
Malayalam
നാദിർഷ ബുദ്ധിപരമായി കൈകഴുകി, പുള്ളിക്ക് പേടിയുണ്ട്, ഒന്നും പറയാനും പറ്റുന്നില്ല; വിളിച്ചപ്പോൾ, നീ എന്താണെന്ന് വെച്ചാൽ ചെയ്യ്, നമുക്കൊന്നും അറിയില്ല എന്ന മട്ടിലാണ് അപ്പുണ്ണി സംസാരിച്ചത്; പൾസർ സുനി
നാദിർഷ ബുദ്ധിപരമായി കൈകഴുകി, പുള്ളിക്ക് പേടിയുണ്ട്, ഒന്നും പറയാനും പറ്റുന്നില്ല; വിളിച്ചപ്പോൾ, നീ എന്താണെന്ന് വെച്ചാൽ ചെയ്യ്, നമുക്കൊന്നും അറിയില്ല എന്ന മട്ടിലാണ് അപ്പുണ്ണി സംസാരിച്ചത്; പൾസർ സുനി
കേരളക്കര ഒന്നാകെ ഉറ്റുനോക്കുന്ന കേസാണ് കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം. വർഷങ്ങളായ നടക്കുന്ന കേസ് ഇപ്പോൾ അന്തിമ ഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. 2017 ഫെബ്രുവരി 17 നാണ് എറണാകുളത്ത് നടി ലൈംഗികാതിക്രമത്തിന് ഇരയായത്. കൃത്യം നിർവ്വഹിച്ച പൾസർ സുനി, സിനിമാ താരം ദിലീപ് ഉൾപ്പടെ പതിനഞ്ച് പേരാണ് കേസിലെ പ്രതികൾ. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് മുൻവൈരാഗ്യമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി ആദ്യമായി ജയിലിൽ നിന്നും ജാമ്യം തേടി പുറത്തെത്തുന്നത്. ഇപ്പോഴിതാ പൾസർ സുനിയുടെ വെളിപ്പെടുത്തലുകൾ കേരളക്കരയെ ഞെട്ടിക്കുകയാണ്. ദിലീപ് ആണ് നടിയെ ആക്രമിക്കാനുളള കൊട്ടേഷൻ തന്നത് എന്നും ഒന്നരക്കോടിയാണ് വാഗ്ദാനം ചെയ്തത് എന്നും സുനി പറയുന്നു. ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷ, ദിലീപിന്റെ മാനേജർ അപ്പുണ്ണി എന്നിവരുമായി ബന്ധപ്പെട്ട ചില കാര്യങ്ങളെ കുറിച്ചും സുനി വെളിപ്പെടുത്തുന്നുണ്ട്.
നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷി കൂടിയാണ് അപ്പുണ്ണി. നാദിർഷ ബുദ്ധിപരമായി കൈകഴുകിയെന്ന് പൾസർ സുനി പറഞ്ഞു. പുള്ളിക്ക് പേടിയുണ്ട്. ഒന്നും പറയാനും പറ്റുന്നില്ല, തീരുമാനമെടുക്കാനും പറ്റുന്നില്ല എന്ന അവസ്ഥയിലാണ് നാദിർഷ നിൽക്കുന്നത്. ദിലീപിന്റെ മാനേജർ അപ്പുണ്ണിയെ പണത്തിനായി വിളിച്ചിരുന്നുവെന്നും പൾസർ സുനി വെളിപ്പെടുത്തി. വിളിച്ചപ്പോൾ, നീ എന്താണെന്ന് വെച്ചാൽ ചെയ്യ്, നമുക്കൊന്നും അറിയില്ല എന്ന മട്ടിലാണ് അപ്പുണ്ണി സംസാരിച്ചതെന്നും സുനി പറയുന്നു.
ഇക്കാര്യം താൻ വിജീഷിനോട് പറഞ്ഞു. ആരുടെ കയ്യിൽ നിന്ന് കാശ് കിട്ടിയാലും ഇനി അവരുടെ കാശ് വേണ്ട എന്ന് അവൻ പറഞ്ഞു. നീ അത് വേണ്ടെന്ന് വെച്ചേക്ക് എന്ന് പറഞ്ഞു. അങ്ങനെ വരെ തീരുമാനിച്ചതാണ്. താനും പറഞ്ഞു അങ്ങനെയെങ്കിൽ ആ പണം പോട്ടെ എന്ന്. അന്ന് പുള്ളിയോടുളള ദേഷ്യവും, ഇങ്ങനെ ചെയ്തല്ലോ എന്നുളളതൊക്കെ കൂടി വന്ന് ഭ്രാന്ത് പിടിച്ചു. നമുക്ക് കോടതിയിൽ പറയാം എന്നൊക്കെ വിജീഷ് പറഞ്ഞു.
അങ്ങനെ ഇരിക്കുമ്പോഴാണ് അന്വേഷണത്തിലൂടെ ഓരോന്ന് ചികഞ്ഞ് ചികഞ്ഞ് പുറത്തേക്ക് വരുന്നത്. പിന്നെ ഞങ്ങൾ പിടിച്ച് നിൽക്കാൻ നോക്കിയില്ല. തന്നോട് പോലീസ് പലതവണ ചോദിച്ചിട്ടുണ്ട്, ഇതിന് പിന്നിൽ അയാളല്ലേ എന്ന്. അപ്പോഴൊക്കെ, ഏയ് അയാളോ എന്ന് പറഞ്ഞ് താൻ ഒഴിവാക്കി വിട്ടതാണ്. ഉറക്കത്തിൽ നിന്ന് വിളിച്ച് എഴുന്നേൽപ്പിച്ചൊക്കെ ചോദിക്കും. അതൊക്കെ കഴിഞ്ഞിട്ടാണ് ഈ ചതി പറ്റിയത്. അതിന് ശേഷമാണ് ആ കത്ത് വരെ എഴുതിയത്.
ഒരു വാക്ക് നമ്മുടെ കയ്യിൽ നിന്ന് കിട്ടാൻ പോലീസ് ശ്രമിക്കുമ്പോഴും അയാളെ അത്ര സേഫ് ആക്കി. പോലീസ് ഇടിച്ചിട്ടും പറഞ്ഞില്ല. അങ്ങോട്ടും ഇങ്ങോട്ടും നിസ്സാര കാര്യം പറഞ്ഞ് അപ്പുണ്ണിയുമായി തെറ്റിയതാണ്. നിന്നെക്കൊണ്ട് ചെയ്യാൻ പറ്റുന്നത് എന്താണെന്ന് വെച്ചാൽ ചെയ്യ്, ഞങ്ങൾ നോക്കിക്കോളാം എന്ന് പറഞ്ഞു. കുറച്ച് നിങ്ങൾ കാത്തിരിക്ക്, നിങ്ങൾ ഇറങ്ങിയിട്ട് നോക്കാം എന്നൊക്കെ പറഞ്ഞാൽ മതിയായിരുന്നു. നമുക്ക് ഒന്നും പറഞ്ഞ് തരാൻ ആരും ഇല്ല.
ഇവരെ അല്ലേ വിളിക്കുന്നുളളൂ. ഇത്രയൊക്കെ ഇവരെ സേഫ് ആക്കിയിട്ടും ഇവർ ഇങ്ങനെ കാണിക്കുമ്പോൾ നമ്മുടെ മനസ്സ് മാറിപ്പോകില്ലേ. അപ്പുണ്ണി സംസാരിക്കുമ്പോൾ ദിലീപ് തൊട്ടടുത്ത് ഇരിക്കുന്നുണ്ടാകും. അല്ലാതെ സ്വന്തം തീരുമാനം പ്രകാരം അപ്പുണ്ണി അങ്ങനെ പറയില്ല. അപ്പുണ്ണിയുടെ കയ്യിൽ 2 ഫോൺ ഉണ്ടെങ്കിൽ ഒന്ന് ദിലീപേട്ടന്റേത് ആയിരിക്കും. അത് അപ്പുണ്ണിയാണ് മാനേജ് ചെയ്യുന്നത്. അത് മഞ്ജുവിനും അറിയില്ല, കാവ്യയ്ക്കും അറിയില്ലെന്നും പൾസർ സുനി പറഞ്ഞു.
ഏതാനും മാസങ്ങൾക്കുള്ളിൽ അന്തിമവാദം കേൾക്കാൻ ഇരിക്കെയാണ് പൾസർ സുനി ജയിൽ മോചിതനാകുന്നത്. പൾസർ സുനിക്ക് കർശന വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. വിചാരണ കോടതിയാണ് പൾസർ സുനിക്ക് ജാമ്യം അനുവദിച്ചത്. എറണാകുളം ജില്ല വിട്ട് പോകരുത്, മാധ്യമങ്ങളോട് സംസാരിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, ഒരു സിമ്മിൽ കൂടുതൽ ഉപയോഗിക്കരുത്, സിം വിവരങ്ങൾ കോടതിയിൽ ഹാജരാക്കണം, ഒരു ലക്ഷം രൂപയുടെ ബോണ്ട് നൽകണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് പൾസർ സുനിക്ക് കോടതി ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ ഏഴര വർഷമായി പൾസർ സുനി ജയിലിൽ കഴിയുകയാണെന്നും കേസിലെ വിചാരണ ഇപ്പോഴൊന്നും തീരാൻ സാധ്യതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പൾസർ സുനിക്ക് ജാമ്യം നൽകുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന് സർക്കാർ വാദിച്ചു. എന്നാൽ സുപ്രീം കോടതി പൾസർ സുനിക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.
ജാമ്യം തേടി 10 തവണയാണ് സുനി മേൽക്കോടതിയെ സമീപിച്ചത്. ആറ് തവണ ഹൈക്കോടതിയിലും 4 തവണ സുപ്രീം കോടതിയിലും ഹർജി നൽകി. ഈ സമയത്തെല്ലാം സുനിക്ക് വേണ്ടി ഹാജരായത് പ്രമുഖരായ അഭിഭാഷകരായിരുന്നു. നേരത്തെ തുടർച്ചയായി ജാമ്യഹർജി ഫയൽ ചെയ്തതിന് സുനിയ്ക്ക് ഹൈക്കോടതി 25,000 രൂപ പിഴ ചുമത്തിയിരുന്നു. ഒരു ജാമ്യഹർജി തള്ളി മൂന്ന് ദിവസം കഴിഞ്ഞപ്പോൾ വീണ്ടും ജാമ്യഹർജി ഫയൽ ചെയ്തതിനാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പിഴ ചുമത്തിയത്. തുടർച്ചയായി ജാമ്യഹർജി ഫയൽ ചെയ്യാൻ സാമ്പത്തിക സഹായവുമായി ആരോ കർട്ടന് പിന്നിൽ ഉണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.
ഏഴ് വർഷമായി ജയിലിൽ കഴിയുന്ന പ്രതി വിവിധ അഭിഭാഷകർ വഴി ഹൈക്കോടതിയിൽ മാത്രം 10 തവണയാണ് ജാമ്യഹർജി ഫയൽ ചെയ്തത്. രണ്ട് തവണ സുപ്രീംകോടതിയേയും സമീപിച്ചിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. വർഷങ്ങളായി ജയിലിൽ കഴിയുന്ന പ്രതി ലീഗൽ സർവീസ് അതോറിറ്റിയുടെ സഹായത്തോടെയല്ല ജാമ്യഹർജി ഫയൽ ചെയ്യുന്നത്. സ്വന്തമായി നിയോഗിച്ചിരിക്കുന്ന അഭിഭാഷകർ വഴിയാണെന്നതും കോടതി ചൂണ്ടിക്കാട്ടുന്നുണ്ട്.
പ്രതിയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ടില്ലെന്നും മറ്റാരോ പിന്നിൽ ഉണ്ടെന്നുമാണ് ഇത് സൂചിപ്പിക്കുന്നതെന്നും കോടതി പറഞ്ഞു. നടിയെ ആക്രമിച്ച സംഭവത്തിന് പിന്നിൽ തന്നെ ഗൂഢാലോചനയുണ്ടെന്ന ആരോപണം ഉണ്ടെന്നതും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഒരു ജാമ്യഹർജി തള്ളിയാൽ സാഹചര്യങ്ങളിൽ എന്തെങ്കിലും മാറ്റം ഉണ്ടെങ്കിലേ വീണ്ടും ജാമ്യഹർജി ഫയൽ ചെയ്യാവൂ എന്നാണ് നിയമം. പൾസർ സുനി ഏപ്രിൽ 16ന് ഫയൽ ചെയ്ത ജാമ്യഹർജി മേയ് 20ന് തള്ളിയിരുന്നു. ഇതിന് പിന്നാലെ മേയ് 23ന് വീണ്ടും ജാമ്യഹർജി ഫയൽ ചെയ്തതാണ് കോടതിയെ ചൊടിപ്പിച്ചത്.
അമിക്കസ് ക്യൂറിയെ നിയോഗിച്ച് വിഷയം പരിശോധിച്ചാണ് പിഴ ചുമത്തിയിരിക്കുന്നത്. ഒരു മാസത്തിനുള്ളിൽ ലീഗൽ സർവീസ് അതോറിറ്റിയ്ക്ക് പിഴ തുക അടയ്ക്കാനും നിർദേശിച്ചിട്ടുണ്ട്. സുപ്രീം കോടതിയിൽ, ഷീന ബോറ വധക്കേസിൽ ഇന്ദ്രാണി മുഖർജിയ്ക്ക് വേണ്ടി ഹാജരാകുന്ന മുംബൈയിലെ പ്രമുഖ അഭിഭാഷകയായ സന റഈസ് ഖാൻ ആണ് പൾസർ സുനിയ്ക്ക് വേണ്ടി എത്തിയിരുന്നത്.
സുനിയ്ക്ക് വേണ്ടി സന റഈസ് ഖാൻ ഹാജരായി എന്നുള്ള വാർത്ത വന്നതിന് പിന്നാലെ നിരവധി പേരാണ് അതിനെ കുറിച്ച് പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നത്. കേസ് നടത്താൻ പോലും പൈസയില്ലെന്ന് പറയുന്ന പൾസർ സുനിയ്ക്ക് വേണ്ടി ഇത്രയും പ്രമുഖ അഭിഭാഷക എങ്ങനെ ഹാജരായി എന്നായിരുന്നു എല്ലാവരുടെയും സംശയം. സുനിയ്ക്ക് പിന്നിൽ ഏതോ വമ്പൻ ശക്തിയുണ്ടെന്നും എന്നാൽ അത് ദിലീപ് ആകാൻ സാധ്യതയില്ലെന്നുമൊക്കെയായിരുന്നു അന്നത്തെ സോഷ്യൽ മീഡിയ സംശയങ്ങൾ. ഇന്നും പലരും ഇതേ സംശയങ്ങൾ ഉന്നയിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു എറണാകുളം രായമംഗലത്ത് ഹോട്ടലിൽ കയറി അതിക്രമം നടത്തിയതിന് നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഭക്ഷണം വൈകിയെന്ന് ആരോപിച്ചായിരുന്നു സുനിയുടെ അതിക്രമം. ഇപ്പോഴിതാ ഇതിന് പിന്നാലെ സുനി ജാമ്യത്തിലിറങ്ങിയ ശേഷം നടത്തിയ ഇടപാടുകൾ പരിശോധിക്കാനൊരുങ്ങുകയാണ് പോലീസ്.
ജാമ്യത്തിൽ ഇറങ്ങിയ ശേഷം ആഡംബര കാറിലായിരുന്നു സുനിയുടെ സഞ്ചാരം. എറണാകുളം സ്വദേശിയുടെ പേരിലുള്ളതാണ് ഈ കാർ. ഇത് പണയത്തിന് എടുത്തതാണ് എന്നാണ് ഹോട്ടൽ അതിക്രമ കേസിൽ അറസ്റ്റിലായ സുനി പൊലീസിന് നൽകിയിരിക്കുന്ന മൊഴിയിൽ പറഞ്ഞിരിക്കുന്നത്.
രണ്ടര ലക്ഷം രൂപ പണയത്തിനാണ് കാർ വാടകയ്ക്ക് എടുത്തത്. ഇതിന് വേണ്ടി അമ്മയെ കൊണ്ട് ലോൺ എടുപ്പിച്ചു എന്നാണ് സുനി പറയുന്നത്. പുറത്തിറങ്ങിയ ശേഷം സുനി കൂടുതലും വാട്സാപ്പ് കോളുകളാണ് ചെയ്തിരുന്നത് എന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പൾസർ സുനിയുടെ പണമിടപാട് സംബന്ധിച്ച വിശദാംശങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സുനിയെ ഹോട്ടലിൽ അതിക്രമം നടത്തി എന്ന പരാതിയിൽ അറസ്റ്റ് ചെയ്തിരുന്നു. ശേഷം സുനിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു. പുറത്തിറങ്ങിയെങ്കിലും സുനിയെ നിരീക്ഷിക്കാൻ ആണ് പൊലീസിന്റെ തീരുമാനം. അതേസമയം ഹോട്ടലിൽ അതിക്രമം നടത്തിയ കേസിൽ കൂടി ഉൾപ്പെട്ടതിനാൽ നടിയെ ആക്രമിച്ച കേസിലെ സുനിയുടെ ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിക്കും. ഇതിനായി വിചാരണ കോടതിയെ ആണ് അന്വേഷണ സംഘം സമീപിക്കുക.
എറണാകുളം രായമംഗലത്തുള്ള ഹോട്ടലിൽ കയറി പൾസർ സുനി അതിക്രമം നടത്തിയത്. ഭക്ഷണം തരാൻ വൈകിയതിന് ഹോട്ടൽ ജീവനക്കാർക്ക് നേരെ പൾസർ സുനി ഭീഷണിയുയർത്തുകയും അസഭ്യം പറയുകയും ചെയ്തു എന്നാണ് പരാതി. പിന്നാലെ ഹോട്ടലിലെ കുപ്പി ഗ്ലാസ്സുകൾ ഇയാൾ എറിഞ്ഞു പൊട്ടിച്ചു. ഹോട്ടൽ ജീവനക്കാരുടെ പരാതിയിൽ കുറുപ്പുംപടി പൊലീസ് ആണ് സുനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഭാരതീയ ന്യായ സംഹിതയുടെ 296(ബി), 351(2), 324(4) എന്നീ വകുപ്പുകൾ ചേർത്താണ് സുനിക്കെതിരെ കേസെടുത്തിരിക്കുന്നത്.
2017 ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെട്ടത്. ഷൂട്ടിങ്ങിനുശേഷം തിരികെ വരികയായിരുന്ന നടിയുടെ കാറിനു പിന്നിൽ വാഹനമിടിപ്പിച്ച് നിർത്തുകയും അതിക്രമിച്ചു കയറി ലൈംഗികമായി ആക്രമിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു എന്നാണ് കേസ്. നടൻ ദിലീപ് കേസിൽ എട്ടാം പ്രതിയാണ്.
