Malayalam
എന്റെ പണം കൊണ്ട് എന്റെ ഇഷ്ടത്തിന് സിനിമ ചെയ്യും, ആ പൈസ കൊണ്ട് എന്ത് ചെയ്യുന്നുവെന്നത് ആരും ചോദിക്കേണ്ട കാര്യമില്ല; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരെ ഉണ്ണി മുകുന്ദൻ
എന്റെ പണം കൊണ്ട് എന്റെ ഇഷ്ടത്തിന് സിനിമ ചെയ്യും, ആ പൈസ കൊണ്ട് എന്ത് ചെയ്യുന്നുവെന്നത് ആരും ചോദിക്കേണ്ട കാര്യമില്ല; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരെ ഉണ്ണി മുകുന്ദൻ
അഭിനേതാക്കൾ സിനിമ നിർമ്മിക്കരുതെന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനത്തെ എതിർത്ത് നടൻ ഉണ്ണി മുകുന്ദൻ. വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് നടൻ ഇതേ കുറിച്ച് പറഞ്ഞത്. നല്ല സിനിമകൾ ചെയ്യണമെന്ന് ആഗ്രഹിച്ച് നിർമ്മാതാവായ ഒരാളാണ്. എന്റെ പണം കൊണ്ട് എന്റെ ഇഷ്ടത്തിന് സിനിമ ചെയ്യും. അത് എന്റെ അവകാശമാണ്.
ആ പൈസ കൊണ്ട് എന്ത് ചെയ്യുന്നുവെന്നത് ആരും ചോദിക്കേണ്ട കാര്യമില്ല. അതൊരു മാന്യതയാണ്. ഞാൻ നിർമിച്ച സിനിമകളും നല്ലതാണ് എന്നാണ് വിശ്വാസം. അതിന്റെ നഷ്ടവും ലാഭവും മറ്റുള്ളവരോട് പോലും ചർച്ച ചെയ്യേണ്ട ആവശ്യമില്ല. ഒരു നടനോട് സിനിമ നിർമ്മിക്കാൻ പാടില്ല എന്നു പറയുന്നത് ശരിയാണോ എന്നറിയില്ല. അത് എന്റെ അവകാശമാണ്. എന്റെ മാത്രമല്ല എല്ലാവർക്കും.
ആ പ്രസ്താവനയേ ശരിയല്ല. ഇതൊരു ഫ്രീ സ്‌പേസ് ആണ്. സീറോ ബജറ്റിലും പുതിയ ആളുകളെ വച്ചുമൊക്കെ സിനിമ ചെയ്യാം. ഇതിനൊരു റൂട്ട് ബുക്കൊന്നുമില്ല. ഇൻഡസ്ട്രിയിൽ ഈ ആള് മാത്രമാണ് സിനിമ ചെയ്യേണ്ടതെന്ന് എവിടെയും എഴുതിവച്ചിട്ടില്ല. വേറെ മേഖലയിൽ നിന്നും ജോലിയൊക്കെ രാജി വച്ച് വന്ന് സിനിമ ചെയ്യുന്ന ആളുകളുണ്ട്.
ഞാൻ പോലും സിനിമ പഠിച്ചിട്ട് വന്ന് സിനിമാ നടനായ ആളല്ല, പ്രൊഡക്ഷൻ എന്താണെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. ജീവിതാനുഭവങ്ങൾ കൊണ്ടാണ് അതൊക്കെ പഠിക്കേണ്ടത്. ഞാൻ അധികം പ്രതിഫലം വാങ്ങാറില്ല. അഞ്ച് വർഷത്തോളമായി എന്റെ പ്രൊഡക്ഷൻ കമ്പനിയിലാണ് വർക്ക് ചെയ്യുന്നത് എന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്.
മലയാളത്തിലെ സിനിമ നിർമാതാക്കൾ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്ന് നിർമാതാവ് സുരേഷ് കുമാർ പറഞ്ഞു. 200 സിനിമകൾ ഇറങ്ങിയതിൽ 24 എണ്ണം മാത്രമാണ് ഓടിയത്. 176 ചിത്രങ്ങൾ ബോക്സോഫീസിൽ പരാജയപ്പെടുകയായിരുന്നു. 650 – 700 കോടിക്കിടയിലാണ് സിനിമ രംഗത്ത് കഴിഞ്ഞ വർഷം നിർമാതാക്കൾക്ക് സംഭവിച്ച നഷ്ടം.
പല നിർമാതാക്കളും നാടുവിട്ടുപോകേണ്ട ഗതികേടിലാണ്. ഒരു രീതിയിലും ഒരു നിർമാതാവിന് സിനിമയെടുക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് ഇപ്പോൾ മലയാള സിനിമ. ഏറ്റവും വലിയ പ്രശ്‌നം നടീനടൻമാരുടെ പ്രതിഫലമാണെന്നും സുരേഷ് കുമാർ പറഞ്ഞിരുന്നു. ആർടിസ്റ്റുകൾ എന്നാണു പടം നിർമിക്കാൻ തുടങ്ങിയത്.
കോവിഡിനു മുമ്പ് ദിലീപും മോഹൻലാലും മാത്രമാണ് ഇവിടെ സിനിമ നിർമിച്ചിരുന്നത്. ബാക്കിയുള്ളവരെല്ലാം കോവിഡിനു ശേഷം ഒ.ടി.ടി പ്രചാരത്തിൽ വന്നതോടെയാണ് പ്രൊഡക്‌ഷൻ തുടങ്ങിയത്. എല്ലാം എനിക്ക് പോരട്ടെയെന്ന വിചാരമാണ് ഇതിന് പിന്നിലെന്നും സുരേഷ് കുമാർ പറഞ്ഞിരുന്നു.
