Malayalam
‘പ്രശസ്തിക്ക് വേണ്ടി എന്തിനാണ് വംശീയമായി ആളുകളെ അധിക്ഷേപിക്കുന്നത്’, വൈറലായ ഫോട്ടോഷൂട്ടിന് വന്‍ വിമര്‍ശനം
‘പ്രശസ്തിക്ക് വേണ്ടി എന്തിനാണ് വംശീയമായി ആളുകളെ അധിക്ഷേപിക്കുന്നത്’, വൈറലായ ഫോട്ടോഷൂട്ടിന് വന്‍ വിമര്‍ശനം
ഇപ്പോള്‍ സോഷ്യല്‍ മീഡയയില്‍ പല ഫോട്ടോഷൂട്ട് ചിത്രങ്ങളും വൈറലായി മാറാറുണ്ട്. വ്യത്യസ്തമായ ആശയങ്ങളോടെ ഫോട്ടോകളിലൂടെ കഥ പറയുന്ന തരത്തിലുള്ള കണ്‍സപ്റ്റ് ഫോട്ടോഗ്രാഫിക്കും ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ ‘കണ്‍സെപ്റ്റ് ഫോട്ടോഗ്രാഫി’ ചെയ്ത് കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരിക്കുകയാണ് നടിയും മോഡലുമായ അന്‍ഷ മോഹന്‍.
തെരുവിലെ പൂക്കച്ചവടക്കാരിയാകാനായി ദേഹം മുഴുവന്‍ കറുപ്പിച്ചിറങ്ങിയതിനാണ് നടിക്കെതിരെ സോഷ്യല്‍ ലോകം രംഗത്തെത്തിയത്. സ്വാതന്ത്ര്യ ദിനത്തിന്റെ പിറ്റേന്നായിരുന്നു നടിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. മുഖവും ദേഹവും കറുപ്പിച്ച് റോസാ പൂവും പതാകയും പിടിച്ച് തെരുവില്‍ ഇറങ്ങിയ താരത്തിന്റെ ഫോട്ടോ നിമിഷ നേരം കൊണ്ടായിരുന്നു വൈറലായത്.’
ആളുകള്‍ക്ക് പുറകില്‍ നടന്ന് പൂ വില്‍ക്കുന്ന വീഡിയോയും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഈ ചിത്രങ്ങളും വീഡിയോയും അന്‍ഷയും തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കിട്ടിരുന്നു. ബിനു സീന്‍സ് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ഇതിന്റെ മേക്കിംഗ് വീഡിയോയും താരം പങ്കിട്ടിരുന്നു. വീഡിയോയ്ക്കൊപ്പം അന്‍ഷ കുറിച്ചത് ഇങ്ങനെയായിരുന്നു;
‘ഞാന്‍ കണ്ട സൗന്ദര്യം തെരുവില്‍ ആയിരുന്നു. ഞാന്‍ കണ്ട സൗന്ദര്യത്തില്‍ നിഷ്കളങ്കമായ ചിരിയുണ്ടായിരുന്നു.കണ്ണുകളില്‍ ആ സൗന്ദര്യം പലപ്പോഴും കാണാറുണ്ടായിരുന്നു. ഒരു കലാകാരിക്ക് ജീവിതത്തില്‍ പല വേഷങ്ങള്‍ ചെയ്യേണ്ടിവരും , ചിലപ്പോള്‍ കഥാപാത്രത്തിന് അനുസരിച്ച് രൂപവും ഭാവവും മാറേണ്ടി വരും. അതിലുപരി ഒരു ചമയക്കാരന്റെ കഴിവും, ഒരു ഫോട്ടോഗ്രാഫറുടെ കഴിവും ഈ ചിത്രങ്ങളില്‍ നിങ്ങള്‍ക്ക് കാണുവാന്‍ സാധിക്കും’.
എന്നാല്‍ ഫോട്ടോയ്ക്കും വീഡിയോയ്ക്കും താഴെ കടുത്ത വിമര്‍ശനമാണ് നടിക്കെതിരെ ഉയരുന്നത്. പൂക്കാരിയുടെ ചിത്രം പകര്‍ത്താന്‍ നിങ്ങളെന്തിനാണ് കറുത്ത നിറം തിരഞ്ഞെടുക്കുന്നതെന്നായിരുന്നു പലരും ഉയര്‍ത്തിയ ചോദ്യം. ഇത് ബോധപൂര്‍വ്വമായ വംശീയ അധിക്ഷേപമായിട്ടല്ലാതെ ക്രിയേറ്റീവ് വര്‍ക്കായി കാണാന്‍ സാധിക്കില്ലെന്നാണ് ചിലര്‍ പറഞ്ഞത്. ഫോട്ടോ തികച്ചും തെറ്റായ സന്ദേശം മാത്രമാണ് നല്‍കുന്നതെന്നാണ് പലരും ചൂണ്ടിക്കാട്ടിയത്.
‘വഴിയോര കച്ചവടക്കാര്‍ക്ക് ചര്‍മ്മം കറുത്തതായിരിക്കണം എന്ന അജണ്ട മനോഹരം ,ഏത് ലോകത്താണ് നിങ്ങള്‍ ഇപ്പോഴും ‘. ‘ഈ ഫോട്ടോഷൂട്ട് കൊണ്ട് എന്താ ഉദ്ദേശിച്ചത്? നിറം മാറ്റി ദരിദ്രയായ നാടോടി പൂക്കാരി ആയത് എന്തിനാണ്? ഇഷ്ടമുള്ള നിറം നിങ്ങള്‍ക്ക് പെയിന്റടിക്കാം, പക്ഷെ ഒരു വിഭാഗം ജനങ്ങള്‍ ഈ വര്‍ണ്ണം ഉള്ളവരാണെന്ന പൊതുബോധ നിര്‍മ്മിതി ശരിയല്ല’.
‘ഇത് തീര്‍ത്തും പരിഹാസ്യം നിറഞ്ഞതാണ്. എന്താണ് ഇവര്‍ ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്? എന്ത് സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്? പ്രശസ്തിക്ക് വേണ്ടി എന്തിനാണ് വംശീയമായി ആളുകളെ അധിക്ഷേപിക്കുന്നത്’. ‘ഇത് തീര്‍ത്തും വിലകുറഞ്ഞ നിലവാരത്തിലുളളതായി പോയി. ദാരിദ്ര്യത്തെ പ്രതിനിധീകരിച്ച് തങ്ങള്‍ എന്തോ നന്മ ചെയ്യുകയാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയാണ് പ്രിവിലേജ്ഡ് ആയിട്ടുള്ള ചിലര്‍. ഇവര്‍ക്ക് തെരുവിലെ ജീവിതങ്ങളെ കുറിച്ച് എന്തറിയാം? തികഞ്ഞ പരിഹാസമാണിത്’, ഇങ്ങനെ പോകുന്നു കമന്റുകള്‍.
