Actor
ഞങ്ങള്‍ ഒരുമിച്ച് സ്കൂളില്‍ പോകുമ്പോള്‍ പോലും നിങ്ങള്‍ക്ക് കല്യാണം കഴിച്ചൂടേ എന്ന് ടീച്ചേഴ്സ് വരെ ചോദിച്ചിട്ടുണ്ട്; തന്റെ പ്രണയത്തെ കുറിച്ച് ഉണ്ണി മുകുന്ദന്
ഞങ്ങള്‍ ഒരുമിച്ച് സ്കൂളില്‍ പോകുമ്പോള്‍ പോലും നിങ്ങള്‍ക്ക് കല്യാണം കഴിച്ചൂടേ എന്ന് ടീച്ചേഴ്സ് വരെ ചോദിച്ചിട്ടുണ്ട്; തന്റെ പ്രണയത്തെ കുറിച്ച് ഉണ്ണി മുകുന്ദന്
മലയാളികള്‍ക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദന്. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാര്‍ച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടര്‍ന്നും നിരവധി ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ചു. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ ഉണ്ണി മുകുന്ദന് തിളങ്ങിയിരുന്നു. റൊമാന്റിക്ക് ഹീറോയായും മാസ് ഹീറോ റോളുകളിലുമൊക്കെ ഉണ്ണിയെ പ്രേക്ഷകര്‍ കണ്ടിരുന്നു. നടന്റെ പുതിയ സിനിമകള്‍ക്കായെല്ലാം ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്.
ഇപ്പോഴിതാ തന്റെ പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവെ നടന് പറഞ്ഞ വാക്കുകളാണ് വൈറലായിമാറിക്കൊണ്ടിരിക്കുന്നത്. ഇനിയും വിവാഹം കഴിക്കാത്തതിന്റെ കാരണം മാത്രമല്ല തന്റെ ജീവിതത്തിലുണ്ടായ ആദ്യ പ്രണയത്തെ പറ്റിയും ഉണ്ണി മുകുന്ദന് വെളിപ്പെടുത്തി. സ്കൂളില്‍ പഠിക്കുമ്പോഴായിരുന്നു ആദ്യത്തെ പ്രണയം. ആ കുട്ടി മലയാളിയാണ്. ഇവളെ കാണാന്‍ വേണ്ടി ഞാന്‍ ഞായറാഴ്ച കുര്‍ബാനയ്ക്ക് വരെ പോയിരുന്നു.
പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ആ ഇഷ്ടം. എത്ര പ്രണയം ഉണ്ടായിരുന്നെന്ന് എണ്ണാന്‍ പറ്റില്ല. ഓരോ പ്രായത്തിലും ഉണ്ടായിട്ടുണ്ട്. ഒരുപാട് നല്ല ഓര്‍മ്മകള്‍ ഉണ്ടായ സംഭവങ്ങളുണ്ട്. എനിക്ക് നല്ലൊരു സുഹൃത്ത് ഉണ്ടായിരുന്നു. പുള്ളിക്കാരി ഇപ്പോഴും എന്റെ ഫ്രണ്ടാണ്. അന്നും ഞങ്ങള്‍ നല്ല സൗഹൃദത്തിലാണ്. ഞങ്ങള്‍ ഒരുമിച്ച് സ്കൂളില്‍ പോകുമ്പോള്‍ പോലും നിങ്ങള്‍ക്ക് കല്യാണം കഴിച്ചൂടേ എന്ന് ടീച്ചേഴ്സ് വരെ ചോദിച്ചിട്ടുണ്ട്.
ആ കുട്ടി രജ്പുത്താണ്. അവളുടെ വീട്ടില്‍ ഞാന്‍ പോവാറുണ്ട്. നിങ്ങള്‍ക്ക് ഓക്കെയാണെങ്കില്‍ കല്യാണം കഴിപ്പിക്കാമെന്ന് ആന്റി വരെ പറഞ്ഞു. മാത്രമല്ല അവളുടെ മുത്തച്ഛന് എന്നെ ഭയങ്കര ഇഷ്ടമായിരുന്നു. അത് കേട്ട് ഞാന്‍ പേടിച്ചെന്ന് പറയാം. കാരണം ഞങ്ങള്‍ തമ്മില്‍ അങ്ങനൊരു ബന്ധവുമില്ല. പിന്നെ ഇരുപത്തിമൂന്നോ ഇരുപത്തിനാലോ വയസുള്ളപ്പോള്‍ അവള് കല്യാണം കഴിഞ്ഞ് പോയി.
ഞാന്‍ കേരളത്തിലേയ്ക്ക് സിനിമയുമായി വരികയും ചെയ്തു. എന്നാല്‍ അവളൊരിക്കല്‍ ഒരാളെ ഇഷ്ടമാണെന്ന് വീട്ടില്‍ പറഞ്ഞു. ഉണ്ണി ആണെങ്കില്‍ ഓക്കെ, ഇല്ലെങ്കില്‍ പറ്റില്ലെന്നാണ് വീട്ടുകാര്‍ പറഞ്ഞത്. ശരിക്കും അവള് കോളേജില്‍ പഠിക്കുന്ന ഒരാളുമായിട്ടാണ് ഇഷ്ടത്തിലായത്. അയാള്‍ കാശ്മീരി പണ്ഡിറ്റ് ആയിരുന്നു. ഇക്കാര്യം വിളിച്ച് അവളുടെ വീട്ടില്‍ പറയാനൊക്കെ എന്നോട് പറഞ്ഞു. ഞാന്‍ പറഞ്ഞാലേ അവര്‍ വിശ്വസിക്കുകയുള്ളുവെന്നാണ് പറഞ്ഞത്.
അങ്ങനെ എനിക്ക് ഇഷ്ടം തോന്നിയവര്‍ ഓരോരുത്തരായി കല്യാണം കഴിച്ച് പോയി കൊണ്ടേയിരുന്നു. വീട്ടില്‍ അച്ഛനും അമ്മയ്ക്കുമൊക്കെ ആഗ്രഹമുണ്ട്. അറേഞ്ച്ഡോ അല്ലാതെയോ വിവാഹം നടന്നാല്‍ മതിയെന്നേയുള്ളു. എന്നാല്‍ ഞാനത്രയും സീരിയസായിട്ട് ചിന്തിച്ചിട്ടില്ല. അമ്മയിങ്ങനെ പറഞ്ഞോണ്ട് ഇരിക്കുമ്പോള്‍ നോക്കിക്കോ, ഏതെങ്കിലും റെഡിയാവുകയാണെങ്കില്‍ നോക്കാമെന്നേ ഞാന്‍ പറഞ്ഞിട്ടുള്ളു. അല്ലാതെ അയ്യോ, സമയം പോയി. ഇനിയും കല്യാണം കഴിച്ചില്ലെങ്കില്‍ കുഴപ്പമാവും എന്നൊന്നും ചിന്തിക്കുകയോ പേടിയോ ഇല്ല. നടക്കേണ്ട സമയത്ത് നടക്കും എന്നേ വിചാരിക്കുന്നുള്ളു എന്നും ഉണ്ണി മുകുന്ദന് പറയുന്നു.
അടുത്തിടെ നടന് അനുശ്രീയുമായി പ്രണയത്തിലാണെന്നും വിവാഹിതരാകാന്‍ പോകുന്നുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇതേ കുറിച്ചും നടന് സംസാരിച്ചിരുന്നു. എന്റെ പേര് പലരുമായിട്ടും കണക്ട് ചെയ്ത് വരാറുണ്ട്. അവരെല്ലാം കല്യാണം കഴിച്ച് പോയി കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ അനുശ്രീയുടെ പേരിനൊപ്പമാണ് ഗോസിപ്പ് വന്നത്. അതിനര്‍ഥം അനു വിവാഹം കഴിച്ച് പോകാനായി എന്നാണെന്ന് തമാശരൂപേണ നടന് പറയുന്നു.
ചില നടിമാര്‍ കല്യാണം കഴിക്കാനാവുമ്പോഴാണ് ഉണ്ണി മുകുന്ദനൊപ്പം വാര്‍ത്ത വരുന്നത്. എനിക്ക് ഒരു റിലേഷന്‍ഷിപ്പുമില്ല. എന്നിട്ടും എന്താണ് എന്റെ പേരിങ്ങനെ വരുന്നതെന്ന് ഞാനും ആലോചിക്കാറുണ്ടെന്ന് ഉണ്ണി മുകുന്ദന് പറയുന്നു. ചില യൂട്യൂബ് ചാനലിലൂടെ വന്ന വാര്‍ത്തകള്‍ കണ്ടിട്ട് ചോദ്യവുമായി വരുന്ന അമ്മമാരൊക്കെയുണ്ട്. മുന്‍പൊരിക്കല്‍ ഒരു അമ്മ സംസാരിക്കാന്‍ വന്നു. കല്യാണം ആയതിനെ പറ്റി ഞാന്‍ കണ്ടുട്ടോ എന്നാണ് അവരെന്നോട് പറഞ്ഞത്. എവിടെ കണ്ടു എന്ന ചോദ്യത്തിന് ഞാന്‍ യൂട്യൂബൊക്കെ കാണാറുണ്ടെന്നായിരുന്നു മറുപടി. ചില സമയത്ത് എനിക്കത് തമാശയായി തോന്നാറുണ്ടെങ്കിലും മറ്റ് ചിലപ്പോള്‍ ഇറിറ്റേഷനാണ് തോന്നുകയെന്ന് ഉണ്ണി മുകുന്ദന് പറയുന്നു.
