100 കോടി നേട്ടം സ്വന്തമാക്കി കുതിച്ചുയർന്ന് മഹാരാജ!!!
By
നിതിലൻ സാമിനാഥൻ സംവിധാനം ചെയ്ത വിജയ് സേതുപതി ചിത്രം ‘മഹാരാജ’ തിയേറ്ററുകളിൽ മികച്ച പ്രേക്ഷക അഭിപ്രായത്തോടെ പ്രദർശനം തുടരുകയാണ്. വിജയ് സേതുപതിയുടെ കരിയറിലെ 50-ാം ചിത്രം എന്ന പ്രത്യേകത കൂടി മഹാരാജയ്ക്കുണ്ട്.
ഇപ്പോഴിതാ മറ്റൊരു സന്തോഷവാർത്തയാണ് പുറത്തുവരുന്നത്. വിജയ് സേതുപതി നായകനായ മഹാരാജ 100 കോടി ക്ലബിൽ ഇടം പിടിച്ചിരിക്കുകയാണ്. ഒരു ഇടവേളക്ക് ശേഷമാണ് വിജയ് സേതുപതി നായകനായി എത്തിയ ചിത്രം തമിഴ്നാട്ടിലും കേരളത്തിലും ഒരുപോലെ ബോക്സ് ഓഫീസിൽ തിളക്കം സൃഷ്ടിക്കുന്നത്.
വിജയ് സേതുപതിയുടെ ആദ്യ 100 കോടി ചിത്രമാണ് മഹാരാജ. ഇന്ത്യയിൽ നിന്ന് മാത്രമായി 76 കോടിയോളം ചിത്രം നേടിയതായാണ് സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത്. ഓവർസീസ് കളക്ഷൻ 24 കോടിയുമാണ്. ആഗോളതലത്തിൽ ഈ വർഷം 100 കോടിയിൽ എത്തുന്ന രണ്ടാമത്തെ തമിഴ് ചിത്രമായി മാറിയിരിക്കുകയാണ് മഹാരാജ.
തന്റെ ജീവിതത്തിൽ സംഭവിച്ച ഒരു കാര്യത്തിന്റെ കാരണക്കാരെ തേടി മഹാരാജ ഇറങ്ങുന്നതും, പിന്നീടുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. റിവഞ്ച്- ആക്ഷൻ ത്രില്ലർ ജേർണറിൽ പുറത്തിറങ്ങിയ ചിത്രത്തിൽ നോൺ ലീനിയർ നറേഷനിലൂടെയാണ് നിതിലൻ കഥ പറയുന്നത്.
ജൂലൈ 19-ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രത്തന്റെ ഒടിടി സ്ട്രീമിംഗ് ആരംഭിക്കുന്നത്. അനുരാഗ് കശ്യപ് ആണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്. മംമ്ത മോഹൻദാസ്, നാട്ടി നടരാജ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാണ്.
പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരവും ദി റൂട്ടിന്റെ ബാനറിൽ ജഗദീഷ് പളനിസ്വാമിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ബി അജനീഷ് ലോക്നാഥ് ആണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത്. ദിനേശ് പുരുഷോത്തമൻ ഛായാഗ്രഹണം നിര്വഹിക്കുന്ന ചിത്രത്തിന് ഫിലോമിൻ രാജ് ആണ് എഡിറ്റിംഗ് ചെയ്യുന്നത്.
