Connect with us

സുനിയുടെ ആവശ്യം ബാലിശം; രണ്ട് ഫോറൻസിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണം എന്നാവശ്യപ്പെട്ട ഹർജി തള്ളി ഹൈക്കോടതി

Malayalam

സുനിയുടെ ആവശ്യം ബാലിശം; രണ്ട് ഫോറൻസിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണം എന്നാവശ്യപ്പെട്ട ഹർജി തള്ളി ഹൈക്കോടതി

സുനിയുടെ ആവശ്യം ബാലിശം; രണ്ട് ഫോറൻസിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണം എന്നാവശ്യപ്പെട്ട ഹർജി തള്ളി ഹൈക്കോടതി

കേരളക്കര ഒന്നാകെ ഉറ്റുനോക്കുന്ന കേസാണ് കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവം. വർഷങ്ങളായ നടക്കുന്ന കേസ് ഇപ്പോൾ അന്തിമ ഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. 2017 ഫെബ്രുവരി 17 നാണ് എറണാകുളത്ത് നടി ലൈംഗികാതിക്രമത്തിന് ഇരയായത്. കൃത്യം നിർവ്വഹിച്ച പൾസർ സുനി, സിനിമാ താരം ദിലീപ് ഉൾപ്പടെ പതിനഞ്ച് പേരാണ് കേസിലെ പ്രതികൾ.

ഇപ്പോഴിതാ കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയുടെ ഹർജി തള്ളിയിരിക്കുകയാണ്. കേസിലെ രണ്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയാണ് ഹൈക്കോടതി തള്ളിയത്. പ്രോസിക്യൂഷൻ സാക്ഷികളായ രണ്ട് ഫോറൻസിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണം എന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം പൾസർ സുനി ഹൈക്കോടതിയിൽ ഹർജി നൽകിയത്.

കേസിന്റെ അന്തിമ വാദം എറണാകുളം പ്രിൻസിപ്പൽ കോടതിയിൽ നടക്കുന്നതിനിടെയാണ് സുനിയുടെ ഈ നീക്കം. എന്നാൽ പൾസർ സുനിയുടെ ആവശ്യം ബാലിശമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹർജി തള്ളിയത്. ജസ്റ്റിസ് സി ജയചന്ദ്രന്റെ സിംഗിൾ ബഞ്ചാണ് ഹർജി തള്ളിയത്. സാംപിളുകൾ ശേഖരിച്ച ഡോക്ടർ, ഫോറൻസിക് ലബോറട്ടറി അസിസ്റ്റൻഡ് ഡയറക്ടർ എന്നിവരെ വീണ്ടും വിസ്തരിക്കണം എന്നായിരുന്നു പൾസർ സുനി ആവശ്യപ്പെട്ടത്.

അതിന് കാരണമായി പൾസർ സുനി ഹർജിയിൽ വ്യക്തമാക്കിയത് ഈ രണ്ട് പേരുടേയും വിസ്താര സമയത്ത് താൻ ജയിലിൽ ആയിരുന്നുവെന്നും അതുകൊണ്ട് ആ സമയത്ത് തന്റെ അഭിഭാഷകനുമായി ചർച്ച ചെയ്യാൻ സാധിച്ചില്ല എന്നുമായിരുന്നു. ഇത് വിസ്താരത്തെ ബാധിച്ചിരിക്കാനുളള സാധ്യത പരിഗണിച്ച് ഇവരെ വീണ്ടും വിസ്തരിക്കണം എന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.

എന്നാൽ ഫൊറൻസിക് വിദഗ്ധനെ വിസ്തരിച്ചപ്പോൾ സുനി വിചാരണക്കോടതിയിൽ ഹാജരായിരുന്നുവെന്നു കോടതി വ്യക്തമാക്കി. ഡോക്ടറെ വിസ്തരിച്ചപ്പോൾ കോവിഡ് സാഹചര്യമായതിനാൽ പ്രതിയെ എത്തിച്ചിരുന്നില്ല. ക്രോസ് വിസ്താരം വേണ്ടെന്ന് അന്ന് അഭിഭാഷകൻ അറിയിച്ചിരുന്നു.

കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി പ്രതി പതിവായി കോടതിയിൽ എത്തുന്നുണ്ട്. പ്രോസിക്യൂഷൻ തെളിവെടുപ്പ് പൂർത്തിയാക്കി കേസ് അന്തിമ വാദത്തിലെത്തിയ ഘട്ടത്തിലാണു മൂന്നര വർഷം മുൻപു വിസ്തരിച്ചവരെ വീണ്ടും വിളിച്ചുവരുത്തണമെന്ന് ആവശ്യപ്പെടുന്നത്. ഈ രണ്ട് സാക്ഷികളേയും നേരത്തെ 2021ലും 2022ലും വിസ്തരിച്ചതാണ്.

അതുകൊണ്ട് ഇവരെ വീണ്ടും വിസ്തരിക്കേണ്ട കാര്യമില്ലെന്നും അത് അനാവശ്യമായി കേസിന്റെ വാദം നീട്ടിക്കൊണ്ട് പോകുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഈ ആവശ്യം ഉന്നയിച്ച് പൾസർ സുനി ആദ്യം വിചാരണക്കോടതിയെ സമീപിച്ചിരുന്നു. വിചാരണ കോടതി ഹർജി തള്ളിയതിനെ തുടർന്നാണ് പൾസർ സുനി ഹൈക്കോടതിയിലേയ്ക്ക് നീങ്ങിയത്.

അതേസമയം, അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത വിചാരണ കോടതിയിൽ ഹർജി നൽകിയിരുന്നു. അടച്ചിട്ട കോടതിയിലെ വാദം അവസാനിപ്പിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. അന്തിമവാദം തുടങ്ങിയതിന് പിന്നാലെയാണ് ഈ ആവശ്യവുമായി അതിജീവിത വിചാരണക്കോടതിയെ സമീപിച്ചിരിക്കുന്നത്.

മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ച സംഭവത്തിൽ നേരത്തെ അതിജീവിത കോടതിയിൽ അവിശ്വാസം രേഖപ്പെടുത്തിയിരുന്നു. താൻ ഇരയല്ല അതിജീവിതയാണെന്ന നിലപാട് തുടക്കം മുതൽ സ്വീകരിച്ച നടി ഇപ്പോൾ അന്തിമവാദം തുറന്ന കോടതിയിൽ നടക്കട്ടെ എന്ന നിലപാട് സ്വീകരിക്കുന്നതിന് വലിയ മാനങ്ങളുണ്ട്.

സുപ്രീം കോടതി മാർഗ്ഗ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു നടിയെ ആക്രമിച്ച കേസിൻ്റെ ഇതുവരെയുള്ള വിചാരണ അടച്ചിട്ട കോടതിയിൽ നടന്നത്. എന്നാൽ വാദം അന്തിമഘട്ടത്തിലേയ്ക്ക് കടന്നതോടെ കോടതിയിൽ നടക്കുന്ന കാര്യങ്ങൾ പൊതുസമൂഹം കൂടി അറിയട്ടെ ഇതിൽ തൻ്റെ സ്വകാര്യതയുടെ വിഷയങ്ങളൊന്നുമില്ലെന്ന് കൂടിയാണ് അതിജീവിത കോടതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് വാദം നടക്കുന്നത്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു കേസിലെ പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാർ അന്തരിച്ചത്. കുറേക്കാലമായി വൃക്ക സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. ഇദ്ദേഹത്തിന്റെ രണ്ട് വൃക്കകളെയും അസുഖം ബാധിച്ചതോടെ നിരന്തരം ഡയാലിസിസ് നടത്തിയാണ് മുന്നോട്ടു പോയിരുന്നത്. തുടർച്ചയായുള്ള ഹൃദയാഘാതവും സംഭവിച്ചിരുന്നു. രോഗാവസ്ഥയിലും നടിയെ ആക്രമിച്ച കേസിൽ വിചാരണയ്ക്കായും തുടർച്ചയായി ബാലചന്ദ്രകുമാർ കോടതിയിൽ ഹാജരായിരുന്നു.

More in Malayalam

Trending