മോഹൻലാലും മമ്മുട്ടിയും കുടുംബസമേതം! നവദമ്പതികൾക്ക് ആശംസ അറിയിച്ച് മോദി.. ആവേശത്തില്‍ ആരാധകര്‍
സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷ് വിവാഹിതയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ പങ്കെടുക്കുന്ന വിവാഹമായതിനാല്‍ അതീവ സുരക്ഷയാണ് സ്ഥലത്ത്. സുരേഷ് ഗോപിയുടെ അടുത്ത സുഹൃത്തുക്കളായ സിനിമയിലെ വന്‍ താരനിരയും വിവാഹത്തിന് എത്തുന്നുണ്ട്. മലയാള സിനിമയിലെ മുന്‍നിരക്കാരെ ഒരുമിച്ച് കാണാന്‍ കഴിയുന്നതിന്റെ ആവേശം സിനിമാപ്രേമികളെ സംബന്ധിച്ച് ഉണ്ട്. ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തുനിന്നുള്ള നിരവധി വീഡിയോകള്‍ ഇതിനകം വൈറല്‍ ആയിട്ടുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ്, ഖുഷ്ബു എന്നിവരൊക്കെ നേരത്തേതന്നെ ചടങ്ങില്‍ സംബന്ധിക്കാന്‍ എത്തിയിട്ടുണ്ട്. വിവാഹത്തിന് തലേ രാത്രി തന്നെ മോഹന്‍ലാലും മമ്മൂട്ടിയും കുടുംബസമേതം എത്തിയിരുന്നു. സുരേഷ് ഗോപിയുടെ ഭാര്യ രാധിക ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. അതേസമയം വിവാഹത്തില്‍ പങ്കെടുക്കാന്‍ ഇന്ന് രാവിലെ കാറില്‍ വന്നിറങ്ങിയ മോഹന്‍ലാല്‍ അടക്കമുള്ള താരനിര ആരാധകര്‍ക്ക് വലിയ ആവേശമാണ് ഉണ്ടാക്കിയിട്ടുള്ളത്.
അതേസമയം സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി. ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിൽ ഹെലിപാഡിൽ ഹെലികോപ്റ്ററിലെത്തിയ അദ്ദേഹം റോഡ് മാര്‍ഗം ഗുരുവായൂരിലെ ശ്രീവത്സം ഗസ്റ്റ് ഹൗസിലേക്ക് പോയി. ഇവിടെ വിശ്രമിച്ച് വസ്ത്രം മാറിയ ശേഷം അദ്ദേഹം ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് എത്തി. ഇലക്ട്രിക് വാഹനത്തിലാണ് അദ്ദേഹം ക്ഷേത്രത്തിലേക്ക് എത്തിയത്. രാവിലെ 8.45 നാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹം. രാവിലെ 10.10 ന് പ്രധാനമന്ത്രി തൃപ്രയാര്‍ ക്ഷേത്രത്തിലെത്തും. പിന്നീട് 12 മണിയോടെ കൊച്ചിയിൽ തിരിച്ചെത്തി ഷിപ്പ്യാര്ഡിലെ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഒന്നരയോടെ മറൈൻ ഡ്രൈവിൽ ബിജെപിയുടെ പൊതുപരിപാടിയിൽ പങ്കെടുക്കും. വൈകിട്ടോടെ ദില്ലിക്ക് മടങ്ങും എന്ന നിലയിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
