News
ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കത്തെ രാഷ്ട്രീയപ്പാര്‍ട്ടിയാക്കി മാറ്റും; ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് പാര്‍ട്ടി പ്രഖ്യാപനം നടത്താനൊരുങ്ങി വിജയ്
ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കത്തെ രാഷ്ട്രീയപ്പാര്‍ട്ടിയാക്കി മാറ്റും; ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് പാര്‍ട്ടി പ്രഖ്യാപനം നടത്താനൊരുങ്ങി വിജയ്
ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് പാര്‍ട്ടി പ്രഖ്യാപനം നടത്താന്‍ ഉറപ്പിച്ച് നടന്‍ വിജയ്. ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കത്തെ രാഷ്ട്രീയപ്പാര്‍ട്ടിയാക്കി മാറ്റാന്‍ ചെന്നൈക്കുസമീപം പനയൂരില്‍ചേര്‍ന്ന വിജയ് മക്കള്‍ ഇയക്കം നേതൃയോഗം തീരുമാനിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ നിലപാട് സംബന്ധിച്ച് ചര്‍ച്ച നടന്നെന്നാണ് വിവരം.
പാര്‍ട്ടി രൂപവത്കരണ ചര്‍ച്ചകളില്‍ തമിഴ്‌നാട് കൂടാതെ പുതുച്ചേരി, കേരളം, ആന്ധ്ര, കര്‍ണാടകം എന്നിവിടങ്ങളിലെ ആരാധകസംഘടനാ നേതാക്കളുമുണ്ട്. വിജയ് മക്കള്‍ ഇയക്കത്തിന് നിലവില്‍ തമിഴ്‌നാട്ടില്‍ താലൂക്ക് തലങ്ങളില്‍വരെ യൂണിറ്റുകളുണ്ട്. ഐ.ടി., അഭിഭാഷക, മെഡിക്കല്‍ രംഗത്ത് പോഷകസംഘടനകളുമുണ്ട്.
തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് സാധ്യത കുറവാണെന്നാണ് സൂചന. പകരം ഏതെങ്കിലുമൊരു സഖ്യത്തിന് പിന്തുണനല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. സിനിമകളില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെപേരില്‍ ശക്തമായ പ്രതിഷേധം നേരിടേണ്ടിവന്ന വിജയ് ബി.ജെ.പി. അനുകൂലനിലപാടെടുക്കാനുള്ള സാധ്യത വിരളമാണ്.
നേരത്തെ കോണ്‍ഗ്രസുമായി അടുപ്പമുണ്ടായിരുന്നെങ്കിലും മാറിയ രാഷ്ട്രീയസാഹചര്യത്തില്‍ ഇവരോട് എന്ത് നിലപാടെടുക്കുമെന്നതിലും വ്യക്തതയില്ല. അതേസമയം ലിയോ ആണ് വിജയിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയമായി മാറുകയും ചെയ്തിരുന്നു. വെങ്കട്ട് പ്രഭു ഒരുക്കുന്ന ഗോട്ട് ആണ് വിജയിയുടെ പുതിയ സിനിമ.
ചിത്രത്തിനായി പുതിയ മേക്കേവറിലാണ് വിജയ് എത്തുന്നത്. താരത്തിന്റെ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് സിനിമാ ലോകം. ആരാധകര്‍ക്ക് ഫ്‌ളൈയിംഗ് കിസ് നല്‍കുന്ന വിജയ്‌യുടെ ലുക്ക് ചര്‍ച്ചയായിരുന്നു. ക്ലീന്‍ ഷേവ് ചെയ്ത വിജയ് ആണ് വീഡിയോയിലുള്ളത്. വിജയ് യുടെ കരിയറിലെ 68ാമത് ചിത്രമാണ് ഇത്. ചിത്രത്തില്‍ രണ്ട് വ്യത്യസ്ത ലുക്കിലാണ് വിജയ് എത്തുന്നത്.
രണ്ട് ലുക്കിലും പ്രായത്തിലുമുള്ള വിജയിയെയാണ് പോസ്റ്ററില്‍ കാണുന്നത്. ഡി എയ്ജിംഗ് എന്ന ടെക്‌നോളജി ഉപയോഗിച്ചാണ് വിജയ്‌യെ ചെറുപ്പക്കാരന്‍ ആക്കിയിരിക്കുന്നത്. എന്നാല്‍ വിജയ്‌യുടെ പുത്തന്‍ ലു്ക്ക് കാണുമ്പോള്‍ താരം തന്നെയാകും മേക്കോവറില്‍ എത്തി റോള്‍ ചെയ്തിരിക്കുന്നതെന്നാണ് കമന്റുകള്‍. സ്‌നേഹയാണ് ചിത്രത്തില്‍ വിജയ്‌യുടെ നായികയായി എത്തുന്നത്.
