നാലാമത്തെ ദിവസം പ്രണയം തോന്നുന്നുവെങ്കില്‍ നല്ല പച്ച മടലിന് അടി കിട്ടാത്തതിന്റെ പ്രശ്നമാണ്… കണ്ടാല്‍ ഉടനെ തോന്നുന്നത് പ്രണയമല്ല- രജിത് കുമാർ
ബിഗ് ബോസ് വീട്ടിൽ പാലിക്കേണ്ട പരിധികള്‍ ജാസ്മിനും ഗബ്രിയും ലംഘിച്ചിട്ടുണ്ടെന്ന് പറയുകയാണ് മുന്‍ ബിഗ് ബോസ് താരമായ രജിത് കുമാർ. മര്യാദക്ക് രണ്ടാഴ്ച സമയമൊക്കെ എടുത്ത്, പൂമ്പാറ്റകളെപ്പോലെ പാറി നടക്കണമായിരുന്നു. അപ്പോള്‍ നമുക്ക് തന്നെ തോന്നണം ഇവർ ഒന്ന് പ്രണയിച്ചിരുന്നെങ്കിലെന്ന്. അർജുവിന്റേതും ശ്രീതുവിന്റേതും നോക്കൂ. അവർ അടുത്ത് വരും, പക്ഷെ പെട്ടെന്ന് തന്നെ അകന്ന് പോകുമെന്നും രജിത് കുമാർ പറയുന്നു. നാലാമത്തെ ദിവസം പ്രണയം തോന്നുന്നുവെങ്കില്‍ നല്ല പച്ച മടലിന് അടി കിട്ടാത്തതിന്റെ പ്രശ്നമാണ്. പ്രണയം ദൈവികമാണ്. അത് ഉള്ളില്‍ നിന്നും വരുന്ന അനുഭൂതിയാണ്.
കണ്ടാല്‍ ഉടനെ തോന്നുന്നത് പ്രണയമല്ല. മനസ്സിലാക്കി ചെയ്താല്‍ അത് ബെസ്റ്റ് തന്നെയാണ്. ജനങ്ങളുടെ മനസ്സു പള്‍സും അറിഞ്ഞ് ഗെയിം കളിക്കാന്‍ അറിയുന്നവരെയാണ് ബ്രില്യന്റ് പ്ലെയർ എന്ന് പറയുന്നത്. അല്ലെങ്കില്‍ പൊട്ടി പാളീസായി പുറത്തേക്ക് വരേണ്ട വരും. കുറച്ച് പണവും പ്രശസ്തിയുമായിട്ടാണ് ചിലരൊക്കെ പുറത്തേക്ക് വരുന്നത്. എന്നാല്‍ ഈ പണം കൊണ്ട് വലിയ ഉപകാരമില്ലാതാകും. ജനങ്ങളെക്കൂടി നോക്കി വേണം എന്തും ചെയ്യാന്‍. ഞാന്‍ ഒരിക്കലും പ്രണയത്തിന് എതിരല്ല, പക്ഷെ ആ പ്രണയം ദൈവികമാണ്. തേച്ചിട്ട് പോകാനുള്ള ഒരു സാധനമല്ല പ്രണയം. ആ ദൈവികമായ സാധനത്തെ നമ്മള്‍ പുഷ്പം പോലെ സൂക്ഷിക്കണമെന്നും രജിത് കുമാർ പറയുന്നു. വളരെ സ്വാഭാവികമായ രീതിയില്‍ അവർക്ക് കാര്യങ്ങള്‍ അവതരിപ്പിക്കാമായിരുന്നു. എന്നാല്‍ ആരോ കോച്ചിങ് കൊടുത്തുവിട്ടത് പോലെ വളരെ പെട്ടെന്നായിരുന്നു. അവിടെയൊക്കെയാണ് ഈ സംഭവം ചീറ്റി പോയതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. റോക്കി ചെയ്ത കാര്യം പൂർണ്ണമായും തെറ്റാണ്. മലയാളം ബിഗ് ബോസിലെ തന്നെ മറ്റുള്ളവർ ചെയ്തതും റോക്കി ചെയ്തതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ബാക്കിയുള്ള പലതും ചെറിയ ലാഘവത്തില്‍ എടുക്കാന്‍ കഴിയുന്ന കാര്യങ്ങളായിരുന്നു. റോബിനെ പുറത്താക്കിയ കാര്യവും എന്റേതുമെല്ലാം നോക്കൂ. അതൊക്കെ നിസ്സാര കാര്യങ്ങളായിരുന്നു. ചെറിയ രീതിയിലുള്ള തള്ളലുകൊണ്ടൊന്നും ആരേയും പുറത്താക്കാന്‍ പാടില്ല. അങ്ങനെ പോകുമ്പോഴാണ് ഷോയ്ക്ക് നിലവാരമില്ലാതായി മാറുന്നത്.
എന്നോടാണ് സിജോ തൊടടാ… എന്ന് പറഞ്ഞ് വെല്ലുവിളിക്കുന്നതെങ്കില്‍ ഞാന്‍ തൊടും. പക്ഷെ അത് ഒരുപക്ഷെ സ്നേഹത്തോടെയുള്ള ഉമ്മയായിരിക്കും. എന്നാല്‍ അവിടെ എന്താണ് സംഭവിച്ചത്. ഒറ്റ ഇടിയില്‍ പല്ലൊക്കെ ഇളകി പറഞ്ഞ് പോയാല്‍ എങ്ങനെ സഹിക്കാന്‍ പറ്റും. എന്നിട്ടും സിജോ ക്ഷമിച്ചു. മുമ്പ് നടന്നതൊക്കെ ചെറിയ സംഭവങ്ങളായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.