ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവെ തൃശൂർ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി മുന്നിൽ
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവെ തൃശൂർ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി മുന്നിൽ. 20,000 വോട്ടിന്റെ ലീഡാണ് സുരേഷ് ഗോപിക്കുള്ളത്. എൽഡിഎഫ് സ്ഥാനാർത്ഥി സുനിൽ കുമാറാണ് രണ്ടാം സ്ഥാനത്തുള്ളത്.
യുഡിഎഫ് സ്ഥാനാത്ഥി കെ മുരളീധരൻ മൂന്നാം സ്ഥാനത്താണ്. സംസ്ഥാനത്ത് ഏറ്റവും ശക്തമായ ത്രികോണ പോരാട്ടം നടന്ന മണ്ഡലമാണ് തൃശൂർ. സുരേഷ് ഗോപിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണത്തിനിറങ്ങിയെങ്കിലും തൃശൂർ ഇളകില്ലെന്നാണ് എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ അവകാശപ്പെടുന്നത്.
അതിനിടെ പോളിംഗ് ശതമാനം കുറഞ്ഞത് മൂന്ന് മുന്നണികളെയും നിരാശപ്പെടുത്തി. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 4.96 ശതമാനം വോട്ടിംഗിന്റെ ഇടിവാണ് പോളിംഗിൽ ഉണ്ടായത്. 2019ൽ 77.86 ശതമാനം ആയിരുന്നു പോളിംഗ്. ഇത്തവണ 72.90 ശതമാനം ആയാണ് പോളിംഗ് ഇടിഞ്ഞത്. ഇതോടെ മണ്ഡലത്തിന്റെ അവസ്ഥ പ്രവചനാതീതമായി.ആദ്യ ഫലസൂചനകൾ പുറത്തുവന്നപ്പോൾ, തൃശൂരിൽ വിഎസ് സുനിൽ കുമാറായിരുന്നു മുന്നിൽ. പോസ്റ്റൽ വോട്ടിലും സുനിൽ കുമാറായിരുന്നു ലീഡ് ചെയ്‌തത്. കോൺഗ്രസിന്റെ സിറ്റിംഗ് മണ്ഡലമായ തൃശൂരിൽ ഇത്തവണ എൻഡിഎ വിജയിക്കുമെന്നായിരുന്നു എക്‌സിറ്റ് പോൾ പ്രവചനങ്ങൾ.
