‘നീ ഒരു സാധാരണ ഡ്രൈവറുടെ മോളാണ്, ഐശ്വര്യ റായ് ഒന്നുമല്ല ;അവള്‍ ഇന്ന് മികച്ച നടിയായി ; വിന്‍സിയുടെ ആ വാക്കുകള്‍!
മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനം കവര്‍ന്ന നടിയാണ് വിന്‍സി അലോഷ്യസ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന്റെ തിളക്കത്തിലാണ് വിന്‍സി അലോഷ്യസ്. വളരെ ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ താനൊരു നല്ല നടിയാണെന്ന് ബോധ്യപ്പെടുത്തിയ താരമാണ് വിന്‍സി. സാധാരണക്കാരിയായ വിന്‍സിയുടെ സിനിമയിലേക്കുള്ള കടന്നു വരവ് മുതല്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വരെയുള്ള യാത്ര സിനിമാക്കഥ പോലെ രസകരമാണ്. വെല്ലുവിളികള്‍ ഒരുപാട് താണ്ടേണ്ടി വന്നിട്ടുണ്ട് വിന്‍സിയ്ക്ക്
ഒരിക്കല്‍ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ജീവിതത്തെക്കുറിച്ച് വിന്‍സി തന്നെ മനസ് തുറന്നിരുന്നു. ഡ്രൈവറായ അച്ഛന്റെ മകള്‍ സിനിമാ നടിയാകണമെന്ന് പറഞ്ഞപ്പോള്‍ നീ ഐശ്വര്യ റായ് ഒന്നുമല്ല എന്നായിരുന്നു അമ്മ പറഞ്ഞിരുന്നത്. അത് തനിക്ക് വാശിയായി മാറിയെന്നാണ് വിന്‍സി പറഞ്ഞത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ
ഞങ്ങളുടേത് ഒരു സാധാരണ കുടുംബമാണ്. അച്ഛന്‍ അലോഷ്യസ് ഡ്രൈവറായിരുന്നു. അമ്മ സോണി. ചേട്ടന്‍ വിപിന്‍. സിനിമയായിരുന്നു എന്റെ സ്വപ്നം. സിനിമയില്‍നിന്ന് നല്ല പ്രതിഫലം കിട്ടും. അതുകൊണ്ട് നല്ല വീട് വയ്ക്കാം, നന്നായി ജീവിക്കാം എന്നൊക്കെയായിരുന്നു ചിന്തയെന്നാണ് വിന്‍സി പറഞ്ഞത്.
ഇതൊക്കെ മനസ്സില്‍വെച്ച് സൗന്ദര്യം കൂട്ടാന്‍ പഠിച്ച പണി പതിനെട്ടും പയറ്റി. നടിയാവാനാണ് പോരാട്ടമെന്ന് അബദ്ധത്തിലെങ്ങാനും അമ്മയോട് പറഞ്ഞാല്‍ തീര്‍ന്നു. ‘നീ ഒരു സാധാരണ ഡ്രൈവറുടെ മോളാണ്. ഐശ്വര്യ റായ് ഒന്നുമല്ല’ എന്ന് ഒരു ദയയുമില്ലാതെ പറയുമെന്നാണ് വിന്‍സി ഓര്‍ക്കുന്നത്. എന്നാല്‍. അതെനിക്ക് വാശിയായി. ‘ങാഹാ, ഡ്രൈവറുടെ മോള്‍ക്ക് നടിയായിക്കൂടേ’ എന്ന് തിരിച്ചുചോദിക്കുമായിരുന്നുവെന്നും വിന്‍സി പറയുന്നു.
സദാസമയം ഈ സ്വപ്നവും ചുമന്നാണ് നടപ്പ്. അതിന്റെ ഭാഗമായി ചില്ലറ കള്ളത്തരങ്ങളുമുണ്ട്. വീട്ടിലെ ഇസ്തിരിപ്പെട്ടി ചൂടാക്കി മുടി നിവര്‍ത്തും. എന്നിട്ട് സ്‌കൂളിലേക്ക് വലിയ ഗമയില്‍ ഒരു പോക്കാണ്. ഞാന്‍ ഫോട്ടോഷൂട്ട് ഒക്കെ ചെയ്യുന്നുണ്ട്. ഇന്നലെ ഒരു ഷൂട്ട് ഉണ്ടായിരുന്നു. അതിനുവേണ്ടി മുടി സ്‌ട്രെയ്‌റ്റെന്‍ ചെയ്തതാണെന്ന് കൂട്ടുകാരോട് പറയുമായിരുന്നുവെന്നും വിന്‍സി ഓര്‍ക്കുന്നുണ്ട്.പ്ലസ്ടു കഴിഞ്ഞ് ബി. ആര്‍ക്ക്. പഠിക്കാന്‍ കൊച്ചിയിലേക്ക് പോയി.
ഈ സമയത്ത് ഒരു റിയാലിറ്റി ഷോയുടെ ഓഡിഷന് പോയി. പുറത്തായി. പക്ഷേ, ഒരു അവസരംകൂടി കിട്ടി. അതില്‍ കടന്നുകൂടി. എന്നാല്‍ ഇതൊന്നും വിന്‍സി വീട്ടില്‍ പറഞ്ഞിരുന്നില്ല. ലാല്‍ ജോസ് ആയിരുന്നു ഷോയിലെ വിധികര്‍ത്താവ്. പരിപാടി ടിവിയില്‍ വരുമെന്നതിനാല്‍ വീട്ടില്‍ പറഞ്ഞു. ടെലികാസ്റ്റ് ചെയ്യുന്നതിന്റെ രണ്ട് ദിവസം മുമ്പാണ് ഷോയില്‍ പങ്കെടുക്കുന്ന കാര്യം വിന്‍സി വീട്ടില്‍ പറയുന്നത്.പഠിക്കാന്‍ വിട്ടിട്ട് ഇതാണോ പണി എന്ന് ചോദിച്ച് അപ്പച്ചനും അമ്മയും വഴക്കോടുവഴക്കായിരുന്നുവെന്നാണ് വിന്‍സി പറയുന്നത്. ഞാന്‍ സംയമനം പാലിച്ചു.
പരിപാടി ശ്രദ്ധിക്കപ്പെട്ടു. ബന്ധുക്കളും നാട്ടുകാരുമൊക്കെ നല്ല അഭിപ്രായം പറഞ്ഞതോടെ അവര്‍ ഹാപ്പിയായെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.
വികൃതിയിലൂടെയായിരുന്നു വിന്‍സിയുടെ അരങ്ങേറ്റം. പിന്നീട് കനകം കാമിനി കലഹത്തിലാണ വിന്‍സിയത്തിയത്. ചിത്രത്തിലെ പ്രകടനം കയ്യടി നേടിയിരുന്നു. തുടര്‍ന്ന് വന്ന ഭീമന്റെ വഴി, ജനഗണ മന എന്നീ ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു.
രേഖയിലെ പ്രകടനത്തിനാണ് വിന്‍സിയെ തേടി പുരസ്‌കാരമെത്തിയത്. ചിത്രത്തിന്റെ റിലീസ് സമയത്ത് അര്‍ഹിച്ച സ്വീകാര്യത നേടാതെ പോയിരുന്നു. താരതമ്യേന ചെറിയ സിനിമയായ തങ്ങളുടെ ചിത്രത്തിന് പ്രൊമോഷന്‍ ലഭിക്കാതെ പോയതിനെക്കുറിച്ചുള്ള വിന്‍സിയുടെ കുറിപ്പ് റിലീസ് സമയത്ത് വൈറലായിരുന്നു. സിനിമയുടെ പോസ്റ്റര്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകളില്‍ പോലും ഇല്ലെന്നാണ് വിന്‍സി പറഞ്ഞത്.