Malayalam
ഭാഗ്യ പരീക്ഷണത്തിനൊരുങ്ങി ദിലീപ്; വോയിസ് ഓഫ് സത്യനാഥന്റെ ഒടിടി റിലീസ് തീയതി പുറത്ത്
ഭാഗ്യ പരീക്ഷണത്തിനൊരുങ്ങി ദിലീപ്; വോയിസ് ഓഫ് സത്യനാഥന്റെ ഒടിടി റിലീസ് തീയതി പുറത്ത്
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളില്‍ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയര്‍ തുടങ്ങിയത്. പിന്നീട് ചില സിനിമകളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു. അതോടൊപ്പം ചെറിയ ചെറിയ വേഷങ്ങളില്‍ സിനിമയില്‍ മുഖം കാണിച്ചു. ഒടുവില്‍ നായകനായി മലയാളികളുടെ പ്രിയപ്പെട്ട താരമായി ജനപ്രിയനായകനായി. ഇപ്പോള്‍ നിര്‍മ്മാതാവായും നടനായുമെല്ലാം അങ്ങനെ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് ദിലീപ്.
മലയാള സിനിമയില്‍ നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച നടനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരന്‍ ആയിരുന്നു ദിലീപ്. കോമഡി സിനിമകളുടെ ഒരു നിര തന്നെ ദിലീപിന്റേതായുണ്ട്. മീശമാധവന്, സിഐഡി മൂസ, കല്യാണ രാമന് ഉള്‍പ്പെടെയുള്ള സിനിമകള്‍ ദിലീപിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റ് സിനിമകളായി ഇന്നും നിലനില്ക്കുന്നു. നടന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.
നടനോ കാവ്യയോ മകള്‍ മഹാലക്ഷ്മിയോ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്ക് താഴെ പ്രേക്ഷകര്‍ കമന്റുകളുമായി എത്താറുണ്ട്. ഇക്കഴിഞ്ഞ ഓണത്തിനും ശ്രീകൃഷ്ണ ജയന്തിയ്ക്കുമെല്ലാം ദിലീപും കാവ്യയും പങ്കുവെച്ചിരുന്നു ചിത്രങ്ങളെല്ലാം തന്നെ നിമിഷ നേരത്തിനുള്ളിലായിരുന്നു വൈറലായി മാറിയത്. കുറച്ച് നാളുകള്‍ക്ക് ശേഷമായിരുന്നു ദിലീപിന്റേതായി ഒരു ചിത്രം തിയേറ്ററുകളിലെത്തിയത്. ‘വോയ്സ് ഓഫ് സത്യനാഥന്’ ആയിരുന്നു അത്.
അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജനപ്രിയനായകന് എന്ന ലേബലില്‍ തിയറ്ററില്‍ എത്തിയ ചിത്രമായിരുന്നു വോയ്സ് ഓഫ് സത്യനാഥന്. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈന ടൗണ്‍, തെങ്കാശിപ്പട്ടണം, റിംങ് മാസ്റ്റര്‍ എന്നി ചിത്രങ്ങള്‍ക്കു ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രം കൂടിയായിട്ടും ചിത്രത്തിന് വിചാരിച്ച അത്രയും പ്രേക്ഷകരെ ആകര്‍ഷിക്കാനായില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇപ്പോഴിതാ തിയേറ്ററുകളില്‍ വലിയ ചലനം സൃഷ്ടിക്കാതെ കടന്നുപോയ ദിലീപിന്റെ ‘വോയ്സ് ഓഫ് സത്യനാഥന്റെ’ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. വോയ്സ് ഓഫ് സത്യനാഥന്റെ ഒടിടി റിലീസ് മനോരമ മാക്സാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 21 രാത്രി എട്ടു മുതല്‍ മനോരമ മാക്സ് ആപ്പിലൂടെ സിനിമ കാണാനാവും. ദിലീപിന്റെ സിനിമകളുടെ വിജയം എക്കാലത്തും കുടുംബപ്രേക്ഷകരായിരുന്നു.
എന്നാല്‍, പതിവ് ദിലീപ് ചിത്രങ്ങള്‍ പോലെ തിയേറ്ററില്‍ ഓളം സൃഷ്ടിക്കാതെയാണ് ‘വോയ്സ് ഓഫ് സത്യനാഥന്’ കടന്നു പോയത്. ജൂലൈ 28നാണ് സിനിമ തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ആദ്യ പത്തുദിവസം മാത്രമാണ് തിയറ്ററുകളില്‍ മികച്ച രീതിയില്‍ സിനിമ ഓടിയത്. കേരള ബോക്സ് ഓഫീസിലേക്ക് രജനികാന്ത് നായകനായ ‘ജയിലര്‍’ രംഗപ്രവേശനം ചെയ്തതോടെ പല തിയറ്ററുകളില്‍ നിന്നും ദിലീപ് ചിത്രം എടുത്തെറിയപ്പെട്ടു.
ഇതോടെ ദിവസം 50 ലക്ഷം എന്ന രീതിയില്‍ കളക്ട് ചെയ്തുകൊണ്ടിരുന്ന സിനിമ 15 ലക്ഷത്തിനും താഴേയ്ക്ക് വീണു. ദിലീപിന്റെ 50 കോടി ചിത്രമെന്ന വന്‍ ഹൈപ്പില്‍ എത്തിയ സിനിമയ്ക്ക് ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്നും വെറും 16.40 കോടിയും ഓവര്‍സീസ് കളക്ഷനായി 5.60 കോടിയും നേടാനെ സാധിച്ചുള്ളൂ. 22 കോടി രൂപ മാത്രമാണ് ആഗോള ബോക്സ് ഓഫീസില്‍ നിന്നും സിനിമയ്ക്ക് നേടാനായത് എന്നാണ് പല റിപ്പോര്‍ട്ടുകളും പറയുന്നത്.
അതേസമയം, ദിലീപിന്റേതായി നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപിയുടെ സംവിധാനത്തില്‍ ദിലീപ് നായകനായി എത്തുന്ന ബാന്ദ്രയാണ് പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജനപ്രിയ ചിത്രം. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേര് ഉയര്‍ന്ന് വന്ന് പ്രശ്നം കൊടുമ്പിരി കൊണ്ട് നില്ക്കുന്ന വേളയില്‍ പുറത്തെത്തിയ രാമലീല സൂപ്പര്‍ഹിറ്റായിരുന്നു. അതുകൊണ്ടു തന്നെ വളരെ നല്ലൊരു തിരിച്ചു വരവ് പ്രതീക്ഷിക്കുന്ന ദിലീപിനെ ബാന്ദ്ര കൈവിടില്ലെന്ന പ്രതീക്ഷയിലാണ് താരം. താരത്തിന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രം കൂടിയാണ് ബാന്ദ്ര. ചിത്രത്തിന്റെ ട്രെയിലര്‍ ഇക്കഴിഞ്ഞ ഈദ് ദിനത്തിലാണ് പുറത്തെത്തിയത്. സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമാണ് നേടിയത്.
കൂടാതെ എണ്‍പതുകളുടെ മധ്യത്തില്‍ കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ഇടുക്കിയിലെ തങ്കമണി സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് ദിലീപിന്റെ അണിയറയിലുള്ള ഒമറ്റൊരു ചിത്രം. 1987 ല്‍ പി. ജി വിശ്വംഭരന് സംവിധാനം ചെയ്ത ‘ഇതാ സമയമായി’ ആണ് തങ്കമണി വെടിവെപ്പ് ആസ്പദമാക്കി ആദ്യമായി പുറത്തിറങ്ങിയ സിനിമ. മുപ്പത്തിയാറ് വര്‍ഷങ്ങള്‍ക്ക് ശേഷം തങ്കമണി വീണ്ടും വെള്ളിത്തിരയിലെത്തുകയാണ്. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്.ബി ചൗധരി, ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് ദിലീപിന്റെ നായികമാരായി എത്തുന്നത്. കൂടാതെ മലയാളത്തിലെയും തമിഴിലെയും ഒരു വന്‍ താരനിര തന്നെ ചിത്രത്തിലെത്തുന്നുണ്ട്.
