Malayalam Breaking News
രാഷ്ട്രീയ പാർട്ടികൾ സ്കൂളുകളിൽ ശക്തമായിരുന്നുവെങ്കിൽ ഷെഹ്ലയ്ക്ക് ജീവൻ നഷ്ടമാവില്ലായിരുന്നു; സംവിധായകൻ വി എ ശ്രീകുമാർ..
രാഷ്ട്രീയ പാർട്ടികൾ സ്കൂളുകളിൽ ശക്തമായിരുന്നുവെങ്കിൽ ഷെഹ്ലയ്ക്ക് ജീവൻ നഷ്ടമാവില്ലായിരുന്നു; സംവിധായകൻ വി എ ശ്രീകുമാർ..
സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ വിദ്യാര്‍ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി സംവിധായകൻ ശ്രീകുമാര്‍. ഷെഹ്ല, ഓർമ്മിപ്പിക്കുന്നത് എന്റെ സ്കൂൾക്കാലമാണ്. പാമ്പു കടിയേറ്റ് മരിക്കാൻ ഒരു കുഞ്ഞിനേയും അനുവദിക്കാത്ത വിധം ശക്തമായ ജനാധിപത്യ വേദികൾ അന്ന് സ്കൂളുകളിൽ ഉണ്ടായിരുന്നു. രാഷ്ട്രീയ പാർട്ടികൾ സ്കൂളുകളിൽ ശക്തമായിരുന്നു എങ്കിൽ ഷെഹ്ലയുടെ ജീവനെടുത്ത മാളം അടയ്ക്കാനുള്ള സമരം എന്നേ നടന്നേനെയെന്ന് ശ്രീകുമാർ ഫേസ്ബുക്കിൽ കുറിച്ചു
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
ഞാനും ഒരു സർക്കാർ സ്കൂൾ വിദ്യാർത്ഥിയാണ്. പാലക്കാട് പി.എം.ജി മോഡൽ സ്കൂളിലാണ് ഞാൻ പത്താംക്ലാസ് വരെ പഠിച്ചത്.സുൽത്താൻ ബത്തേരിയിലെ സർക്കാർ വിദ്യാലയത്തിൽ പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി ഷെഹ്ല ദാരുണമായി കൊല്ലപ്പെട്ട സംഭവം മനഃസാക്ഷിയുള്ള എല്ലാമനുഷ്യരേയും നടുക്കുന്ന സംഭവമാണ്. ആ കുഞ്ഞ് അനുഭവിച്ച വേദന ഓർക്കാൻ കൂടി വയ്യാത്തതാണ്. അതേസയം, കുട്ടിയുടെ സഹപാഠികൾ വെളിപ്പെടുത്തിയ കാര്യങ്ങൾ കുട്ടിയുടെ ജീവന് നിലനിർത്താൻ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയുടെ ക്രൂരമുഖവും വെളിപ്പെടുത്തുന്നു.
സ്കൂളിലെ സയന്‍സ് അധ്യാപകനാണ് പാമ്പു കടിയേറ്റു എന്നു കുട്ടികൾ ആവർത്തിച്ചിട്ടും വിലങ്ങുതടിയായത് എന്നും വായിച്ചറിഞ്ഞു. ഇതാണോ അധ്യാപകരുടെ ശാസ്ത്രബോധം? താലൂക്ക് ആശുപത്രിയിൽ എത്തിച്ചിട്ടും രക്ഷിക്കാനുള്ള മരുന്ന് നൽകാതെ 90 കിലോമീറ്റർ ദൂരെയുള്ള കോഴിക്കോട് മെഡിക്കൽ കോളജിലേയ്ക്ക് റഫർ ചെയ്തു എന്നതടക്കം പരിശോധിച്ചാൽ ആ കുരുന്നു ജീവന് പൊലിഞ്ഞതിനു പിന്നില്‍ അനവധി അനാസ്ഥകൽ വ്യക്തമാകും.
വയനാട്ടിൽ ഒരു കാഷ്വാലിറ്റി ഉണ്ടായാൽ, 90 കിലോമീറ്റർ സഞ്ചരിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിയാൽ മാത്രമാണ് ചികിത്സ ലഭ്യമാകുന്നത് എന്നത് അതീവദാരുണമാണ്. കുതിരാനിൽ പാലക്കാട് കുടുങ്ങുന്നതിനു തുല്യമാണ് താമരശ്ശേരി ചുരത്തിലെ തടസ്സങ്ങളും. വയനാടിന് എന്തുകൊണ്ട് ഒരു മെഡിക്കൽ കോളജ് ഇനിയും ഉണ്ടാകുന്നില്ല എന്ന ചോദ്യം ഉയരേണ്ടതുണ്ട്. എയർ ആംബുലൻസെങ്കിലും ഈ ജില്ലയിൽ ഉടൻ വേണം. ഷെഹ്ലയുടെ ജീവനോടുള്ള കടപ്പാടാണത്.
എല്ലാ സർക്കാർ സ്കൂളുകളും ഇതുപോലെയാണ് എന്ന നിലയ്ക്കുള്ള പ്രചാരണത്തെയും രാഷ്ട്രീയ ആയുധമായി ഈ ദാരുണ സംഭവത്തെ ഉപയോഗിക്കുന്നതും സർക്കാർ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി എന്ന നിലയ്ക്ക് അംഗീകരിച്ചു തരാനാകില്ല. ഞാനെന്റെ അധ്യാപകരെ ഓർക്കുന്നു… പൊന്നു പോലെ നോക്കിയ അധ്യാപകർ, രക്ഷകർത്താക്കൾ തന്നെയായിരുന്നു. സർക്കാർ സ്കൂളിൽ നിന്നും എനിക്കു ലഭിച്ച നല്ല അനുഭവങ്ങളാണ് എന്റെ മകളേയും പാലക്കാട് മോയന്‍സ് മോഡൽ സ്കളിൽ ചേർക്കാൻ പ്രേരണയായത്. അതും സർക്കാർ സ്കൂളാണ്.
സഹപാഠിയുടെ ദാരുണാന്ത്യം ഭയലേശമന്യേ ലോകത്തോടു വിളിച്ചു പറഞ്ഞ മിടുക്കികളായ കുഞ്ഞുങ്ങളെ അതേ സ്കൂളിൽ കണ്ടു. സത്യം വിളിച്ചു പറയുന്ന ആ കുഞ്ഞുങ്ങൾക്ക് ഒരു ജനാധിപത്യ വേദി ഉണ്ടായിരുന്നു എങ്കിൽ, ആ പാമ്പിന് മാളം എന്നേ അടയ്ക്കപ്പെടുമായിരുന്നു. അടച്ചില്ലെങ്കിൽ ആ കുഞ്ഞുങ്ങൾ ഉറക്കെ ശബ്ദിച്ചേനെ. ആ കുട്ടികൾ, ഇപ്പോൾ കിട്ടിയ അവസരത്തിൽ വിളിച്ചു പറഞ്ഞതെല്ലാം ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ്. മുൻപും പാമ്പിനെ കണ്ടുട്ടുണ്ടെന്നുള്ളത്… ക്ലാസിൽ ചെരുപ്പ് ഇടാൻ അനുവദിക്കില്ല എന്നത്.
ഷെഹ്ലയുട മാതാപിതാക്കൾ രണ്ടാളും അഭിഭാഷകരാണ്, പൊതുവിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്തുക എന്ന ആശയത്തിൽ അടിയുറച്ചാണ് മകളെ സർക്കാർ സ്കൂളിൽ അവർ ചേർത്തതെന്നും ഒരു സുഹൃത്ത് പറഞ്ഞറിഞ്ഞു. ആ മാതാപിതാക്കൾ സ്വന്തം മകളിലൂടെ നാടിന് നൽകാൻ ഉദ്ദേശിച്ച സന്ദേശത്തിന്റെ പ്രാണനാണ് കേവലം ചില വ്യക്തികളുടെ നിരുത്തരവാദപരമായ അലംഭാവത്തിലൂടെ പൊലിഞ്ഞത്. മാപ്പു പറഞ്ഞാലോ ഉത്തരവാദികളെ ശിക്ഷിച്ചാലോ തീരുന്നതല്ല ആ മാതാപിതാക്കളുടെ നഷ്ടം. പോയത് അവരുടെ പ്രാണനാണ്…
എന്റെ സ്കൂൾക്കാലത്ത് വിദ്യാർത്ഥി സംഘടനകളുണ്ടായിരുന്നു. ജനാധിപത്യപരമായി ചോദ്യം ചെയ്യാനും തിരുത്താനും. ഷെഹ്ല, ഓർമ്മിപ്പിക്കുന്നത് എന്റെ സ്കൂൾക്കാലമാണ്. അന്ന് ഇത്രയധികം ഫണ്ടൊന്നും വിദ്യാഭ്യാസ മേഖലയിൽ സർക്കാർ ചെലവഴിക്കുന്നുണ്ടോ എന്നറിയില്ല. പക്ഷെ, പാമ്പു കടിയേറ്റ് മരിക്കാൻ ഒരു കുഞ്ഞിനേയും അനുവദിക്കാത്ത വിധം ശക്തമായ ജനാധിപത്യ വേദികൾ സ്കൂളുകളിൽ ഉണ്ടായിരുന്നു. എനിക്കുറപ്പാണ് എസ്എഫ്ഐയോ, കെഎസ് യുവോ, എഐസ്എഫോ, എബിവിപിയോ, എംഎസ് എഫോ അടക്കം സ്കൂളുകളിൽ ശക്തമായിരുന്നു എങ്കിൽ ഷെഹ്ലയുടെ ജീവനെടുത്ത മാളം അടയ്ക്കാനുള്ള സമരം എന്നേ നടന്നേനെ. മാളം അടഞ്ഞേനേ. ഷഹ്ലയുടെ സഹപാഠി, സത്യം വിളിച്ചു പറഞ്ഞ നിദ ഫാത്തിമയുടെ ശബ്ദം നാട് എന്നേ കേൾക്കുമായിരുന്നു..
ഷെഹ്ലയ്ക്ക് കണ്ണീരോടെ വിട.
വയനാടിന്റെ ദുർവിധി പരിഹരിച്ചേ മതിയാകൂ…
പാമ്പൻ ചുരത്തിൽ കുരുങ്ങേണ്ടതല്ല, ഈ ജില്ലയുടെ ജീവൻ.
ബുധനാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം നടന്നത് . ബത്തേരി ഗവ. സര്‍വജന സ്കൂളിലെ വിദ്യാര്‍ഥിയായ പുത്തന്‍കുന്ന് ചിറ്റൂരിലെ നൊത്തന്‍വീട്ടില്‍ അഡ്വ. അസീസിന്റെയും അഡ്വ. സജ്നയുടെയും മകള്‍ ഷഹല ഷെറിനാണ് പാമ്ബുകടിയേറ്റ് മരിച്ചത്. അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് വിദ്യാര്‍ഥിയുടെ മരണത്തിന് കാരണം.വിദ്യാര്‍ഥിനിയെ പാമ്പ് കടിച്ചെന്ന് പറഞ്ഞിട്ടും അധ്യാപകര്‍ ഒന്നും ചെയ്തില്ലെന്ന് സഹപാഠികള്‍ പറയുന്നു. കുട്ടിയുടെ രക്ഷിതാവ് എത്തിയ ശേഷം മാത്രമാണ് ആശുപത്രിയിലെത്തിച്ചത്. 3.15ന് സംഭവം ഉണ്ടായിട്ടും 45 മിനിറ്റോളം ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയെന്നാണ് ആരോപണം.
VA SREEKUMAR
