ആക്ഷന്‍ ഹീറോ ബിജുവിലെ ആ വേഷം ജോജു വേണ്ടെന്ന് വെച്ചത്, അതോടെ എനിക്ക് കിട്ടി; സുരാജ് വെഞ്ഞാറമ്മൂട്
നിവിന്‍ പോളി പ്രധാന വേഷത്തിലെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ആക്ഷന്‍ ഹീറോ ബിജു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ഇതിനിടെ ഈ ചിത്രത്തെ കുറിച്ച് സുരാജ് വെഞ്ഞാറമ്മൂട് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.
ആക്ഷന്‍ ഹീറോ ബിജുവില്‍ താന്‍ ആദ്യം ചെയ്യേണ്ടിയിരുന്നത് ജോജു ജോര്‍ജ് അവതരിപ്പിച്ച മിനി എന്ന കഥാപാത്രമായിരുന്നുവെന്നാണ് സുരാജ് പറയുന്നത്. പവിത്രന്‍ എന്ന കഥാപാത്രം ആദ്യ നല്‍കിയത് ജോജുവിനാണ്, അദ്ദേഹം ആ കഥാപാത്രം ചെയ്യാന്‍ തയാറാകാതിരുന്നതുകൊണ്ടാണ് ഏബ്രിഡ് ഷൈന്‍ ആ കഥാപാത്രം തനിക്കു നല്‍കിയതെന്നും അദ്ദേഹം പറയുന്നു.
‘ആക്ഷന്‍ ഹീറോ ബിജു സിനിമയ്ക്കു മുമ്പേ കോമഡി വിട്ട് ക്യാരക്ടര്‍ റോള്‍ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ആ സമയത്ത് ഒന്നും സാധിച്ചില്ല. എന്റെ ഈ ആഗ്രഹത്തെക്കുറിച്ച് പലരോടും ഞാന്‍ സംസാരിച്ചിട്ടുണ്ട്. ‘അണ്ണാ എനിക്ക് നല്ലൊരു ക്യാരക്ടര്‍ വേഷം തരുമോ’യെന്ന് രഞ്ജിയേട്ടനോടും ഞാന്‍ ചോദിച്ചു.
ഇപ്പോള്‍ നീ തമാശ രീതിയില്‍ അല്ലെ ചെയ്യുന്നത് അത് അങ്ങനെ തന്നെ പോകട്ടെയെന്നും സമയമാവുമ്പോള്‍ എല്ലാം ശരിയാകുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. അത് കേട്ടപ്പോള്‍ ഞാനും പിന്നെ കാത്തിരിക്കാന്‍ തുടങ്ങി. ഇപ്പോള്‍ വരും, അവസരം കിട്ടും എന്നൊക്കെ പ്രതീക്ഷിച്ച് ഇരിക്കാന്‍ തുടങ്ങി. അങ്ങനെയാണ് ആക്ഷന്‍ ഹീറോ ബിജു കിട്ടുന്നത്.
അത് ഞാന്‍ സംവിധായകനോട് അങ്ങോട്ട് ചോദിച്ചതാണ്. അദ്ദേഹത്തിന്റെ ‘1983’ പടം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. അടുത്ത സിനിമയില്‍ ഒരു റോളെങ്കിലും തരണമെന്ന് ഏബ്രിഡ് ഷൈനോട് ഞാന്‍ പറഞ്ഞു. ജോജു ചെയ്ത മിനി എന്ന പൊലീസുകാരന്റെ വേഷമായിരുന്നു ആദ്യം എന്നോട് പറഞ്ഞത്.
അത് കേട്ടപ്പോള്‍ ഞാന്‍ ഭയങ്കര സന്തോഷത്തിലായിരുന്നു. അപ്പോഴാണ് പറയുന്നത് അതെനിക്ക് തരാന്‍ പറ്റില്ല. അത് ജോജുവിന് കൊടുത്തുവെന്ന്. എനിക്ക് അപ്പോള്‍ വേഷമില്ലേയെന്ന് ഞാന്‍ ചോദിച്ചു. നോക്കാമെന്നാണ് പിന്നെ പറഞ്ഞത്. ‘ഞാന്‍ ജോജുവിന് വച്ചൊരു വേഷമുണ്ട്.
അത് ചെയ്യാന്‍ പറ്റില്ലെന്നാണ് ജോജു പറയുന്നത്. സുരാജിന് കൊടുക്കാനാണ് ജോജു ഇപ്പോള്‍ പറയുന്ന’തെന്നും അദ്ദേഹം പറഞ്ഞു. പിന്നെ നോക്കുമ്പോള്‍ ജോജു എന്നെ വിളിച്ചു. ‘അളിയാ അത് നീ ചെയ്യ്’ എന്നെന്നോട് പറഞ്ഞു. അങ്ങനെയാണ് ആ വേഷം ചെയ്യുന്നത്. അതിന് ശേഷമാണ് കുറേ കരച്ചില്‍ റോളുകള്‍ വന്നത്’ എന്നുംസുരാജ് പറഞ്ഞു.