Malayalam
വിതുമ്പുന്ന വാക്കുകള്‍ക്കൊണ്ട്, ചേച്ചിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനാവുന്നില്ല.. ഓര്‍മ്മകളില്‍ എന്നും ആ മാതൃസ്നേഹം നിറഞ്ഞുതുളുമ്പും- മോഹൻലാൽ
വിതുമ്പുന്ന വാക്കുകള്‍ക്കൊണ്ട്, ചേച്ചിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനാവുന്നില്ല.. ഓര്‍മ്മകളില്‍ എന്നും ആ മാതൃസ്നേഹം നിറഞ്ഞുതുളുമ്പും- മോഹൻലാൽ
പ്രശസ്ത നടി കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തില്‍ ആദരാഞ്ജലികളര്‍പ്പിച്ച് സിനിമാ ലോകം. 79 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ മെയ് മാസത്തില്‍ അര്‍ബുദം സ്ഥിരീകരിച്ചിരുന്നു. അപ്പോഴേക്കും രോഗം നാലാം ഘട്ടത്തിലേക്ക് കടന്നിരുന്നു. സെപ്തംബര്‍ മൂന്നിന് തുടര്‍ പരിശോധനകള്‍ക്കും ചികിത്സക്കുമായിട്ടാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. അരനൂറ്റാണ്ട് മലയാള സിനിമയിൽ തിളങ്ങി നിന്ന കവിയൂർ പൊന്നമ്മ മോഹൻലാൽ ചിത്രങ്ങളിലെ സ്ഥിര സാന്നിധ്യമായിരുന്നു. 50 ഓളം മോഹൻലാൽ ചിത്രങ്ങളിൽ അമ്മ കഥാപാത്രങ്ങളായും അല്ലാതെയും അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രങ്ങളെല്ലാം തന്നെ അക്കാലത്തെ സൂപ്പർ ഹിറ്റുകളും ആയിരുന്നു.മക്കൾ എങ്ങനെയുള്ളവരായാലും ഒരമ്മയ്ക്ക് അവരെ എങ്ങനെ കണ്ണടച്ച് സ്നേഹിക്കാനും ലാളിക്കാനും ആകും എന്നത് കവിയൂർ പൊന്നമ്മതന്റെ കഥാപാത്രങ്ങളിലൂടെ ജീവിച്ചു കാണിച്ചു. ഇപ്പോഴിതാ ഹൃദയം തൊടുന്ന കുറിപ്പ് പങ്കുവച്ച് നടന്‍ മോഹന്‍ലാല്‍. അമ്മയുടെ വിയോഗത്തിന്റെ വേദനയില്‍ കുറിക്കുന്നതാണ് ഈ വാക്കുകള്‍ എന്നു തുടങ്ങുന്നതാണ് മോഹന്‍ലാലിന്റെ ഓര്‍മക്കുറിപ്പ്. കവിയൂര്‍ പൊന്നമ്മയ്ക്കൊപ്പം മകനായി അഭിനയിക്കേണ്ടി വന്നിട്ടില്ലെന്നും ജീവിക്കുക തന്നെയായിരുന്നു.
ഓര്‍മ്മകളില്‍ എന്നും ആ മാതൃസ്നേഹം നിറഞ്ഞുതുളുമ്പും എന്നും മോഹന്‍ലാല്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
മോഹന്‍ലാലിന്റെ പോസ്റ്റ് പൂര്‍ണ രൂപം
അമ്മയുടെ വിയോഗത്തിന്റെ വേദനയില്‍ കുറിക്കുന്നതാണ് ഈ വാക്കുകള്‍. പെറ്റമ്മയോളം സ്നേഹം കഥാപാത്രത്തിനും ഞാനെന്ന വ്യക്തിക്കും എക്കാലത്തും പകര്‍ന്നു തന്ന എന്റെ പ്രിയപ്പെട്ട പൊന്നമ്മച്ചേച്ചി. മലയാളത്തിലെ ഞങ്ങളുടെ പ്രിയപ്പെട്ട പ്രേക്ഷകര്‍ക്കും ഞങ്ങള്‍ അമ്മയും മകനും ആയിരുന്നു. എത്ര കാലം കഴിഞ്ഞാലും അമ്മയ്ക്ക് മകന്‍ മകന്‍ തന്നെയാണ് എന്ന സത്യം വിളിച്ചോതുന്നതായിരുന്നു, പല കാലഘട്ടങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ച ചിത്രങ്ങള്‍.
പൊന്നമ്മച്ചേച്ചിയോടൊപ്പം മകനായി അഭിനയിക്കേണ്ടി വന്നിട്ടില്ല എനിക്ക് ഒരിക്കലും, ജീവിക്കുക തന്നെയായിരുന്നു. കിരീടം, ഭരതം, വിയറ്റ്നാം കോളനി, ദശരഥം, നാട്ടുരാജാവ്, വടക്കും നാഥന്‍, കിഴക്കുണരും പക്ഷി, ഒപ്പം.. പൊന്നമ്മച്ചേച്ചി മാതൃത്വം പകര്‍ന്നുതന്ന എത്രയെത്ര സിനിമകള്‍. മകന്‍ അല്ലായിരുന്നിട്ടും മകനേ എന്ന് വിളിച്ച് ഓടിവരുന്ന ‘ഹിസ് ഹൈനസ് അബ്ദുള്ള’ യിലെ കഥാപാത്രം പോലെയായിരുന്നു ജീവിതത്തില്‍ പൊന്നമ്മച്ചേച്ചി എനിക്കും..വിതുമ്പുന്ന വാക്കുകള്‍ക്കൊണ്ട്, ചേച്ചിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനാവുന്നില്ല.. ഓര്‍മ്മകളില്‍ എന്നും ആ മാതൃസ്നേഹം നിറഞ്ഞുതുളുമ്പും.. എന്നിങ്ങനെ പറഞ്ഞുകൊണ്ടായിരുന്നു കുറിപ്പ് അവസാനിപ്പിച്ചത്.
എഴുനൂറില്‍പരം സിനിമകളിലാണ് പൊന്നമ്മ അഭിനയിട്ടുള്ളത്. അടുത്തകാലത്ത് കുടുംബാംഗങ്ങളോ ബന്ധുക്കളോ ആരും നോക്കാനില്ലാതെ ഒറ്റപ്പെട്ട ജീവിതം നയിക്കുകയാണെന്ന സമൂഹമാധ്യമങ്ങളില്‍ കവിയൂര്‍ പൊന്നയെ കുറിച്ചു വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, ഈ വാര്‍ത്തകള്‍ തള്ളി അവര്‍ തന്നെ രംഗത്തുവരികയുണ്ടായി. തന്റെ ഇളയസഹോദരനും കുടുംബത്തിനുമൊപ്പമാണ് വര്‍ഷങ്ങളായി താമസിക്കുന്നതെന്നും അവരാണ് തന്റെ കാര്യങ്ങള്‍ നോക്കുന്നതെന്നും കവിയൂര്‍ പൊന്നമ്മ വ്യക്തമാക്കിയിരുന്നു. നാലു തവണ ഏറ്റവും മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 2021 ല്‍ റിലീസ് ചെയ്ത ആണു പെണ്ണും എന്ന ആന്തോളജി ചിത്രമാണ് കവിയൂര്‍ പൊന്നമ്മയുടേതായി അവസാനം തിയറ്ററുകളിലെത്തിയ സിനിമ. മലയാളസിനിമയുടെ അമ്മയായിട്ടാണ് കവിയൂര്‍ പൊന്നമ്മയെ ഇന്നും സിനിമാപ്രേമികള്‍ കാണുന്നത്.
നെറ്റിയിലൊരു വട്ടപ്പൊട്ടും, ചിരിച്ച മുഖവും അത് തന്നെയാണ് താരത്തെ ഓര്‍ക്കുമ്പോള്‍ തന്നെ മലയാളികളുടെ മനസ്സില്‍. മോഹന്‍ലാലിന്റെ അമ്മ വേഷങ്ങളില്‍ കവിയൂര്‍ പൊന്നമ്മ ഏറെ ശ്രദ്ധനേടിയിരുന്നു. യഥാര്‍ത്ഥത്തില്‍ കവിയൂര്‍ പൊന്നമ്മ മോഹന്‍ലാലിന്റെ അമ്മയാണോയെന്ന് വരെ ചിലര്‍ സംശയിച്ചിരുന്ന സാഹചര്യമുണ്ടായിരുന്നു എന്നാണ് സിനിമാ ലോകവും പറഞ്ഞിരുന്നത്.
നാടകത്തില്‍ നിന്നും സിനിമയിലേക്കെത്തിയ താരം കരിയറിന്റെ തുടക്കത്തില്‍ തന്നെ അമ്മ വേഷവും അവതരിപ്പിച്ചിരുന്നു . നിര്‍മ്മാതാവായ മണിസ്വാമിയെ ആയിരുന്നു കവിയൂര്‍ പൊന്നമ്മ വിവാഹം ചെയ്തത്. ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകളെക്കുറിച്ച് മുന്‍പ് കവിയൂര്‍ പൊന്നമ്മ തുറന്നുപറഞ്ഞിരുന്നു. ബിന്ദു മണിസ്വാമിയാണ് കവിയൂര്‍ പൊന്നമ്മയുടെ ഏകമകള്‍. അമേരിക്കയില്‍ രണ്ടുമക്കള്‍ക്കും, ഭര്‍ത്താവിനും ഒപ്പം സെറ്റില്‍ഡാണ് ബിന്ദു.