Malayalam
‘അതിനെ ബോഡി ഷെയ്മിങ്ങോ ആക്ഷേപമോ ആയി കാണാന്‍ പറ്റില്ല, തമാശയ്ക്ക് പറഞ്ഞ ഒരു കാര്യം എടുത്ത് വെറുതെ വിവാദമുണ്ടാക്കരുത്’; സൗബിന്റെ പ്രസ്താവനയെ കുറിച്ച് അബിന്‍ ബിനോ
‘അതിനെ ബോഡി ഷെയ്മിങ്ങോ ആക്ഷേപമോ ആയി കാണാന്‍ പറ്റില്ല, തമാശയ്ക്ക് പറഞ്ഞ ഒരു കാര്യം എടുത്ത് വെറുതെ വിവാദമുണ്ടാക്കരുത്’; സൗബിന്റെ പ്രസ്താവനയെ കുറിച്ച് അബിന്‍ ബിനോ
മലയാളികള്‍ക്ക് സുപരിചിതനാണ് സൗബിന് ഷാഹിര്‍. തന്റെ പുതിയ സിനിമ രോമാഞ്ചത്തിന്റെ പ്രമോഷനെത്തിയപ്പോള്‍ ഒതളങ്ങ തുരുത്ത് എന്ന വെബ് സീരിസിലൂടെ ശ്രദ്ധേയനായ നത്ത് എന്ന പേരില്‍ ശ്രദ്ധിക്കപ്പെട്ട നടന് അബിന്‍ ബിനോയെ കുറിച്ച് അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. പിന്നാലെ വലിയ രീതിയില്‍ വിമര്‍ശനവും ഉയര്‍ന്ന് വന്നിരുന്നു.
തമാശയെന്ന് കാണിച്ച് അബിനെ സൗബിന് ബോഡി ഷെയ്മിങ് നടത്തിയെന്നാണ് അഭിമുഖം കണ്ടവര്‍ അഭിപ്രായപ്പെടുന്നത്. സൗബിന്റെ പരാമര്‍ശം വലിയ രീതിയില്‍ ചര്‍ച്ചയാക്കപ്പെടുമ്പോള്‍ ഇതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അബിന്‍ ബിനോ.
സൗബിന് ഇക്കയ്ക്ക് എന്നോടായിരുന്നു കൂടുതല്‍ അടുപ്പം. സിനിമ കണ്ടവര്‍ക്ക് അറിയാം ഞാനും സൗബിന് ഇക്കയും തമ്മില്‍ നല്ലൊരു കെമിസ്ട്രിയുണ്ട് അത് ജീവിതത്തിലുമുണ്ട്.’ ആ അടുപ്പത്തിന്റെ പേരിലാണ് ഇന്റര്‍വ്യൂവില്‍ സൗബിന് ഇക്ക അങ്ങനെ പറഞ്ഞത്. ഞങ്ങള്‍ എല്ലാരും തമ്മില്‍ തമ്മില്‍ പ്രേതം എന്ന് വിളിക്കാറുണ്ട്.’
ആ വീഡിയോയില്‍, ഇതില്‍ ലുക്ക് വച്ചിട്ട് സിനിമയില്‍ ആരായിരിക്കും പ്രേതമെന്ന് ഇക്ക ചോദിക്കുമ്പോള്‍ ഞാന്‍ ചിരിച്ചു. ആ ചിരിയിലാണ് പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ ഞാനാണ് പ്രേതമെന്ന് പറഞ്ഞത്. അതിനെ ബോഡി ഷെയ്മിങ്ങോ ആക്ഷേപമോ ആയി കാണാന്‍ പറ്റില്ല.
‘സൗബിനിക്ക പറഞ്ഞത് നിറത്തിന്റെയോ സൗന്ദര്യത്തിന്റെയോ കാര്യമൊന്നുമല്ല. വെറുതെ എന്നെ തമാശയ്ക്ക് കളിയാക്കിയതാണ്. അതിനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. സിനിമയില്‍ ഒരു തുടക്കക്കാരനായ എനിക്ക് വലിയ പ്രോത്സാഹനവും പിന്തുണയും അദ്ദേഹം തന്നിട്ടുണ്ട്. തമാശയ്ക്ക് പറഞ്ഞ ഒരു കാര്യം എടുത്ത് വെറുതെ വിവാദമുണ്ടാക്കരുത്’ എന്നും അബിന്‍ ബിനോ പറഞ്ഞു.
സിനിമ ഹൊറര്‍ അല്ല കേട്ടോ, ഇവന്റെ മുഖമൊന്ന് ആലോചിച്ച് നോക്കിക്കേ, പ്രേതമായി വന്നാല്‍ പേടിച്ച് ചാവില്ലേ എന്നാണ് അബിന്‍ ബിനോയെ ചൂണ്ടി അഭിമുഖത്തിനിടയില്‍ സൗബിന് പറഞ്ഞത്. പുരോഗമനം സിനിമയില്‍ മാത്രം പോരാ ജീവിതത്തിലും ആവശ്യമാണെന്നാണ് സൗബിന് പ്രശ്നത്തില്‍ പലരുടെയും അഭിപ്രായം. ഒരു വേദിയിലിരുന്ന് ഒരുപാട് ആളുകള്‍ കാണുന്ന പരിപാടിയില്‍ ഒരാളെ തമാശയുടെ പേരില്‍ കളിയാക്കുന്നത് മനുഷ്യത്വരഹിതമാണെന്നാണ് ഒരു പക്ഷം പറയുന്നത്.
