നാദിർഷായുടെ പുതിയ സിനിമകളായ ‘ഈശോ’ കേശു ഈ വീടിന്റെ നാഥൻ എന്നിവയ്ക്കെതിരെ ഉയരുന്ന വിവാദത്തിൽ സംവിധായകൻ നാദിർഷായ്ക്കു പിന്തുണയുമായി മലയാള സിനിമാലോകം.
ജയസൂര്യ നായകനാകുന്ന ‘ഈശോ’ എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞദിവസം പുറത്തുവന്നതിനു പിന്നാലെയാണ് വിവാദങ്ങൾക്ക് തുടക്കമായത് . സിനിമയുടെ പേര് ക്രിസ്ത്യൻ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്നാണ് ചിലർ ആരോപിക്കുന്നത്. സാമുദായിക സംഘടനകളുടെ എതിർപ്പിനു പിന്നാലെ, സിനിമ പുറത്തിറക്കാൻ അനുവദിക്കില്ലെന്ന് കേരള ജനപക്ഷം നേതാവ് പി.സി. ജോർജും പറഞ്ഞിരുന്നു.
സിനിമ കാണുകപോലുംചെയ്യാതെ പ്രത്യേക അജൻഡവെച്ച് മനുഷ്യരെ വിഭജിക്കാനുള്ള ചിലരുടെ ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോഴുള്ള വിവാദങ്ങളെന്നാണ് സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക പറയുന്നത്. വിവാദങ്ങൾ നിർഭാഗ്യകരമാണെന്നു സംവിധായകൻ സിബി മലയിൽ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഫെഫ്ക പോസ്റ്റ് ചെയ്ത കുറിപ്പിങ്ങനെ ; ശ്രീ. നാദിർഷ സംവിധാനം ചെയ്യുന്ന ഈശോ എന്ന സിനിമയുമായി ബന്ധപ്പെട്ട് സമീപ ദിവസങ്ങളിൽ ചില തൽപ്പര കക്ഷികൾ ബോധപൂർവ്വം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന വിവാദത്തിൽ ഫെഫ്ക ഉത്കണ്ഠ രേഖപ്പെടുത്തുകയും ഈ വിഷയത്തിൽ പ്രബുദ്ധമായ കേരളീയ പൊതുസമൂഹത്തിന്റെ സത്വര ശ്രദ്ധയും പിന്തുണയും അഭ്യർത്ഥിക്കുകയും ചെയ്യുന്നു.
സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കുന്ന ഇത്തരം കുത്സിത നീക്കങ്ങളെ ചെറുക്കണമെന്ന് വിവേകമതികളായ കേരളീയരോട് അഭ്യർത്ഥിക്കുന്നു . വിശ്വാസി സമൂഹത്തിൽ നിന്നു തന്നെ ഈ നീക്കത്തിനെതിരെ സിനിമക്ക് അനുകൂലമായി ശബ്ദങ്ങൾ ഉയരുന്നുണ്ട് എന്നത് ഏറെ പ്രതീക്ഷ നൽകുന്ന കാര്യമാണ് . സിനിമയുടെ ടൈറ്റിൽ ആയി കേന്ദ്ര കഥാപാത്രത്തിന്റെ പേര് വരുന്നത് ആദ്യ സംഭവമല്ല.
അന്തർദേശീയ പുരസ്കാരങ്ങളും മുഖ്യധാരാ വിജയങ്ങളും നേടിയ ഒട്ടേറെ ചിത്രങ്ങൾ പ്രേക്ഷക സ്വീകാര്യതയോടെ നമ്മുടെ മുമ്പിലുണ്ട് . ഈ. മ യൗ ( ഈശോ മറിയം യൗസേപ്പ് ) , ജോസഫ് , നരസിംഹം തുടങ്ങിയ പേരുകളോടെ വന്ന ധാരാളം ചിത്രങ്ങൾ ഉദാഹരണങ്ങളാണ് . സിനിമ കാണുക പോലും ചെയ്യാതെ പ്രത്യേക അജണ്ടകൾ വെച്ച് മനുഷ്യരെ വിവിധ ചേരികളായി വിഭജിച്ചു നിർത്താനുള്ള ഗൂഢനീക്കങ്ങൾ അന്നൊന്നും ഉണ്ടായിട്ടില്ല .
ജാതി , മത , രാഷ്രീയ , പ്രാദേശിക വിഭജനങ്ങളില്ലാതെ , പൂർണ്ണമായും സാമുദായിക സൗഹാർദ്ദത്തോടെ പ്രവർത്തിക്കുന്ന തൊഴിൽ ഇടമാണ് ചലച്ചിത്ര മേഖല .അത് തകർക്കാൻ ശ്രമിച്ചപ്പോഴൊക്കെ പൊതുസമൂഹത്തിന്റെ പിന്തുണയോടെ പരസ്പരം കൈകോർത്ത് കൂടുതൽ കരുത്തോടെ സിനിമാരംഗം മുന്നേറുകയാണ് ചെയ്തിട്ടുള്ളത് എന്ന് സാന്ദർഭികമായി ഓർമ്മപ്പെടുത്തട്ടെ .
ഈശോ എന്ന പേരുമായി മുന്നോട്ട് പോകാനുള്ള സംവിധായകൻ നാദിർഷയുടെ തീരുമാനത്തെ ഫെഫ്ക സ്വാഗതം ചെയ്യുകയും മലയാള ചലച്ചിത്ര പ്രവർത്തകരുടെ ഉറച്ച പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യുന്നു .
സിനിമയുടെ ഉള്ളടക്കം , പേര് തുടങ്ങിയ സുപ്രധാനമായ കാര്യങ്ങളിൽ പുറത്തുനിന്നുള്ള നിയന്ത്രണം അങ്ങേയറ്റം ആപത്കരമാണ് . ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്മേലുള്ള ഈ കടന്നുകയറ്റത്തെ ഒറ്റക്കെട്ടായി ചെറുക്കാൻ പൊതുസമൂഹത്തിന്റെ കൂടി പിന്തുണ ഉണ്ടാകണമെന്ന് ഫെഫ്ക അഭ്യർത്ഥിക്കുന്നു .
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...