മ ദ്യപാനികളും റൗ ഡികളും തുടങ്ങിയ മതപരമായ ആചാരങ്ങളുമായി ബന്ധമില്ലാത്ത വ്യക്തികൾ ഇഫ്താറിൽ പങ്കെടുത്തു; വിജയ്ക്കെതിരെ പരാതിയുമായി തമിഴ്‌നാട് സുന്നത് ജമാഅത്ത്
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ വിജയ് ഇഫ്താർ വിരുന്ന് നടത്തിയത്. ഇപ്പോഴിതാ ഇതിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് തമിഴ്‌നാട് സുന്നത് ജമാഅത്ത്. മ ദ്യപാനികളും റൗ ഡികളും തുടങ്ങിയ മതപരമായ ആചാരങ്ങളുമായി ബന്ധമില്ലാത്ത വ്യക്തികൾ ഇഫ്താറിൽ പങ്കെടുത്തെന്ന് പറഞ്ഞാണ് പരാതി.
ഇത് സംബന്ധിച്ച് ചെന്നൈ പൊലീസ് കമീഷ്ണർക്ക് ആണ് പരാതി നൽകിയിരിക്കുന്നത്. സൗഹാർദം വളർത്താൻ ഉദ്ദേശിച്ചുള്ള ഇഫ്താർ സമൂഹത്തെ മുറിവേൽപ്പിച്ചു. ഇതിൽ ഖേദം പ്രകടിപ്പിക്കാത്ത നടന്റെ നടപടി മതവികാരങ്ങളോടുള്ള ബഹുമാനത്തെ കുറിച്ച് ആശങ്ക ഉയർത്തിയിട്ടുണ്ട്.
ആളുകളോട് അനാദരവോടെയാണ് വിജയ് പെരുമാറിയത്. പ്രാദേശികമായ അറിവില്ലാത്ത വിദേശ സുരക്ഷാ ഗാർഡുകളെയാണ് പരിപാടി നിയന്ത്രിക്കാൻ ഏൽപ്പിച്ചത്. കേവലം പബ്ലിസിറ്റിയ്ക്ക് വേണ്ടിയല്ല തങ്ങളുടെ പരാതി, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നിയമനടപടി അനിവാര്യമാണ് എന്നാണ് സുന്നത്ത് ജമാഅത്ത് പരാതിയിൽ പറയുന്നത്.
മൂവായിരത്തിലേറെ ആളുകൾ ഇഫ്താർ വിരുന്നിൽ പങ്കെടുത്തതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. വൈഎംസിഎ ഗ്രൗണ്ടിൽ നടന്ന ഇഫ്താർ വിരുന്നിൽ 15 ഓളം പള്ളികളിലെ ഇമാമുമാർക്ക് ക്ഷണം ലഭിച്ചിരുന്നു.
ഇതുകൂടാതെയാണ് മൂവായിരത്തിലേറെ ആളുകൾ ചടങ്ങിൽ പങ്കെടുത്തത്. വിജയ് ഇഫ്താറിന് മുമ്പുള്ള പ്രാർത്ഥനയിലും പങ്കെടുത്തതായാണ് വിവരം. തൊപ്പി ധരിച്ച് തൂവെള്ള വസ്ത്രധാരിയായി വിജയ് ഇഫ്താർ ചടങ്ങിന് ആതിഥേയത്വം വഹിച്ച ചിത്രങ്ങൾ വൈറലായിരുന്നു.
