മണിയുടെ മരണം: വിനയന്റെ മൊഴി രേഖപ്പെടുത്തി CBI
മണിയുടെ മരണം: വിനയന്റെ മൊഴി രേഖപ്പെടുത്തി CBI
കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സംവിധായകന് വിനയന്റെ മൊഴി രേഖപ്പെടുത്തി സിബിഐ. കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയന് ഒരുക്കിയ ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിന്റെ ക്ലൈമാക്സിനെ സംബന്ധിച്ചാണ് സിബിഐ വിനയനോടു വിശദീകരണം തേടിയത്.
കലാഭവന്‍ മണിയുടെ മരണം കൊലപാതകമായാണ് ചിത്രത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. ക്ലൈമാക്സിനെ സംബന്ധിച്ച് തനിക്കു പറയാനുള്ളത് അന്വേഷണ ഉദ്യോഗസ്ഥരോടു പറയുമെന്ന് നേരത്തെ വിനയന് മാധ്യമങ്ങളോടു വ്യക്തമാക്കിയിരുന്നു. 2016 മാര്‍ച്ച് ആറിനാണു കലാഭവന്‍ മണി മരിക്കുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു തുടക്കം തന്നെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. വിഷമദ്യം ഉള്ളില്‍ ചെന്നിട്ടുണ്ടെന്നായിരുന്നു എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പൊലീസ് അന്വേഷണം എങ്ങുമെത്താത്തതിനെ തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശ പ്രകാരം സിബിഐ കേസ് അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.
സെപ്റ്റംബര്‍ 28നാണ് കലാഭവന്‍ മണിയുടെ ജീവിത കഥ പറയുന്ന ചിത്രം പുറത്തിറങ്ങുന്നത്. ഇതോടെയാണ് മണിയുടെ കേസന്വേഷണം വീണ്ടും പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ചിത്രത്തിന്റെ സംവിധായകനായ വിനയന്റെ മൊഴി രേഖപ്പെടുത്തുന്നത്. മൊഴി രേഖപ്പെടുത്തല്‍ മുക്കാല്‍ മണിക്കൂറോളം നീണ്ടു നിന്നു. കലാഭവന്‍ മണിയുടെ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സിബിഐ ഉദ്യോഗസ്ഥര്‍ വിനയനില്‍ നിന്നും ചോദിച്ചറിഞ്ഞു. ഒരു കലാകാരനെന്ന നിലയില്‍ തന്റേതായ വ്യാഖ്യാനം ക്ലൈമാക്സിനു നല്‍കിയതാണെന്നും മറ്റു തെളിവുളൊന്നും കയ്യിലില്ലെന്നും സിബിഐ ഉദ്യോഗസ്ഥരെ അറിയിച്ചതായി വിനയന് പറഞ്ഞു. ചാലക്കുടിക്കാരന്‍ ചങ്ങാതിയിലെ ക്ലൈമാക്സ് അന്വേഷണത്തിന് ഊര്‍ജം പകര്‍ന്നതായി സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അന്വേഷണം നടത്തി സത്യം തെളിയിക്കേണ്ടത് സിബിഐ ആണെന്നും വിനയന് വ്യക്തമാക്കി.
Vinayan s statement to CBI
