News
ഇത്തരം സൈബര്‍ ആക്രമണം കൊണ്ട് പുരോഗമന രാഷ്ട്രീയത്തിന്റെ സ്ത്രീ ശബ്ദങ്ങളെ നിശബ്ദമാക്കാന്‍ കഴിയില്ല; ഗായത്രിയിക്ക് പിന്തുണയുമായി വീണ ജോര്‍ജ്
ഇത്തരം സൈബര്‍ ആക്രമണം കൊണ്ട് പുരോഗമന രാഷ്ട്രീയത്തിന്റെ സ്ത്രീ ശബ്ദങ്ങളെ നിശബ്ദമാക്കാന്‍ കഴിയില്ല; ഗായത്രിയിക്ക് പിന്തുണയുമായി വീണ ജോര്‍ജ്
മലയാളം സീരിയലുകള്‍ ന്യൂനപക്ഷത്തിന്റെ കഥകള്‍ പറയാറില്ലെന്ന് പറഞ്ഞ നടി ഗായത്രിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആറ് മണി മുതല്‍ പത്തുമണി വരെയുള്ള സീരിയലുകളില്‍ ഒരു മുസല്‍മാന്റെ കഥാപാത്രത്തേയോ ദളിതരേയോ കാണാനാവില്ല. സീരിയലുകളിലെ കണ്ടന്റ് തീരുമാനിക്കുന്നത് കോര്‍പ്പറേറ്റുകളാണ്.
നരേന്ദ്രമോദിയുടെയും അമിത് ഷായുടേയും സവര്‍ണ ഫാസിസ്റ്റ് ഭരണകൂടമാണ് ഇവര്‍ക്കുള്ള പിന്തുണ നല്കുന്നതന്നും ഗായത്രി പറഞ്ഞു. നവകേരളസദസ്സിന് മുന്നോടിയായി നാദാപുരം നിയോജകമണ്ഡലത്തില്‍ സംസാരിക്കുകയായിരുന്നു നടി. പിന്നാലെ നടിയ്ക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
ഇപ്പോഴിതാ നടിയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. സാംസ്കാരിക വിമര്‍ശനത്തോടുള്ള ഇക്കൂട്ടരുടെ അസഹിഷ്ണുത സമകാലിക ഇന്ത്യ നേരിടുന്ന വലിയ വെല്ലുവിളിയാണ്. ഇത്തരം സൈബര്‍ ആക്രമണം കൊണ്ട് പുരോഗമന രാഷ്ട്രീയത്തിന്റെ സ്ത്രീ ശബ്ദങ്ങളെ നിശബ്ദമാക്കാന്‍ കഴിയില്ല. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമിതി അംഗം കൂടിയായ ഗായത്രി വര്‍ഷയ്ക്ക് എല്ലാവിധ ഐക്യദാര്‍ഢ്യവും’ നല്‍കുന്നുവെന്നാണ് വീണാ ജോര്‍ജ്ജിന്റെ പ്രതികരണം.
ഗായത്രിയുടെ വാക്കുകള്‍ ഇങ്ങനെ;
ഞാന്‍ അഭിനയിക്കുന്ന സീരിയലുകളില്‍ ഒരു ന്യൂനപക്ഷ കഥയുണ്ടോ? മുസ്ലിമിന്റെയോ ക്രിസ്ത്യന്റേയോ ഏതെങ്കിലുമൊരു ന്യൂനപക്ഷത്തിന്റെ കഥയുണ്ടോ? 40തോളം എന്റര്ടെയ്ന്മെന്റ് ചാനലുകള്‍ മലയാളത്തിലുണ്ട്. ഒരു ദിവസം 35ഓളം സീരിയിലുകള് എല്ലാവരും കാണുന്നുണ്ട്. എന്നാല്‍ ആറ് മണി മുതല്‍ പത്തുമണി വരെയുള്ള എല്ലാ സീരിയലുകളും കാണുന്നവര്‍ നമുക്കിടയില്‍ ഉണ്ട്. ഇതിനകത്ത് ഏതെങ്കിലും സീരിയലില്‍ ഒരു മുസല്മാന് കഥാപാത്രമുണ്ടോ?
ഒരു ചട്ടയും മുണ്ടുമുടുത്ത അമ്മ കഥാപാത്രമുണ്ടോ?, ഒരു ക്രിസ്ത്യന്‍ പള്ളീലച്ചനും മൊല്ലാക്കയുമുണ്ടോ? ഒരു ദളിതനുണ്ടോ? മാറ് മുറിച്ച് കൊടുത്തിട്ട് എന്റെ നഗ്നത മറയ്ക്കാനുള്ള അവകാശം എനിക്കു വേണമെന്ന് പറഞ്ഞ നങ്ങേലിയുടെ, അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ കൊയ്ത്തരിവാള് പാട്ടുപാടുന്ന ഒരു പെണ്ണിനെ നമ്മള് ടിവിയില്‍ കാണുന്നുണ്ടോ? ഇല്ല. എന്തുകൊണ്ടാണത്? അവരാരും കാണാന്‍ കൊള്ളില്ലേ?
എന്റെയൊക്കെ തലമുറ സിനിമ കണ്ടുവളര്‍ന്നിരുന്ന സമയത്ത് എറ്റവും വലിയ സുന്ദരി ആരായിരുന്നു എന്ന് ചോദിച്ചാല്‍ സൂര്യ എന്ന് ഞാന്‍ പറയും. നല്ല കറുത്ത മേനിയഴകുള്ള നടിയാണ് സൂര്യ. ആദാമിന്റെ വാരിയെല്ലിലെ പടനായിക. നല്ല ആര്‍ജവമുള്ള പെണ്ണായിരുന്നില്ലേ അവള്. അങ്ങനൊരു നായികയെ നിങ്ങള്‍ ഏതെങ്കിലും സീരിയയില്‍ കാണുന്നുണ്ടോ? ഇപ്പോള്‍ സുന്ദരി എന്ന് പേരിട്ട് ഒരു കറുത്ത പെണ്ണിനെ കൊന്നുവന്നപ്പോഴും അവളെ വെളുപ്പിച്ചിട്ടാണ് കാണിച്ചിട്ടുള്ളത്. പൊട്ട് തൊടുവിച്ച് പട്ടുസാരി ഉടുപ്പിച്ച് സിന്ദൂരക്കുറിയണിയിച്ച് ഒരു സവര്‍ണ മേധാവിത്വം തോന്നിപ്പിക്കുന്ന തരത്തിലാണ് അവളെ ഇറക്കുന്നത്. എന്തുകൊണ്ട്? ചുമ്മാതെയാണോ അങ്ങനെ ഇറക്കുന്നത്. അതൊന്നും വെറുതെയല്ല.
ഒരു ട്രയാങ്കിള്‍ ആണ് ഇത് തീരുമാനിക്കുന്നത്. നമ്മള് എപ്പോഴും കരയുന്ന, നമ്മള് എപ്പോഴും പേടിപ്പെടുന്ന, എപ്പോഴും ഭയപ്പെടുന്നതും എങ്ങനെ ജീവിക്കുമെന്ന് പേടിപ്പെടുത്തുന്നതുമായ 126 പേരടങ്ങുന്ന ഒരു ഗ്രൂപ്പുണ്ട്. ഇന്ത്യയിലെ 126 വ്യക്തികള്‍ക്കു വേണ്ടിയാണ് ഈ രാജ്യം ഭരിക്കപ്പെടുന്നത്. അവരാണ് കോര്‍പ്പറേറ്റുകള്‍. ഇതില്‍ രണ്ടോ മൂന്നോ കോര്‍പ്പറേറ്റുകള്‍ തീരുമാനിക്കും. റിലയന്‍സ് തീരുമാനിക്കും. അദാനിയും അംബാനിയും തീരുമാനിക്കും. വേണമെങ്കിലും ടാറ്റയും തീരുമാനിക്കും.
അതാണ് ത്രികോണത്തിന്റെ ഒരു കോണ്‍. ഈ ട്രയാങ്കിളിന്റെ രണ്ടു കോണുകളെയും ബന്ധിപ്പിക്കുന്ന ആ ഒരു ബേസ് തീരുമാനിക്കുന്നത് നരേന്ദ്രമോദിയുടെയും അമിത് ഷായുടേയും സവര്‍ണ ഫാസിസ്റ്റ് ഭരണകൂടമാണ്. ഇതിനിടയിലെ ആ ത്രികോണത്തില്‍ ബാക്കിയുള്ള ചാനലുകളും അതിലെ വിഭവങ്ങളെല്ലാം കാണും. ഈ പറഞ്ഞ കോര്‍പ്പറേറ്റാണ് ചാനലുകള്‍ക്ക് ഉപാധികളില്ലാതെ പൈസ കൊടുക്കുന്നത്. ഏറ്റവും സ്വകാര്യമായി വച്ചിരിക്കുന്ന ക്രോസ് മീഡിയ ഓണര്‍ഷിപ്പിലൂടെയാണ് അവര്‍ ചാനലുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത്.
ഗവണ്മെന്റിന്റെ ഗ്യാരന്റിയിലാണ് കോര്‍പ്പറേറ്റുകള്‍ പൈസ നല്‍കുന്നത്. ഗവണ്മെന്റ് കോര്‍പ്പറേറ്റിന് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കുന്നു. നരേന്ദ്രമോദിയുടെ ഭരണകൂടം കോര്‍പ്പറേറ്റ് വേള്‍ഡുകള്‍ക്ക് മുന്നില്‍ ചെന്ന് നട്ടെല്ല് വളച്ചുനിന്ന് വേണ്ടതെല്ലാം ചെയ്തുകൊടുക്കും. നമ്മുടെ സാംസ്കാരിക ലോകത്തെ കോര്‍പ്പറേറ്റുകള്‍ക്ക് മുന്നില്‍ അടിയറവ് വെച്ചുകൊടുത്തു. ടി.വിയില്‍ എന്ത് കാണിക്കണം എന്ന് കേന്ദ്ര ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം ഉത്തരവിറക്കും. കോര്‍പ്പറേറ്റുകളുടെ കച്ചവട സാധ്യതകളെ ശക്തിപ്പെടുത്തുന്ന പരസ്യങ്ങളും പാട്ടുകളും സിനിമകളും കാണിക്കുക എന്നതാണ് ആവശ്യം. നല്ല എഴുത്തുകാരില്ലാഞ്ഞിട്ടല്ല, വേറെ എഴുതിയാല്‍ ചാനലില്‍ ഇരിക്കുന്നവര്‍ വെട്ടിക്കളയും.
