Uncategorized
മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട ‘AMMA – WCC ‘ പ്രബല സംഘടനകള്‍ തമ്മില്‍ നടക്കുന്ന പോരാട്ടത്തിന്റെ ഇരയാണ് താനെന്ന്- സിദ്ദിഖ്
മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട ‘AMMA – WCC ‘ പ്രബല സംഘടനകള്‍ തമ്മില്‍ നടക്കുന്ന പോരാട്ടത്തിന്റെ ഇരയാണ് താനെന്ന്- സിദ്ദിഖ്
ബലാത്സംഗക്കേസിലെ പ്രതിയായ ചലച്ചിത്രതാരം സിദ്ദിഖ് ഇപ്പോഴും ഒളിവിലാണ്. സിദ്ദിഖിനെതിരെ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലും തിരച്ചിൽ നോട്ടിസ് പത്രങ്ങളിൽ പ്രസിദ്ധീകരിക്കാൻ ഡിജിപി നിർദേശം നൽകി. ഇതുസംബന്ധിച്ച അഭ്യർഥനയുമായി എല്ലാ സംസ്ഥാനങ്ങളിലെയും ഡിജിപിമാർക്ക് ഇമെയിൽ അയച്ചു. മറ്റേതെങ്കിലും സംസ്ഥാനത്തെത്തിയാൽ തിരിച്ചറിഞ്ഞ് അന്വേഷണസംഘത്തെ അറിയിക്കാൻ ഫോൺ നമ്പറും പത്രങ്ങൾക്ക് നൽകിയിട്ടുണ്ട്. തമിഴ്നാട്, കർണാടക പത്രങ്ങളിൽ സിദ്ദിഖിന്റെ ഫോട്ടോ പതിച്ച അറിയിപ്പും അന്വേഷണസംഘത്തിന്റെ ഫോൺ നമ്പറും പരസ്യമായി പ്രസിദ്ധീകരിക്കാൻ ഇന്നലെത്തന്നെ കൈമാറി. അതേസമയം മലയാള സിനിമാ മേഖലയുമായി ബന്ധപ്പെട്ട രണ്ട് പ്രബല സംഘടനകള്‍ തമ്മില്‍ നടക്കുന്ന പോരാട്ടത്തിന്റെ ഇരയാണ് താനെന്ന് ബലാത്സംഗക്കേസിലെ പ്രതിയായ ചലച്ചിത്രതാരം സിദ്ദിഖ്. ശരിയായ അന്വേഷണം നടത്താതെയാണ് ബലാത്സംഗക്കേസില്‍ തന്നെ പ്രതിയാക്കിയതെന്നും സിദ്ദിഖ് ആരോപിക്കുന്നു. സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സിദ്ദിഖ് ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളും, ആവശ്യങ്ങളും പുറത്ത് വന്നിരിക്കുകയാണ്. സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗിയുടെ ജൂനിയറായ രഞ്ജീത റോത്തഗി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് മലയാള സിനിമ മേഖലയിലെ രണ്ട് സംഘടനകള്‍ തമ്മിലുള്ള തര്‍ക്കത്തെ സംബന്ധിച്ച് ആരോപിച്ചിരിക്കുന്നത്. അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റും (AMMA), വുമണ്‍ ഇന്‍ സിനിമ കളക്ടീവും (WCC) തമ്മില്‍ നടക്കുന്ന തര്‍ക്കത്തിന്റെ ഇരയാണ് താന്‍ എന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സിദ്ദിഖ് ആരോപിച്ചിരിക്കുന്നത്. കേസ് അന്വേഷിക്കുന്ന പോലീസ് സംഘത്തിനെതിരെയും ഗുരുതരമായ ആരോപണം മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉണ്ട്. ശരിയായ രീതിയില്‍ അന്വേഷണം നടത്താതെയാണ് ബലാത്സംഗ കേസില്‍ തന്നെ പ്രതിയാക്കിയത് എന്ന് സിദ്ദിഖ് ആരോപിച്ചിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യത്തിനായി സിദ്ദിഖ് മുന്നോട്ടുവെയ്ക്കുന്ന മറ്റ് പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇവയാണ്. പരാതി നല്‍കിയതിനും, കേസ് എടുക്കുന്നതിനും എട്ട് വര്‍ഷത്തെ കാലതാമസം ഉണ്ടായി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പരസ്പരവിരുദ്ധമായ ആരോപണങ്ങള്‍ ആണ് പരാതിക്കാരി ഉന്നയിക്കുന്നതെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതേസമയം മലയാള സിനിമ മേഖലയിലെ രണ്ട് പ്രബല സംഘടനകള്‍ തമ്മില്‍ നടക്കുന്ന പോരാട്ടം രാജ്യത്തിന്റെ പരമോന്നത കോടതിയായ സുപ്രീം കോടതിയിലെ വാദ പ്രതിപാദങ്ങളുടെ ഭാഗമാകാന്‍ പോകുന്നു. സിദ്ദിഖിന് വേണ്ടി മുന്‍ കൂര്‍ ജാമ്യാപേക്ഷയില്‍ ഹാജരാകുന്ന സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി സിനിമ സംഘടനകള്‍ക്കിടയിലെ കലഹവും പോരാട്ടവും സുപ്രീം കോടതിയില്‍ വിശദീകരിക്കുമെന്നാണ് സൂചന. സിദ്ദിഖിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായ അഭിഭാഷകരുടെ വാദം പരാതിക്കാരിക്ക് എതിരായ ആരോപണങ്ങളെ കേന്ദ്രീകരിച്ചായിരുന്നു. എന്നാല്‍ മലയാള സിനിമ മേഖലയുമായി ബന്ധപ്പെട്ട സംഘടനകള്‍ തമ്മില്‍ നടക്കുന്ന ചേരിപ്പോരിന്റെ ഇരയാണ് സിദ്ദിഖ് എന്ന വാദത്തില്‍ ഊന്നിയാകും സുപ്രീം കോടതിയിലെ നിയമ പോരാട്ടം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിനുശേഷം AMMA യുടെ നേതൃതലത്തില്‍ ഉണ്ടായിരുന്ന പലര്‍ക്കെതിരെയുമാണ് വെളിപ്പെടുത്തലുകളും, കേസുകളും ഉണ്ടായത്. ഇത് ആകസ്മികമല്ലെന്നാണ് സിദ്ദിഖിന് ഒപ്പം നില്‍ക്കുന്ന ചലച്ചിത്ര മേഖലയിലെ പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നത്. അതേസമയം മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച്ച പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സിദ്ദിഖിന്റെ അഭിഭാഷക രഞ്ജിത റോത്തഗി സുപ്രീം കോടതി രജിസ്ട്രാര്‍ക്ക് കത്ത് നല്‍കി. ബുധനാഴ്ച രാത്രിയാണ് കത്ത് കൈമാറിയത്. ഈ ആവശ്യം ഇന്ന് ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് സുപ്രീം കോടതി വൃത്തങ്ങള്‍ അറിയിച്ചു. കേസ് എന്ന് ലിസ്റ്റ് ചെയ്യണമെന്നും, ഏത് ബെഞ്ച് പരിഗണിക്കണം എന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ആണ് തീരുമാനിക്കുക എന്നും സുപ്രീം കോടതി വൃത്തങ്ങള്‍ പറഞ്ഞു. സിദ്ദിഖിന്റെ ഹര്‍ജി അടിയന്തിരമായി പരിഗണിക്കാന്‍ സുപ്രീം കോടതി രജിസ്ട്രിക്ക് കൈമാറിയ കത്തില്‍ പറഞ്ഞിരിക്കുന്ന പ്രധാന കാര്യങ്ങള്‍ ഇവയാണ്. അറസ്റ്റ് ഉണ്ടാകുമെന്ന് ഭയപ്പെടുന്നു. 65 വയസുള്ള സീനിയര്‍ സിറ്റിസണ്‍ ആണെന്നും പേരക്കുട്ടി ഉള്‍പ്പടെയുള്ള കുടുംബത്തിലെ അംഗമാണ് സിദ്ദിഖ് എന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സിദ്ദിഖിന് ക്രിമിനല്‍ പശ്ചാത്തലം ഇല്ല. പല അവാര്‍ഡുകളും, അംഗീകാരങ്ങളും നേടിയിട്ടുള്ള വ്യക്തിയാണ്. സാക്ഷികളെ സ്വാധീനിക്കുമെന്നോ, തെളിവുകള്‍ നശിപ്പിക്കുമെന്നോ ഉള്ള ആശങ്ക വേണ്ട. മുന്‍കൂര്‍ ജാമ്യത്തിന് കോടതി മുന്നോട്ട് വയ്ക്കുന്ന ഏതു വ്യവസ്ഥയും അംഗീകരിക്കാന്‍ തയ്യാര്‍ ആണെന്നും കത്തില്‍ വിശദീകരിച്ചിട്ടുണ്ട്. അതേസമയം സിദ്ദിഖിനെ തേടി ചെന്നൈയിലും ബെംഗളൂരുവിലും പ്രത്യേക നിരീക്ഷണവും ഏർപ്പെടുത്തിയെന്ന് പൊലീസ് പറയുന്നു. രണ്ടാം ദിവസവും പിടിയും കൊടുക്കാതെ സിദ്ദിഖ് ഒളിവിൽ തുടരുന്നതിനിടെ, മുഖം രക്ഷിക്കാനാണു പൊലീസ് നീക്കം.റോഡ് മാർഗം കേരളത്തിൽ നിന്നു രക്ഷപ്പെടാതിരിക്കാൻ അതിർത്തികളിൽ പരിശോധനാ സംഘത്തെ നിയോഗിച്ചു. സിദ്ദിഖിനെ കണ്ടെന്നു പറഞ്ഞ് പത്തിലധികം ഫോൺ കോളുകൾ വന്നതിനെ തുടർന്ന് ഇന്നലെ രാത്രി ഇവിടെയെല്ലാം പരിശോധന നടത്തി. പുലർച്ചെ വർക്കലയിൽ ഹോട്ടലിൽ കണ്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് അവിടെയും പൊലീസ് പരിശോധന നടത്തി.
കൊച്ചിയിലെ ഒഴിഞ്ഞുകിടക്കുന്ന ഫ്ലാറ്റുകളിലും പരിശോധന നടത്തിയെന്നാണ് പൊലീസ് പറയുന്നത്. ചില നടൻമാരുടെ ഫാം ഹൗസുകൾ, ഫ്ലാറ്റുകൾ, വീടുകൾ എന്നിവിടങ്ങളിൽ അന്വേഷിച്ചെന്നും ഡ്രൈവർമാരുടെയും സിനിമാമേഖലയിലെ ഉന്നതരുടെയും വരെ ഫോണുകൾ പരിശോധനയ്ക്ക് നൽകിയിരിക്കുന്നുവെന്നുമൊക്കെ പറയുമ്പോഴും അറസ്റ്റ് നീളുന്നത് പൊലീസിന് ക്ഷീണമാണ്. ഫീൽഡിൽ 10 സംഘവും സൈബർ സംഘത്തിന്റെ മറ്റൊരു 10 പേരും പരിശോധനയിൽ സജീവമാണെന്നും പൊലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.