
Malayalam
10 ലക്ഷം വന്ന വഴി! ബാലചന്ദ്രൻ പറയുന്നതെല്ലാം പച്ചക്കള്ളം, സത്യാവസ്ഥ ഇതാണ്; സംവിധായകന്റെ വെളിപ്പെടുത്തൽ
10 ലക്ഷം വന്ന വഴി! ബാലചന്ദ്രൻ പറയുന്നതെല്ലാം പച്ചക്കള്ളം, സത്യാവസ്ഥ ഇതാണ്; സംവിധായകന്റെ വെളിപ്പെടുത്തൽ
നടിയെ ആക്രമിച്ച കേസും, ദിലീപിനെതിരെ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലും, അതിനെ തുടർന്ന് ദിലീപിന്റെ പ്രതികരണവും നാം വാർത്തകളിലൂടെ കേട്ടുകഴിഞ്ഞു. ഒരിടവേളയ്ക്ക് ശേഷമാണ് കേസും വീണ്ടും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. ഇപ്പോഴിതാ ഈ വിഷയത്തില്‍ വീണ്ടും പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകനും നിര്‍മാതാവുമായ ശാന്തിവിള ദിനേശ്.
തനിക്കടക്കം ചാനലില്‍ ചെന്ന് പറയാന്‍ ദിലീപ് ലക്ഷങ്ങള്‍ തന്നുവെന്ന് പലരും പറയുന്നു. സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലാണ് ഈ സംശയം വര്‍ധിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഈ ആരോപണങ്ങളൊക്കെ തീര്‍ത്തും തെറ്റാണെന്ന് ശാന്തിവിള പറയുന്നു. ബാലചന്ദ്രകുമാര്‍ തന്നെ മുമ്പ് കാണാന്‍ വന്ന കാര്യവും, തനിക്ക് ലഭിച്ച ഓഫറുകളും ശാന്തിവിള തുറന്ന് പറഞ്ഞു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സത്യത്തിന്റെ ഭാഗത്തേ താന്‍ നില്ക്കൂ എന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കി.
സംവിധായകന്റെ വാക്കുകളിലേക്ക്….
ദിലീപ് കേസില്‍ ഞാന്‍ ചര്‍ച്ചയ്ക്ക് പോയത്, മാധ്യമങ്ങള്‍ പറയുന്നത് പോലെയല്ല കാര്യങ്ങള്‍ എന്ന് എനിക്ക് തോന്നിയത് കൊണ്ടാണ്. ആ പാനലില്‍ ഉണ്ടായിരുന്ന മൂന്ന് പേര്‍ക്കും എതിരായ നിലപാടായിരുന്നു എന്റേത്. അല്ലാതെ വേറെ ബന്ധം ഈ കേസുമായി ഇല്ല. ദിലീപിനെ ആ സമയത്ത് എനിക്ക് പരിചയം പോലുമില്ലായിരുന്നു. ജയിലില്‍ നിന്ന് ഇറങ്ങുന്നത് വരെ അത് അങ്ങനെയായിരുന്നു. ജയിലില്‍ നിന്ന് ഇറങ്ങി പിറ്റേന്ന് അദ്ദേഹത്തിന്റെ അനിയന് അനൂപിന്റെ ഫോണില്‍ നിന്ന് എന്നെ വിളിച്ചിരുന്നു. അങ്ങനെയാണ് ദിലീപിനെ ആദ്യമായിട്ട് പരിചയപ്പെടുന്നത്. ദിലീപില്‍ നിന്ന് 50 ലക്ഷം രൂപയും ഡേറ്റും വാങ്ങിയെന്നായിരുന്നു ആ സമയം പലരും പ്രചാരണം. എന്നാല്‍ ജയിലില്‍ കിടക്കുന്നയാളില്‍ നിന്ന് എങ്ങനെയാണ് 50 ലക്ഷം രൂപയോ ഡേറ്റോ വാങ്ങാന്‍ സാധിക്കുകയെന്ന് ശാന്തിവിള ദിനേശ് ചോദിക്കുന്നു.
കഴിഞ്ഞ ജന്മത്തില് നിങ്ങള്‍ എന്റെ ആരായിരുന്നു എന്നാണ് ചോദിച്ചത്. ജ്യോതിഷത്തില്‍ വിശ്വാസമില്ലാത്തത് കൊണ്ട് ദിലീപ് തന്നെ ജ്യോതിഷിയോട് ചോദിക്കാന്‍ പറഞ്ഞു. ബാലചന്ദ്രകുമാര്‍ പറയുന്നത് പോലെയല്ല കാര്യങ്ങള്‍. ജയിലില്‍ മലയാളത്തില്‍ മുന്‍നിര സംവിധായകന് അടക്കം ദിലീപിനെ ജയിലില്‍ കാണാന്‍ പോയിരുന്നു. ആ സീനിയര്‍ സംവിധായകന് പിന്നീട് എന്നെ വിളിച്ചിരുന്നു. ഞാന്‍ ദിലീപിനോട് സംസാരിച്ചതില്‍ 75 ശതമാനം അയാള്‍ സംസാരിച്ചത് ദിനേശിനെ കുറിച്ചാണെന്ന് പറഞ്ഞു. അയാള്‍ സഹായിച്ച ഒരുപാട് പേര് മലയാള സിനിമയിലുണ്ട്. അവരിലൊരാള്‍ പോലും ചാനലില്‍ പോയിരുന്ന് ദിലീപിനെ കുറിച്ച് നല്ലത് പറയുന്നില്ല. ആ സമയത്ത് ദിനേശ് ഒരുപാട് നല്ല കാര്യങ്ങള്‍ ദിലീപിനെ കുറിച്ച് പറഞ്ഞു. അതില്‍ എന്നും അദ്ദേഹത്തിന് നന്ദി ഉണ്ടായിരിക്കുമെന്നും ആ സംവിധായകന് എന്നോട് പറഞ്ഞു.
ബാലചന്ദ്രകുമാര്‍ ഒരിക്കല്‍ എന്നെ കാണാന്‍ വരാന്‍ അനുവാദം ചോദിച്ചിരുന്നു. അയാള്‍ മുമ്പ് എന്റെ വലയം എന്ന സീരിയലിന്റെ ഷൂട്ടിംഗ് നടക്കുമ്പോള്‍ അതില്‍ ബാലചന്ദ്രകുമാറിന്റെ കാര്‍ ഉപയോഗിക്കാമോ എന്ന് ചോദിച്ച് വന്നയാളാണ്. ഇത് അയാളെ ഓര്‍മപ്പെടുത്തി. 22 വര്‍ഷം മുമ്പായിരുന്നു ആ കൂടിക്കാഴ്ച്ച. അതിന് ശേഷം നിരന്തരം ബാലചന്ദ്രകുമാര്‍ എന്നെ വിളിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ ചോദിക്കുക പോലും ചെയ്യാതെയാണ് അദ്ദേഹം വീട്ടിലെത്തി. അന്ന് അയാള്‍ പിക് പോക്കറ്റ് എന്ന സിനിമ ചെയ്യുകയാണെന്ന് പറഞ്ഞു. ദിലീപാണ് നായകന് എന്നും പറഞ്ഞു. ആലുവയിലെ ഗസ്റ്റ് ഹൗസില്‍ ഇരുന്നാണ് എഴുത്തെന്നും പറഞ്ഞു. ദിലീപ് ഡേറ്റ് കൊടുത്തെന്ന് കേട്ടപ്പോള്‍ എനിക്ക് അദ്ഭുതമായിരുന്നു. അനൂപുമായി നല്ല അടുപ്പമാണെന്നും ഇയാള്‍ പറഞ്ഞു.
ദിലീപ് ജയിലില്‍ നിന്ന് കൊണ്ട് പലര്‍ക്കും പണം കൊടുത്ത് അദ്ദേഹത്തിന് വേണ്ടി സംസാരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് ബാലചന്ദ്രകുമാര്‍ പറയുന്നുണ്ട്. എന്നാല്‍ ഇത് കള്ളമാണ്. യഥാര്‍ത്ഥത്തില്‍ ബാലചന്ദ്രകുമാര്‍ എന്നെ കാണാന്‍ വന്നത് ദിലീപ് ജയിലില്‍ നിന്നിറങ്ങിയ ശേഷമാണ്. തന്നെ സഹായിക്കണമെന്ന് നിരവധി പേര് ദിലീപിനോട് പറയുന്നുണ്ടെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നുവെന്ന് ശാന്തിവിള പറയുന്നു. ഒരു പത്ത് ലക്ഷം രൂപ നിങ്ങള്‍ക്ക് തരാം എന്ന് ബാലചന്ദ്രകുമാര്‍ എന്നോട് പറഞ്ഞു. അത് വേണ്ടെന്ന് ഞാനും പറഞ്ഞു. ചേട്ടന്റെ അവസ്ഥ അറിയാം, അതുകൊണ്ട് ഈ പണം തരാമെന്ന് പറഞ്ഞു. ഈ പത്ത് ലക്ഷം രൂപ കടമായി വാങ്ങിയാല്‍ മതിയെന്നും ഇയാള്‍ പറഞ്ഞു. സീരിയലോ സിനിമയോ അതുകൊണ്ട് നിര്‍മിക്കാനും പറഞ്ഞു. എനിക്ക് സീരിയല്‍ കിട്ടിയില്ലെങ്കില്‍ എന്ത് ചെയ്യുമെന്ന് ഞാന്‍ തിരിച്ച് ചോദിച്ചു.
പിന്നെ എനിക്ക് പുറത്തിറങ്ങി നടക്കാന്‍ പറ്റുമോ എന്ന് ഞാന്‍ ചോദിച്ചു. ഇത്തരം കാര്യവുമായി വരരുതെന്നും ഞാന്‍ ബാലചന്ദ്രകുമാറിനോട് പറഞ്ഞു. പിന്നീട് തന്റെ ഭാര്യ സിന്ധുവിനെ വിളിച്ച് സുരാജും അനൂപുമൊക്കെ ഈ പണം വാങ്ങണമെന്ന് പറഞ്ഞു. ബാങ്ക് അക്കൗണ്ടില്‍ ഇട്ട് തരാമെന്നും പറഞ്ഞു. ഈ പണം സിനിമ എങ്ങാനും ചെയ്ത ശേഷം ദിലീപിന് നല്കിയാല് മതിയെന്നും അനൂപ് പറഞ്ഞു. എന്നാല്‍ പണം വാങ്ങില്ലെന്ന് ഭാര്യയും അറിയിച്ചു. അതോടെ ആ കാര്യം അവസാനിച്ചു. ഇതാണ് ദിലീപിന് വേണ്ടി ചര്‍ച്ചയ്ക്ക് വരുന്നവരെല്ലാം വാടകയ്ക്ക് എടുത്തവരാണെന്ന് ബാലചന്ദ്രകുമാര്‍ പറയുന്ന കാര്യം. എന്നേക്കാള്‍ നല്ല നിലയിലുള്ള മഹേഷും സജി നന്ത്യാട്ടുമൊക്കെ അത്തരക്കാരാണെന്ന് പറയുന്നത് തന്നെ മോശമാണെന്ന് ശാന്തിവിള ദിനേശ് പറഞ്ഞു.
ദിലീപിനെ വളരെ മോശമായി എഴുതി പത്രക്കാര് വരെയുണ്ട്. കിടപ്പറയില്‍ ദിലീപ് പരാജയമാണെന്ന് വരെ പറഞ്ഞവരുണ്ട്. ദിലീപ് ഡേറ്റ് കൊടുത്തില്ലെന്ന് പറഞ്ഞ് ചാനലില്‍ വന്ന് അദ്ദേഹത്തെ കുറ്റം പറഞ്ഞവരുണ്ട്. സംഘടന പിളര്‍ന്നതിന് ദിലീപിനെ വേട്ടയാടിയവരുണ്ട്. അതൊന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞില്ല. അവരെല്ലാം നീതിമാന്മാര്. ബാക്കിയുള്ളവര്‍ കൈക്കൂലിക്കാരാണെന്ന് പറയുന്നത് ശരിയല്ല. ഈ ബാലചന്ദ്രകുമാര്‍ എന്നെ കാണാന്‍ വരുന്നത് തന്നെ വേറെ ഉദ്ദേശങ്ങള്‍ ഉള്ളത് കൊണ്ടാണ്. ഞാന്‍ ദിലീപിനെ വിളിച്ച് ബാലചന്ദ്രകുമാറിന് ഒരു ഡേറ്റ് നല്കാന് ശുപാര്‍ശ ചെയ്യണം. എന്നാല്‍ കൊന്നാലും പറയില്ലെന്ന് ഞാനും മറുപടി നല്കി. കഴിഞ്ഞ രണ്ട് വര്‍ഷമായി എന്നെ അദ്ദേഹം കാണാറുമില്ല.
പത്ത് ലക്ഷം എന്നത് ചര്‍ച്ചയ്ക്ക് പോകാനായി എനിക്ക് തന്നതല്ല. എന്റെ അവസ്ഥ അറിഞ്ഞ് അദ്ദേഹം നല്‍കാമെന്ന് പറഞ്ഞതാണ്. സത്യാവസ്ഥ ഇക്കാര്യത്തില്‍ അത് മാത്രമാണ്. മലയാള സിനിമയില്‍ എത്ര ആളുകള്‍ ദിലീപില്‍ നിന്ന് കടമായി പണം വാങ്ങിയിട്ടുണ്ടെന്ന് എനിക്കറിയാം. അവരെല്ലാം പിന്നീട് ദിലീപിന്റെ ശത്രുവായി മാറിയിട്ടുണ്ട്. മക്കളുടെ വിവാഹം നടത്താനായി സിനിമ എടുക്കട്ടെ എന്ന് ചോദിച്ചപ്പോള്‍ അത് വേണ്ടെന്നും, പകരം കല്യാണത്തിനുള്ള പണം നല്കിയ ചരിത്രം വരെ ദിലീപിനുണ്ട്. സംവിധായകനാകാന്‍ ഒരു യോഗ്യതയുമില്ലാത്തവരെ വരെ ദിലീപ് സംവിധായകനാക്കിയിട്ടുണ്ട്. പക്ഷേ എന്റെ കാര്യത്തില്‍ ആര്‍ക്കും സംശയം വരാം. പക്ഷേ ദിലീപില്‍ നിന്ന് ഒരു പൈസ പോലും താന്‍ വാങ്ങിയിട്ടില്ലെന്നും ശാന്തിവിള പറഞ്ഞു.
ദിനേശിനെ വിലയ്ക്ക് വാങ്ങാന്‍ ആരെ കൊണ്ടും സാധിക്കില്ല. എന്റെ അമ്മ മരിച്ചപ്പോള്‍ ആകെ വന്നത് സംവിധായകന് ലാല്‍ ജോസായിരുന്നു. അന്ന് മാക്ടയിലുള്ള സിബി മലയിലും കമലുമൊന്നും തിരിഞ്ഞ് നോക്കിയില്ല. അവരോടൊന്നും ഒരിക്കലും എനിക്ക് ബഹുമാനമുണ്ടാവില്ല. എന്നെ വേണ്ടാത്തവരെ എനിക്കും വേണ്ട. പക്ഷേ ലാല്‍ ജോസ് വന്നത് അദ്ഭുതപ്പെടുത്തി. ചോദിച്ചപ്പോള്‍ ദിലീപ് പറഞ്ഞിട്ട് വന്നതാണെന്ന് പറഞ്ഞു. കമ്മാരസംഭവത്തിന്റെ സെറ്റില്‍ മേക്കപ്പ് ഒക്കെ ഇട്ട് ഇരിക്കുന്നത് കൊണ്ടാണ് ദിലീപിന് വരാന്‍ പറ്റാതിരുന്നത്. എല്ലാ ചടങ്ങുകളും കഴിയുന്നത് വരെ ലാല്‍ ജോസ് അവിടെയുണ്ടായിരുന്നു.
മൃതദേഹം ആംബുലന്‍സില്‍ കയറ്റിപ്പോള്‍ ലാല്‍ ജോസ് ഒരു ചെക്ക് എന്റെ നേര്‍ക്ക് നീട്ടി. ഈ സമയം ചെലവുകള്‍ ഉള്ളതല്ലേ ഇത് വാങ്ങണമെന്ന് പറഞ്ഞു. ഇതില്‍ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ആ പണം പിന്നീട് തന്നാല്‍ മതിയെന്നും പറഞ്ഞു. ഇത് ഞാന്‍ ജീവിതത്തില്‍ മറക്കില്ലെന്നും ഞാന്‍ ലാല്‍ ജോസിനോട് പറഞ്ഞു. പക്ഷേ ആ പണം ഞാന്‍ വാങ്ങിയില്ല. എന്റെ കൈയ്യില്‍ ഉണ്ടെന്ന് ഞാന്‍ ലാലുവിനെ അറിയിച്ചു. അദ്ദേഹം സന്തോഷത്തോടെയാണ് ചടങ്ങുകള്‍ കഴിഞ്ഞ് മടങ്ങിയതെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. അതേസമയം താന്‍ ഒരിക്കല്‍ ചീത്ത പറഞ്ഞ രണ്‍ജി പണിക്കര്‍ ഇതേ സമയത്ത് തന്നെ വിളിച്ചിരുന്നു. തനിക്ക് സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ വാങ്ങിയില്ലെന്നും ശാന്തിവിള വ്യക്തമാക്കി.
