Actor
ഒരു നടിയുടെ അടുത്ത് പോയി എന്നെ വിവാഹം കഴിക്കാൻ ആവശ്യപ്പെടുന്നത് വരെയുളള കാര്യങ്ങൾ ഇയാൾ ചെയ്തിട്ടുണ്ട്. അതോടെയാണ് വിപിനുമായുളള ബന്ധം വളരെ വഷളായത്; ഉണ്ണി മുകുന്ദൻ
ഒരു നടിയുടെ അടുത്ത് പോയി എന്നെ വിവാഹം കഴിക്കാൻ ആവശ്യപ്പെടുന്നത് വരെയുളള കാര്യങ്ങൾ ഇയാൾ ചെയ്തിട്ടുണ്ട്. അതോടെയാണ് വിപിനുമായുളള ബന്ധം വളരെ വഷളായത്; ഉണ്ണി മുകുന്ദൻ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ് ഉണ്ണി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മല്ലൂസിംഗ് എന്ന് വൈശാഖ് ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദന് ഒരു ബ്രേക്ക് കിട്ടിയത്. തന്റെ രാഷ്ട്രീയ നിലപാടുകൾ പലപ്പോഴും തുറന്ന് പറയന്നതിലൂടെ ഉണ്ണി മുകുന്ദനെതിരെ സൈബർ ആക്രമണങ്ങളും നടക്കാറുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു നടൻ ഉണ്ണി മുകുന്ദൻ മർദിച്ചുവെന്ന പരാതിയുമായി മുൻ മാനേജർ രംഗത്തെത്തിയിരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക് പോസിറ്റീവ് റിവ്യൂ പോസ്റ്റ് ചെയ്തതിന് ഉണ്ണി മുകുന്ദൻ മർദ്ദിച്ചു എന്നാണ് വിപിന്റെ പരാതി. മാർക്കോയ്ക്ക് ശേഷം മികച്ച അവസരം ലഭിക്കാത്തതിന്റെ ഫ്രസ്ട്രേഷൻ ആണെന്നതടക്കമുളള കാര്യങ്ങളും ഉണ്ണിക്കെതിരെ ഇയാൾ വെളിപ്പെടുത്തി. വിപിനെ തള്ളി സോഷ്യൽ മീഡിയയിൽ ഉണ്ണി മുകുന്ദൻ ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. വിപിന് പിന്നിൽ ചില ആളുകൾ ഉണ്ടെന്നതടക്കമുളള വെളിപ്പെടുത്തലുകളാണ് ഉണ്ണി മുകുന്ദൻ നടത്തിയിരിക്കുന്നത്.
ഉണ്ണി മുകുന്ദന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു;
2018ൽ എന്റെ നിർമ്മാണക്കമ്പനിക്ക് കീഴിൽ ഞാൻ ആദ്യത്തെ സിനിമ നിർമ്മിക്കാനൊരുങ്ങുന്ന സമയത്താണ് വിപിൻ കുമാർ എന്നെ ബന്ധപ്പെടുന്നത്. സിനിമയിലെ നിരവധി പ്രമുഖ താരങ്ങളുടെ പിആർഒ ആണെന്നാണ് അയാൾ സ്വയം പരിചയപ്പെടുത്തിയത്. അയാൾ ഒരിക്കലും എന്റെ പേഴ്‌സണൽ മാനേജർ ആയിരുന്നില്ല.
അടുത്തിടെ റിലീസായ മാർക്കോ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് വിപിനുമായി ആദ്യമായി ഒരു പ്രശ്‌നം ഉണ്ടാകുന്നത്. അന്ന് സെബാന്റെ ഒബ്‌സ്‌ക്യൂറ എന്റർടെയിൻമെന്റിലെ ഒരു ജീവനക്കാരനുമായി വിപിൻ വലിയ പ്രശ്‌നമുണ്ടാക്കി. അവരത് പരസ്യമായി വിഷയമാക്കി. സിനിമയെ അത് വളരെ അധികം മോശമായാണ് ബാധിച്ചത്. സിനിമയുടെ മുഴുവൻ ക്രഡിറ്റും തനിക്ക് തരാത്തതിന്റെ പേരിൽ വിപിൻ അന്ന് എന്നോട് പൊട്ടിത്തെറിച്ചു. അത് എന്നെ സംബന്ധിച്ച് ധാർമികതയ്ക്ക് നിരക്കാത്തത് ആയിരുന്നു.
പിന്നീട് ഞാൻ മനസ്സിലാക്കിയത് ഈ വ്യക്തി എന്റെ ജോലിയെ മോശമായി ബാധിക്കുന്ന തരത്തിലുളള നിരവധി പ്രശ്‌നങ്ങൾ ഉണ്ടാക്കിയുണ്ട് എന്നാണ്. ഗോസിപ്പുകളും വിടുവായിത്തവും പറഞ്ഞ് നടക്കുന്നതായി വിപിനെതിരെ പുതുമുഖങ്ങളും പ്രമുഖകരുമായ നിരവധി സംവിധായകരിൽ നിന്ന് എനിക്ക് പരാതികൾ ലഭിക്കാൻ തുടങ്ങി. ഒരു സുഹൃത്ത് എന്ന നിലയ്ക്കും സഹപ്രവർത്തകൻ എന്ന നിലയ്ക്കും ഒരിക്കലും മാപ്പ് കൊടുക്കാൻ സാധിക്കാത്ത തരത്തിലുളള കാര്യങ്ങൾ ഈ വ്യക്തി ചെയ്തിട്ടുണ്ട് എന്ന് കൂടി കൂട്ടിച്ചേർക്കുന്നു.
നേരിട്ട് കണ്ട് സംസാരിച്ചപ്പോൾ ഞാൻ മുന്നോട്ട് വെച്ച ആശങ്കകളൊന്നും വിപിൻ ഗൗനിച്ചതേ ഇല്ല. സിനിമയിലെ എന്റെ ചില സുഹൃത്തുക്കളുടെ പിന്തുണ തനിക്കുണ്ട് എന്നാണ് അവൻ അവകാശപ്പെടുന്നത്. പിന്നീട് എനിക്കും സുഹൃത്തായ വിഷ്ണു ഉണ്ണിത്താനും മുന്നിൽ വെച്ച് അവൻ എല്ലാ തെറ്റുകൾക്കും ക്ഷമ പറഞ്ഞു. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ വിഷ്ണു ഉണ്ണിത്താൻ ഇക്കാര്യം ശരിവെച്ചിട്ടുണ്ട്.
എന്റെ എല്ലാ ഡിജിറ്റൽ ഡാറ്റകളിലേക്കും വിപിന് ആക്‌സസ് ഉളളത് കാരണം ഒരു ക്ഷമാപണം എഴുതി നൽകാൻ ഞാൻ അഭ്യർത്ഥിച്ചു. അവൻ അത് എഴുതി അയച്ചില്ല, പകരം ഞാൻ കാണുന്നത് സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും തികച്ചും തെറ്റായ, വ്യാജ ആരോപണങ്ങൾ പ്രചരിക്കുന്നതാണ്.
അയാൾ ആരോപിക്കുന്നത് പോലെ ശാരീരികമായ യാതൊരു വിധത്തിലുളള ആക്രമണവും നടന്നില്ല. അത് തികച്ചും തെറ്റായ കാര്യമാണ്. ആ സ്ഥലത്ത് സിസിടിവി ഉണ്ട്. ഏതെങ്കിലും തരത്തിലുളള അനുമാനങ്ങളിലേക്ക് എത്തുന്നതിന് മുൻപ് ആ ദൃശ്യങ്ങൾ പരിശോധിക്കേണ്ടതാണ്. മറ്റൊരു വിവരം ഞാൻ അറിഞ്ഞത് ഇയാൾ ആളുകളോട് പറഞ്ഞ് നടക്കുന്നത് വരുന്ന 5 വർഷത്തേക്ക് ഞാൻ വളരെ തിരക്കിലാണ് എന്നാണ്. ഇത് എന്റെ അവസരങ്ങൾ ഇല്ലാതാക്കുന്ന പണിയാണ്. മനുഷ്യത്വരഹിതമായ കഥകളാണ് ഇയാൾ എനിക്കെതിരെ പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്നത്.
ഒരു നടിയുടെ അടുത്ത് പോയി എന്നെ വിവാഹം കഴിക്കാൻ ആവശ്യപ്പെടുന്നത് വരെയുളള കാര്യങ്ങൾ ഇയാൾ ചെയ്തിട്ടുണ്ട്. അതോടെയാണ് വിപിനുമായുളള ബന്ധം വളരെ വഷളായത്. സമൂഹത്തിൽ എനിക്കുളള വില തന്റെ സംവിധാനങ്ങൾ ഉപയോഗിച്ച് ഇല്ലാതാക്കി കളയുമെന്ന് ഇയാൾ എന്നെ ഭീഷണിപ്പെടുത്തുക വരെ ഉണ്ടായിട്ടുണ്ട്. എന്റെ സഹപ്രവർത്തകരുമായി എപ്പോഴും നല്ലൊരു പ്രൊഫഷണൽ ബന്ധമാണ് ഞാൻ കാത്തുസൂക്ഷിക്കുന്നത്. എന്നാൽ ഈ വ്യക്തി കൊടുംവിഷമാണ്.
ഇയാൾ പറഞ്ഞിട്ടുളള ഓരോ വാക്കും നുണയാണ്. എല്ലാ ആരോപണങ്ങളും ഞാൻ നിഷേധിക്കുന്നു. ഞാനൊരു ഈസി ടാർഗറ്റ് മാത്രമാണ്. ചില സ്ഥാപിത താൽപര്യങ്ങളും നേട്ടങ്ങൾക്കും വേണ്ടിയാണ് എന്നെ ഭീഷണിപ്പെടുത്തുന്നതും ദ്രോഹിക്കുന്നതും. എന്റെ വ്യക്തി ജീവിതത്തിലും പ്രൊഫഷണൽ ജീവിതത്തിലും അമർഷമുളള ചില ആളുകൾ എന്റെ കരിയർ തകർക്കാൻ വേണ്ടി ഇയാളെ സഹായിക്കുന്നുണ്ട് എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. കഠിനാധ്വാനത്തിലൂടെയും നിശ്ചയദാർഢ്യത്തിലൂടെയുമാണ് ഞാൻ എന്റെ കരിയർ പടുത്തുയർത്തിയത്. എന്തൊക്കെ പീഡനത്തിനും ഇരയാക്കലിനും വിധേയമാക്കിയാലും ഞാൻ വിശ്വസിക്കുന്നത് സത്യത്തിലാണ് എന്നും നടൻ പറഞ്ഞു.
ഉണ്ണിയ്ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് വിപിൻ പരാതിയിൽ പറയുന്നത്. നരിവേട്ട എന്ന സിനിമയെ പ്രശംസിച്ച് പോസ്റ്റിട്ടതിന് ഉണ്ണി മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. ഉണ്ണി മുകുന്ദന്റെ ഇമേജിനെ വരെ ബാധിക്കുന്ന ആരോപണങ്ങൾ വിപിൻ കുമാറിന്റെ പരാതിയിലുണ്ട്.
മാർക്കോയ്ക്ക് ശേഷം ഹിറ്റ് സിനിമ ലഭിക്കാത്തതിന്റെ ഫ്രസ്ട്രേഷൻ ഉണ്ണി മുകുന്ദനുണ്ടെന്നാണ് വിപിൻ കുമാർ പറയുന്നുണ്ട്. കൂടാതെ നടി നിഖില വിമലുമായി ഉണ്ണി മുകുന്ദനുള്ള പ്രശ്നവും പരാതിയിൽ പരോക്ഷമായി സൂചിപ്പിക്കുന്നുണ്ട്. ‘കഴിഞ്ഞ ആറ് വർഷമായി ഞാൻ സിനിമാ താരം ഉണ്ണി മുകുന്ദന്റെ പ്രൊഫഷണൽ മാനേജരായി ജോലി ചെയ്ത് വരികയാണ്. കൂടാതെ കഴിഞ്ഞ പതിനെട്ട് വർഷമായി മറ്റ് പല താരങ്ങളുടെയും സിനിമാ പ്രൊമോഷൻ പ്രവർത്തനങ്ങളും ചെയ്ത് വരികയാണ്. ഉണ്ണി മുകുന്ദന്റെ കൂടെ പ്രവർത്തിച്ച കാലയളവിലെല്ലാം എന്നെ അദ്ദേഹം മാനസികമായി പീഡിപ്പിക്കുകയും തേജോ വധം ചെയ്യുകയും ചെയ്തിട്ടുണ്ട്.
അദ്ദേഹത്തിന്റെ കൂടെ പ്രവർത്തിച്ച പലർക്കും മുൻകാലങ്ങളിൽ ഇതേ അനുഭവങ്ങൾ ഉണ്ടായതിനെ തുടർന്ന് പുറത്ത് പോയിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ കരിയറിൽ വലിയ വിജയമായിരുന്ന ചിത്രമാണ് മാർക്കോ. എന്നാൽ അതിന് ശേഷം വന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രം വൻ പരാജയമായി മാറി. അന്ന് മുതൽ അദ്ദേഹം മാനസികമായി വലിയ നിരാശയിലാണ്.
ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായും നായികയുമായും അസ്വാരസത്തിലാണ്. അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ആളെന്ന നിലയിൽ ഈ പ്രശ്നങ്ങൾ പ്രൊഫഷണലായി എന്നെയും ബാധിച്ചിട്ടുണ്ട്,’ വിപിൻ കുമാറിന്റെ പരാതിയിൽ പറയുന്നതിങ്ങനെ. നിഖില വിമൽ ആണ് ഗെറ്റ് സെറ്റ് ബേബിയിൽ ഉണ്ണി മുകുന്ദന്റെ നായികയായെത്തിയത്.
വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത സിനിമ ഫെബ്രുവരി 21 നാണ് റിലീസ് ചെയ്തത്. ഉണ്ണി മുകുന്ദന് നിഖില വിമലുമായി പ്രശ്നമുണ്ടെന്ന വെളിപ്പെടുത്തൽ ഇതിനോടകം സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. സിനിമാ രംഗത്ത് ഒരു താരത്തോട് ഉണ്ണി മുകുന്ദന് ശത്രുതയുണ്ടെന്നും പരാതിയിൽ പറയുന്നുണ്ട്.
യാതൊരു പ്രകോപനവും കൂടാതെ എന്നെ മോശമായ ഭാഷയിൽ അസഭ്യം പറയുകയും എന്റെ മുഖത്തിരുന്ന വില കൂടിയ കൂളിംഗ് ഗ്ലാസ് എറിഞ്ഞുടയ്ക്കുകയും ചെയ്തു. (ഗ്ലാസ് ഉണ്ണി മുകുന്ദൻ ശത്രുത വെച്ച് പുലർത്തുന്ന മറ്റൊരു പ്രമുഖതാരം എനിക്ക് ഗിഫ്റ്റ് തന്നതാണെന്ന് അദ്ദേഹത്തിന് അറിവുള്ളതാണ്. അതുകൊണ്ട് കൂടിയാണ് എറിഞ്ഞുടച്ചത്).
തന്നെ മർദ്ദിക്കാൻ ശ്രമിക്കുന്ന മറ്റൊരു ഫ്ലാറ്റിലെ താമസക്കാരൻ കാണുകയും ഉണ്ണി മുകുന്ദനെ പിടിച്ച് മാറ്റുകയുമായിരുന്നെന്നും ഇനി മുന്നിൽ കണ്ടാൽ കൊന്ന് കളയുമെന്ന് നടൻ തന്നെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നുണ്ട്. ‘മേൽപറഞ്ഞ വ്യക്തി മുമ്പും ഇത്തരം നിരവധി ക്രിമിനൽ കേസുകളിലടക്കം പ്രതിയായിട്ടുള്ളതാണ്. മുൻപും പലരെയും ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത് ഒപ്പം പ്രവർത്തിച്ച കാലയളവിൽ ഞാൻ നേരിട്ട് മനസിലാക്കിയിട്ടുള്ളതുമാണ് എന്നുമാണ് പരാതിയിൽ പറയുന്നത്.
മാർക്കോയുടെ വിജയത്തിന് ശേഷം ഉണ്ണി മുകുന്ദന്റെ താരമൂല്യം കുതിച്ചുയർന്നതായിരുന്നു. എന്നാൽ കരിയറിൽ വിജയങ്ങൾ വരുമ്പോഴെല്ലാം ഉണ്ണി മുകുന്ദൻ വിവാദങ്ങളിൽ അകപ്പെടാറുണ്ട്. സംഭവത്തിൽ വ്യാപക വിമർശനമാണ് ഉണ്ണി മുകുന്ദനെതിരെ വരുന്നത്. ഇതാദ്യമായല്ല നടൻ ഇത്തരം വിവാദങ്ങളിൽ അകപ്പെടുന്നത്.
മുൻപ് ഉണ്ണി മുകുന്ദൻ മേജർ രവിയെ മർദ്ദിച്ചതായി ആരോപണമുണ്ടായിരുന്നു. ജോഷി സംവിധാനം ചെയ്ത ‘സലാം കാശ്മീർ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു വിവാദ സംഭവം. സിനിമയുടെ ചിത്രീകരണം കാണാനായിരുന്നു ഉണ്ണി മുകുന്ദനെത്തിയത്. മേജർ രവി സംഘട്ടന രംഗങ്ങളിൽ സഹായിക്കാനും. ഇതിനിടയിൽ സെറ്റിൽ വെച്ച് ഉണ്ണിയെ മേജർ രവി പരിഹസിച്ചത്ര. എന്നാൽ ഇത് ഇഷ്ടപ്പെടാതിരുന്ന ഉണ്ണി അദ്ദേഹത്തെ മർദ്ദിച്ചുവെന്നാണ് വാർത്തകൾ വന്നത്.
ഇരുവരും പ്രശ്നങ്ങൾ ഉണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ടെങ്കിലും അന്ന് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് ഇരുതാര്യങ്ങളും വ്യക്തമാക്കിയില്ല. പിന്നീട് മേജർ രവിയുടെ അറുപതാം പിറന്നാളാഘോഷത്തിൽ ഉണ്ണി പങ്കെടുക്കുകയും ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിപ്പിക്കുകയും ചെയ്തു. തനിക്ക് ഉണ്ണിയോട് യാതൊരു പരിഭവവും ഇല്ലെന്നും മകന്റ പ്രായമേ ഉള്ളൂ അദ്ദേഹത്തിന് എന്നുമായിരുന്നു അന്ന് മേജർ രവി പ്രതികരിച്ചിരുന്നത്.
മാനേജരെ തല്ലിയെന്ന ആരോപണത്തിൽ നടൻ ഉണ്ണി മുകുന്ദനെ പിന്തുണച്ച് കൊണ്ടാണ് മേജർ രവി രംഗത്തെത്തിയിരുന്നത്. സംഭവം അറിഞ്ഞപ്പോൾ തന്നെ ഉണ്ണിയെ ഫോൺ വിളിച്ചിരുന്നുവെന്നും എന്നാൽ ഫോൺ എടുത്തില്ലെന്നും മേജർ രവി പറയുന്നു. ഉണ്ണി മുകുന്ദൻ എന്ന വ്യക്തി ബിജെപിക്കാരനോ ആർഎസ്എസുകാരനോ അല്ല, ഉണ്ണി മുകുന്ദന് പാർട്ടി മെംബർഷിപ്പോ ഇല്ല.
എനിക്ക് ഉണ്ണിയെ സംരക്ഷിക്കേണ്ട ബാധ്യതയുമില്ല. ഒരു കലാകാരൻ എന്ന നിലയ്ക്ക് തമാശയായിട്ടാണ് തോന്നിയത്. വളരെ പക്വത കുറഞ്ഞ കുട്ടി എന്നാണ് ഞാൻ അവനെ വിളിക്കുക. ഞാനൊരാളെയും പിന്തുണയ്ക്കുകയല്ല. ഉണ്ണിക്ക് 37 വയസ്സായി, അതിന്റെ ഒരു പക്വത കാണിക്കണം. വിപിനും നാൽപതിനടുത്ത് പ്രായം ഉണ്ടാകും. രണ്ടുപേർക്കും അവരുടേതായ കാരണങ്ങൾ ഉണ്ടാകാം എന്നുമാണ് മേജർ രവി പറഞ്ഞത്.
