Connect with us

അരങ്ങൊഴിഞ്ഞു.., മധുരക്കിനാവില്‍ ഒരുപിടി ഗാനങ്ങള്‍ ബാക്കിയാക്കി ബിച്ചു തിരുമല വിടവാങ്ങി; വിയോഗ വാര്‍ത്ത താങ്ങാനാകാതെ ആരാധകര്‍

Malayalam

അരങ്ങൊഴിഞ്ഞു.., മധുരക്കിനാവില്‍ ഒരുപിടി ഗാനങ്ങള്‍ ബാക്കിയാക്കി ബിച്ചു തിരുമല വിടവാങ്ങി; വിയോഗ വാര്‍ത്ത താങ്ങാനാകാതെ ആരാധകര്‍

അരങ്ങൊഴിഞ്ഞു.., മധുരക്കിനാവില്‍ ഒരുപിടി ഗാനങ്ങള്‍ ബാക്കിയാക്കി ബിച്ചു തിരുമല വിടവാങ്ങി; വിയോഗ വാര്‍ത്ത താങ്ങാനാകാതെ ആരാധകര്‍

കാവ്യ ഭംഗി വിളിച്ചോതുന്ന മധുരമൂറുന്ന വരികളിലൂടെ സംഗീത ആസ്വാദകരുടെ മനം കവര്‍ന്ന ബിച്ചു തിരുമല അന്തരിച്ചു. ബി.ശിവശങ്കരന്‍ നായര്‍(80) എന്നാണ് യഥാര്‍ത്ഥ പേര്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. നാന്നൂറിലേറെ സിനിമകളിലും കാസറ്റുകളിലുമായി അയ്യായിരത്തോളം പാട്ടുകള്‍ അദ്ദേഹം എഴുതി. ചുരുങ്ങിയ സമയത്തില്‍ സിനിമയുടെ കഥാസന്ദര്‍ഭത്തിനുചേരുംവിധം കാവ്യഭംഗിയുള്ള രചനകള്‍ നടത്തുന്നതില്‍ പ്രഗത്ഭനായിരുന്നു. ജല അതോറിട്ടി റിട്ട.ജീവനക്കാരി പ്രസന്നകുമാരിയാണ് ഭാര്യ. സുമന്‍ ശങ്കര്‍ ബിച്ചു ആണ് മകന്‍. അദ്ദേഹവും സംഗീത സംവിധായകന്‍.

മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് രണ്ടുതവണ ലഭിച്ചിരുന്നു. 1942 ഫെബ്രുവരി 13 ന് ശാസ്തമംഗലം പട്ടാണിക്കുന്നു വീട്ടില്‍ പാറുക്കുട്ടിയമ്മയുടെയും സി.ജെ ഭാസ്‌ക്കരന്‍ നായരുടെയും മൂത്ത മകനായിട്ടായിരുന്നു ബിച്ചു തിരുമലയുടെ ജനനം. അറിയപ്പെടുന്ന പണ്ഡിതന്‍ കൂടിയായിരുന്ന മുത്തച്ഛന്‍ വിദ്വാന്‍ ഗോപാലപിള്ള സ്‌നേഹത്തോടെ വിളിച്ച വിളിപ്പേരാണ് ബിച്ചു. തിരുവനന്തപുരം തിരുമലയിലേക്ക് താമസം മാറിയതോടെ അദ്ദേഹം ബിച്ചു തിരുമലയായി.

ഗായികയായ സഹോദരിക്ക് മത്സരങ്ങളില്‍ പങ്കെടുക്കാനായി കവിതകളെഴുതിയാണ് ബിച്ചു തിരുമലയുടെ കാവ്യജീവിതത്തിന്റെ തുടക്കം. 1962ല്‍ അന്തര്‍സര്‍വകലാശാല റേഡിയോ നാടക മത്സരത്തില്‍ ‘ബല്ലാത്ത ദുനിയാവ്’ എന്ന നാടകമെഴുതി അഭിനയിച്ചു ദേശീയതലത്തില്‍ ഒന്നാം സ്ഥാനം നേടി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്നു ധനതത്വശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം സിനിമാ സംവിധാന മോഹവുമായി ചെന്നൈയിലേത്തി. ഏറെ നാളത്തെ കഷ്ടപ്പാടുകള്‍ക്കൊടുവില്‍ സംവിധായകന്‍ എം. കൃഷ്ണന്‍ നായരുടെ സഹായിയായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു.

‘ശബരിമല ശ്രീധര്‍മശാസ്താവ്’ എന്ന ചിത്രത്തില്‍ സംവിധാനസഹായി ആയി. ആ കാലത്ത് ബിച്ചു ഒരു വാരികയില്‍ എഴുതിയ കവിത ‘ഭജഗോവിന്ദം’ എന്ന സിനിമയ്ക്കുവേണ്ടി ഉപയോഗിച്ചു. സിനിമ പുറത്തിറങ്ങിയില്ലെങ്കിലും ‘ബ്രാഹ്മമുഹൂര്‍ത്തത്തില്‍ പ്രാണസഖീ നീ പല്ലവി പാടിയ നേരം…’ എന്നു തുടങ്ങുന്ന ആ പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു. നടന്‍ മധു സംവിധാനം ചെയ്ത ‘അക്കല്‍ദാമ’ എന്ന ചിത്രമാണ് ബിച്ചു തിരുമല എഴുതിയ ഗാനങ്ങളുമായി ആദ്യം പുറത്തിറങ്ങിയത്. ഈ ചിത്രത്തില്‍ ശ്യാം സംഗീതം നല്‍കി ബ്രഹ്മാനന്ദന്‍ പാടിയ ‘നീലാകാശവും മേഘങ്ങളും…’ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു.

സംഗീത സംവിധായകന്‍ ശ്യാമിനുവേണ്ടിയാണ് അദ്ദേഹം ഏറ്റവുമധികം പാട്ടുകള്‍ എഴുതിയത്. ഇളയരാജ, എ.ടി ഉമ്മര്‍, ജെറി അമല്‍ദേവ്, ദക്ഷിണാമൂര്‍ത്തി, ദേവരാജന്‍ മാസ്റ്റര്‍, രവീന്ദ്രന്‍, ഔസേപ്പച്ചന്‍ തുടങ്ങിയ ഒട്ടുമിക്ക സംഗീതസംവിധായകര്‍ക്കൊപ്പവും നിരവധി ഗാനങ്ങള്‍ ചെയ്തു. എ.ആര്‍ റഹ്മാന്‍ മലയാളത്തില്‍ സംഗീതം നല്‍കിയ ഏക സിനിമയായ ‘യോദ്ധ’യിലെ വരികളെഴുതിയതും ബിച്ചുവാണ്. ‘പടകാളി ചണ്ഡി ചങ്കരി പോര്‍ക്കലി…’, ‘കുനുകുനെ ചെറു കുറുനിരകള്‍…’, ‘മാമ്പൂവേ മഞ്ഞുതിരുന്നോ…’ എന്നിങ്ങനെ ‘യോദ്ധ’യിലെ മൂന്നു പാട്ടുകളും സൂപ്പര്‍ഹിറ്റായി.

ഏതൊരാളുടേയും മനസ്സിലേക്ക് അതിവേഗമെത്തുന്ന ലളിതമായ വാക്കുകളായിരുന്നു ബിച്ചുതിരുമലയുടെ മുഖമുദ്ര. ശ്യാം, എടി ഉമ്മര്‍, രവീന്ദ്രന്‍, ദേവരാജന്‍, ഇളയരാജ അടക്കമുള്ളവരുമായി ബിച്ചു തീര്‍ത്തത് ഹിറ്റ് പരമ്പരകള്‍. കുഞ്ഞ് ഉറങ്ങണമെങ്കില്‍ ബിച്ചുവിന്റെ പാട്ട് നിര്‍ബന്ധമാകും വിധം തീര്‍ത്തത് താരാട്ടുപാട്ടുകളുടെ വിസ്മയം

1994ല്‍ ക്രിസ്മസ് തലേന്ന് മകന് വേണ്ടി പുല്‍ക്കൂട് ഒരുക്കാന്‍ വീടിന്റെ സണ്‍ഷേഡില്‍ കയറി വീണ ബിച്ചുവിന്റെ ബോധം വീണ്ടെടുത്തതും സ്വന്തം ഹിറ്റ് പാട്ട്. ഡോക്ടര്‍മാര്‍ ഓരോ പാട്ടുകളെ കുറിച്ച് ചോദിച്ചുകൊണ്ടിരുന്നു. കണ്ണാന്തുമ്പി എഴുതിയാതാരാണെന്ന് ചോദ്യത്തിന് താന്‍ തന്നെയെന്ന് പറഞ്ഞ് അപകടം കഴിഞ്ഞ് പതിനൊന്നാം ദിവസം പാട്ടെഴുത്തിലേക്കും ജീവിതത്തിലേക്കും മടങ്ങി ബിച്ചുതിരുമല. എ ആര്‍ റഹ്മാന്‍ മലയാളത്തിലൊരുക്കിയ ഒരോയൊരു സിനിമയായ യോദ്ധയിലെ പാട്ടുമെഴുതിയത് ബിച്ചുതിരുമലയാണ്.

മൂവായിരത്തോളം സിനിമാപാട്ടുകളാണ് ഒരുക്കിയത്. ഒപ്പം സൂപ്പര്‍ഹിറ്റായ ലളിതഗാനങ്ങള്‍ വേറെയും. രണ്ട് തവണ സംസ്ഥാന പുരസ്‌ക്കാരം ലഭിച്ചു. 1981-ലും 1991-ലുമായിരുന്നു മികച്ച ഗാനരചനയിതാവിനുളള സംസ്ഥാന അവാര്‍ഡ്, 1990ല്‍ ആദ്യ കവിതാസമാഹാരമായ അനുസരണയില്ലാത്ത മനസ്സിന് വാമദേവന്‍ പുരസ്‌ക്കാരം ലഭിച്ചു. പിന്നണിഗായിക സുശീലദേവിയും സംഗീത സംവിധായകന്‍ ദര്‍ശന്‍ രാമനും സഹോദരങ്ങളാണ്. ഭാര്യ പ്രസന്ന, ഏക മകന്‍ സുമന്‍. വരികളിലെ ലാളിത്യമായിരുന്നു എന്നും അദ്ദേഹത്തിന്റെ ജീവിതത്തിലും ജീവിതത്തിലും. വഴുതക്കാടും ശാസ്തമംഗലത്തുമെല്ലാം നടന്നും ഓട്ടോയില്‍ സഞ്ചരിച്ചുമെല്ലാം സാധാരണക്കാരനില്‍ സാധാരണക്കാരനായി ജീവിച്ച അസാമാന്യ പാട്ടെഴുത്തുകാരന്‍ ബിച്ചുതിരുമലക്ക് വിട.

Continue Reading

More in Malayalam

Trending

Recent

To Top