News
കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമുള്ളവരുടെ ശ്രദ്ധയ്ക്ക്…, ബ്രഹ്മപുരം വിഷയത്തില്‍ പ്രതികരണവുമായി ഉണ്ണി മുകുന്ദന്‍!
കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമുള്ളവരുടെ ശ്രദ്ധയ്ക്ക്…, ബ്രഹ്മപുരം വിഷയത്തില്‍ പ്രതികരണവുമായി ഉണ്ണി മുകുന്ദന്‍!
ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലുണ്ടായ തീപിടുത്തവും പുകയും കാരണം ദുരിതത്തിലായാരിക്കുകയാണ് കൊച്ചി നിവാസികള്‍. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രദേശവാസികള്‍ ജാഗ്രത പുലര്‍ത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പറയുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍. ജില്ലാ ഭരണകൂടം പുറത്തിറക്കിയ ജാഗ്രതാ നിര്‍ദേശങ്ങളെക്കുറിച്ചുള്ള ഒരു പത്ര കട്ടിംഗ് പങ്കുവച്ചുകൊണ്ടായിരുന്നു ഉണ്ണി മുകുന്ദന്റെ കുറിപ്പ്.
കൊച്ചിയിലും പരിസര പ്രദേശങ്ങളിലും വസിക്കുന്ന എല്ലാവരോടും, നിങ്ങളുടെ കുട്ടികളുടെയും നിങ്ങളുടെയും സുരക്ഷിതത്വത്തിന്റെ കാര്യം ശ്രദ്ധിക്കാന്‍ ഞാന്‍ അഭ്യര്‍ഥിക്കുന്നു. ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ അടുത്തിടെയുണ്ടായ തീപിടുത്തം കാരണം വീടിന് പുറത്തിറങ്ങുമ്പോള്‍ ബന്ധപ്പെട്ട അധികൃതര്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുക. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സുരക്ഷിതത്വം ശ്രദ്ധിക്കുക. വായുമലിനീകരണം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കരുതിയിരിക്കുക, ഉണ്ണി മുകുന്ദന്‍ കുറിച്ചു.
ബ്രഹ്മപുരം വിഷയത്തില്‍ കൊച്ചിയില്‍ താമസിക്കുന്ന ചലച്ചിത്ര താരങ്ങള്‍ പ്രതികരിക്കാത്തതിനെതിരെ നിര്‍മ്മാതാവ് ഷിബു ജി സുശീലന്‍ രംഗത്തെത്തിയിരുന്നു.
‘കഴിഞ്ഞ കുറെ ദിവസങ്ങളായി കൊച്ചിയിലെ ജനങ്ങളെ ശ്വാസം മുട്ടിച്ചു കൊല്ലുന്നത്തിന് എതിരെ പ്രതികരിക്കാന്‍ കൊച്ചിയില്‍ താമസിക്കുന്ന നമ്മുടെ സ്റ്റാറുകളായ മമ്മൂക്ക, ലാലേട്ടന്‍, പൃഥ്വിരാജ്, തുടങ്ങി എല്ലാവരും മുന്നോട്ട് വരണമെന്ന് അപേക്ഷിക്കുന്നു. നമ്മള്‍ ഉറക്കത്തിലും ഈ വിഷവായുവല്ലേ ശ്വസിക്കുന്നത്? അതോ നിങ്ങളുടെ വീടുകളില്‍ വേറെ വായു ഉല്‍പാദിപ്പിക്കുന്നുണ്ടോ?
ജീവിക്കാന്‍ വേണ്ട ജീവവായു നിഷേധിക്കുന്ന അധികാരികള്‍ക്കെതിരെ സംസാരിക്കാന്‍ പോലും എന്താണ് കാലതാമസം. ഇങ്ങനെയുള്ള അനീതിക്കെതിരെ പ്രതികരിച്ചില്ലെങ്കില്‍ പിന്നെ എന്തിനോടാണ് നിങ്ങള്‍ പ്രതികരിക്കുക? ആരെങ്കിലും എഴുതി തരുന്ന ഡയലോഗുകളാല്‍ ഗര്‍ജിക്കുന്ന കഥാപാത്രങ്ങളില്‍ മാത്രം മതിയോ നിങ്ങളുടെ ഗര്‍ജ്ജനം.
രാഷ്ട്രീയം നോക്കാതെ അധികാരികള്‍ക്കെതിരെ പ്രതികരിക്കുക. ജനങ്ങള്‍ക്ക് വേണ്ടി, നിങ്ങളുടെ പ്രേക്ഷകര്‍ക്ക് വേണ്ടി പ്രതികരിക്കുക. ഇനി ഒരിക്കലും ഈ അവസ്ഥ ഉണ്ടാകാതിരിക്കാന്‍ വേണ്ടി പ്രതികരിക്കുക. ഇങ്ങനെ പറഞ്ഞത് തെറ്റായി പോയെങ്കില്‍ എന്നോട് ക്ഷമിക്കുക…’, എന്നായിരുന്നു ഷിബുവിന്റെ കുറിപ്പ്.
