Malayalam
അക്കൗണ്ടിൽ നിന്ന് ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യരുത്, ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് ഉണ്ണി മുകുന്ദൻ
അക്കൗണ്ടിൽ നിന്ന് ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യരുത്, ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് ഉണ്ണി മുകുന്ദൻ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ് ഉണ്ണി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മല്ലൂസിംഗ് എന്ന് വൈശാഖ് ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദന് ഒരു ബ്രേക്ക് കിട്ടിയത്. തന്റെ രാഷ്ട്രീയ നിലപാടുകൾ പലപ്പോഴും തുറന്ന് പറയന്നതിലൂടെ ഉണ്ണി മുകുന്ദനെതിരെ സൈബർ ആക്രമണങ്ങളും നടക്കാറുണ്ട്.
ഇപ്പോഴിതാ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടൻ. ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് നടൻ ഈ വിവരം പങ്കുവെച്ചത്. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് വരുന്ന പോസ്റ്റുകളിൽ പ്രതികരിക്കരുതെന്നും അക്കൗണ്ടിൽ നിന്നുവരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്നും ഉണ്ണി മുകുന്ദൻ അറിയിച്ചു.
പ്രധാനപ്പെട്ട അറിയിപ്പ്, എന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. അക്കൗണ്ടിൽ നിന്ന് വരുന്ന അപ്ഡേറ്റുകൾ, ഡയറക്ട് മെസേജുകൾ, സ്റ്റോറികൾ, കണ്ടന്റുകൾ എന്നിവ ഞാൻ ചെയ്യുന്നതല്ല. അവ ഹാക്കർമാരാണ് പോസ്റ്റ് ചെയ്യുന്നത്. അക്കൗണ്ടിൽ നിന്ന് ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യരുത്. വ്യക്തിപരമായ വിവരങ്ങൾ പങ്കുവയ്‌ക്കരുത്. പ്രശ്നപരിഹാരത്തിന് ആവശ്യമായ നടപടികൾ നടക്കുന്നുണ്ടെന്നും ഉണ്ണി മുകുന്ദൻ പറയുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ ഉണ്ണി മുകുന്ദൻ മർദിച്ചുവെന്ന പരാതിയുമായി മുൻ മാനേജർ രംഗത്തെത്തിയിരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക് പോസിറ്റീവ് റിവ്യൂ പോസ്റ്റ് ചെയ്തതിന് ഉണ്ണി മുകുന്ദൻ മർദ്ദിച്ചു എന്നാണ് വിപിന്റെ പരാതി. മാർക്കോയ്ക്ക് ശേഷം മികച്ച അവസരം ലഭിക്കാത്തതിന്റെ ഫ്രസ്ട്രേഷൻ ആണെന്നതടക്കമുളള കാര്യങ്ങളും ഉണ്ണിക്കെതിരെ ഇയാൾ വെളിപ്പെടുത്തി.
പിന്നാലെ വിപിനെ തള്ളി സോഷ്യൽ മീഡിയയിൽ ഉണ്ണി മുകുന്ദൻ രംഗത്ത് വന്നിരുന്നു. വിപിന് പിന്നിൽ ചില ആളുകൾ ഉണ്ടെന്നതടക്കമുളള വെളിപ്പെടുത്തലുകളാണ് ഉണ്ണി മുകുന്ദൻ നടത്തിയിരിക്കുന്നത്. അയാൾ ആരോപിക്കുന്നത് പോലെ ശാരീരികമായ യാതൊരു വിധത്തിലുളള ആക്രമണവും നടന്നില്ല. അത് തികച്ചും തെറ്റായ കാര്യമാണ്.
ആ സ്ഥലത്ത് സിസിടിവി ഉണ്ട്. ഏതെങ്കിലും തരത്തിലുളള അനുമാനങ്ങളിലേക്ക് എത്തുന്നതിന് മുൻപ് ആ ദൃശ്യങ്ങൾ പരിശോധിക്കേണ്ടതാണ്. മറ്റൊരു വിവരം ഞാൻ അറിഞ്ഞത് ഇയാൾ ആളുകളോട് പറഞ്ഞ് നടക്കുന്നത് വരുന്ന 5 വർഷത്തേക്ക് ഞാൻ വളരെ തിരക്കിലാണ് എന്നാണ്. ഇത് എന്റെ അവസരങ്ങൾ ഇല്ലാതാക്കുന്ന പണിയാണ്. മനുഷ്യത്വരഹിതമായ കഥകളാണ് ഇയാൾ എനിക്കെതിരെ പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്നതെന്നുമ നടൻ പറഞ്ഞു.
