Malayalam
സൂപ്പര്‍താര ചിത്രങ്ങള്‍ ഇല്ല; ഇത്തവണ വിഷു ആഘോഷമാക്കാന്‍ എത്തുന്നത് ഈ ആറ് ചിത്രങ്ങള്‍
സൂപ്പര്‍താര ചിത്രങ്ങള്‍ ഇല്ല; ഇത്തവണ വിഷു ആഘോഷമാക്കാന്‍ എത്തുന്നത് ഈ ആറ് ചിത്രങ്ങള്‍
പ്രതീക്ഷയുടെയും പ്രത്യാശയുടെയും ഒരു വിഷുക്കാലം കൂടി വരികയാണ്. മലയാളികള്‍ക്ക് അവധിക്കാലം എന്നു പറഞ്ഞാല്‍ ആഘോഷങ്ങളുടെയും വിശ്രമങ്ങളുടെയും ആസ്വാദനങ്ങളുടെയും ദിവസങ്ങളാണ്. അതില്‍ പ്രധാന പങ്കുവഹിക്കുന്നത് സിനിമകള്‍ തന്നെയാണ്. തിയേറ്ററുകളിലേയ്ക്ക് കൂടുതല്‍ കുടുംബ പ്രേക്ഷകര്‍ എത്തുന്നതും ഈ സമയത്താണ്.
എല്ലാ വിഷുവിനും നിരവധി സിനിമകളാണ് തിയേറ്ററുകളിലെത്തുന്നത്. എന്നാല്‍ ഇത്തവണത്തെ വിഷുവിന് സൂപ്പര്‍താര ചിത്രങ്ങളൊന്നും തന്നെ തിയേറ്ററുകളിലെത്തുന്നില്ല. ഈ വിഷുക്കാലം അടിച്ചു പൊളിക്കാന്‍ തിയേറ്റുകളിലേയ്ക്ക് എത്തുന്നത് ആറു സിനിമകളാണ്. അവ ഇതൊക്കെയാണ്.
സുരാജ് വെഞ്ഞാറമൂട് നായകനാവുന്ന ‘മദനോത്സവം’, ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്ണ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘അടി’ എന്നിവ ഇതിനകം തന്നെ പ്രേക്ഷകശ്രദ്ധ നേടി കഴിഞ്ഞു. പ്രശോഭ് വിജയന് സംവിധാനം ചെയ്യുന്ന അടിയുടെ നിര്‍മ്മാണം വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്മാന് ആണ്. അഹാനയ്ക്കും ഷൈനിനുമൊപ്പം ധ്രുവന്, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസന് എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
രതീഷ് ബാലകൃഷ്ണന് പൊതുവാളിന്റ തിരക്കഥയില്‍ നവാഗതനായ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മദനോത്സവം. ഇ സന്തോഷ് കുമാറിന്റെ ‘തങ്കച്ചന് മഞ്ഞക്കാരന്‍’ എന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം ഒരു കോമഡി മാസ് എന്റര്ടെയ്നര് ആണ്.
അന്നു ആന്റണി, ഇന്ദ്രന്‍സ്, ആന്‍സണ്‍ പോള്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോമി കുര്യാക്കോസ് സംവിധാനം ചെയ്ത മേഡ് ഇന്‍ കാരവാന് റിലീസിനൊരുങ്ങുകയാണ്.
കൈലാഷ്, സരയൂ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്യാം ശിവരാജന് സംവിധാനം ചെയ്ത ഉപ്പുമാവ് വിഷുവിന് തിയേറ്ററുകളിലെത്തുന്നു. കാര്‍ത്തിക് രാമകൃഷ്ണന്, വിനീത് വിശ്വം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗോകുല്‍ രാമകൃഷ്ണന് സംവിധാനം ചെയ്ത ‘താരം തീര്‍ത്ത കൂടാരം’, പി എം തോമസുകുട്ടി സംവിധാനം ചെയ്ത ‘ഉസ്കൂള്’ എന്നിവയും ഇത്തവണത്തെ മലയാളത്തിലെ മറ്റ് വിഷു റിലീസുകള്‍.
