്ട്)പലരും ചോദിക്കാറുണ്ട്..കറുപ്പ് കാരണം കുടുംബം വെളുത്തല്ലേന്ന്…!!
എല്ലാ പ്രതിസന്ധികളെയും
അതിജീവിക്കാനുളള പാഠം
ജീവിതം പകർന്നു തന്നിട്ടുണ്ട്..
ഇതും അതിജീവിക്കും എന്നുറപ്പുണ്ട്…
കൂടെ നിന്ന എല്ലാവർക്കും നന്ദി…സ്നേഹം♥

about karupp movie

More in Malayalam

Trending

Recent

To Top