Actor
ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് കടുത്ത മത്സരം; ഔദ്യോഗിക പക്ഷത്തിന്റെ പിന്തുണ സിദ്ദിഖിന്
ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് കടുത്ത മത്സരം; ഔദ്യോഗിക പക്ഷത്തിന്റെ പിന്തുണ സിദ്ദിഖിന്
താര സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് നടന്‍ മോഹന്‍ലാല്‍. ചൊവ്വാഴ്ചയായിരുന്നു പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. മറ്റു സ്ഥാനാര്‍ഥികള്‍ ഇല്ലാതിരുന്നതിനാല്‍ എതിരില്ലാതെ മോഹന്‍ലാല്‍ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഇത് മൂന്നാം തവണയാണ് മോഹന്‍ലാല്‍ അമ്മ പ്രസിഡന്റാകുന്നത്.നേരത്തെ പദവി ഒഴിയാന്‍ മോഹന്‍ലാല്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ സഹപ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം മോഹന്‍ലാല്‍ പദവിയില്‍ തുടരുകയായിരുന്നു.
അതേസമയം, ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് കടുത്ത മത്സരമാണ് നടക്കുന്നതെന്നാണ് വിവരം. സിദ്ദിഖ്, കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍ എന്നിവരാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. സിദ്ദിഖിനാണ് ഔദ്യോഗികപക്ഷത്തിന്റെ പിന്തുണ.
അതേസമയം നാല് തവണ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു കുക്കു പരമേശ്വരന്‍. ഉണ്ണി ശിവപാല്‍ 2018-21 കാലത്ത് എക്‌സിക്യൂട്ടീസ് കമ്മിറ്റിയംഗമായിരുന്നു.കുക്കു പരമേശ്വരന്‍, അനൂപ് ചന്ദ്രന്‍, ജയന്‍ ചേര്‍ത്തല എന്നിവര്‍ നേരത്തെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കാന്‍ പത്രിക നല്‍കിയിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ വന്നതോടെ പിന്മാറുകയായിരുന്നു.
രണ്ട് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷ്, മഞ്ജുപിള്ള, ജയന്‍ ചേര്‍ത്തല എന്നിവരാണ് മത്സരിക്കുന്നത്. ആദ്യമായാണ് ജയന്‍ ചേര്‍ത്തല മത്സര രംഗത്തിറങ്ങുന്നത്. അനൂപ് ചന്ദ്രന്‍, ബാബുരാജ് എന്നിവരാണ് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നവര്‍. ട്രഷറര്‍ പദവിയിലേക്ക് എതിരില്ലാതെ നടന്‍ ഉണ്ണി മുകുന്ദന്‍ തെരഞ്ഞെടുക്കപ്പെട്ടു. പതിനൊന്നംഗ എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് പന്ത്രണ്ടുപേര്‍ മത്സര രംഗത്തുണ്ട്.
ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമ്മൂട്, കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്ണ, രമേഷ് പിഷാരടി, ടിനി ടോം, അന്‍സിബ ഹസന്‍, അനന്യ, സരയൂമോഹന്‍, ജോയ് മാത്യു, ഡോ. റോണി ഡേവിഡ്, വിനു മോഹന്‍ എന്നിവരാണവര്‍.ഈ മാസം 30ന് കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ജനറല്‍ബോഡി യോഗത്തിലാണ് തിരഞ്ഞെടുപ്പ്. വോട്ടിങ് അവകാശമുള്ള 506 അംഗങ്ങളാണ് ‘അമ്മ’യിലുള്ളത്.
2021ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ മോഹന്‍ലാലും ഇടവേള ബാബുവും എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കും എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേയ്ക്കും കടുത്ത മത്സരമുണ്ടായിരുന്നു. മണിയന്‍പിള്ള രാജുവും ശ്വേത മേനോനും വോട്ടെടുപ്പിലൂടെ വൈസ് പ്രസിഡന്റായപ്പോള്‍ എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേയ്ക്ക് ലാലും വിജയ് ബാബുവും വിജയം നേടി. ഔദ്യോഗിക പക്ഷത്തുനിന്ന് മത്സരിച്ച നിവിന്‍പോളിയും ആശ ശരത്തും ഹണി റോസുമാണ് പരാജയപ്പെട്ടത്.
അതേസമയം, താന്‍ വഹിച്ചിരുന്ന ജനറല്‍ സെക്രട്ടറി പദവിയില്‍നിന്ന് ഒഴിയുകയാണെന്ന് ഇടവേള ബാബു അടുത്തിടെ വ്യക്തമാക്കിയിരുന്നു. അമ്മ രൂപീകരിച്ച 1994 മുതല്‍ അംഗമായ ഇടവേള ബാബു ജോയിന്റ് സെക്രട്ടറിയായും സെക്രട്ടറിയായും ജനറല്‍ സെക്രട്ടറിയായും സജീവമായിരുന്നു അദ്ദേഹം.
25 വര്‍ഷത്തിനു ശേഷം ഇടവേള ബാബു സ്വയം ഒഴിയുന്നുവെന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. അതേസമയം താരസംഘടനയുടെ വരുമാനം സംബന്ധിച്ച് ചര്‍ച്ച വാര്‍ഷിക പൊതുയോഗത്തില്‍ നടക്കും. അവശ നടീ നടന്മാര്‍ നല്‍കുന്ന സാമ്പത്തിക സഹായമായ കൈനീട്ടം അടക്കം നടത്തുന്ന അമ്മ അതിനായി ഒരു സ്ഥിരം വരുമാന മാര്‍ഗം കണ്ടുപിടിക്കാനുള്ള പദ്ധതികളാണ് ആലോചിക്കുന്നത്.
ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പൊതുയോഗത്തില്‍ നടക്കും. 1994 ല്‍ ആണ് അസോസിയേഷന്‍ ഓഫ് മലയാളം മൂവീ ആര്‍ട്ടിസ്റ്റ്‌സ് എന്ന അമ്മ സംഘടന രൂപീകരിക്കുന്നത്. എംജി സോമനായിരുന്നു സംഘടനയുടെ ആദ്യ പ്രസിഡന്റ്. ടിപി മാധവന്‍ ആയിരുന്നു സെക്രട്ടറി സ്ഥാനത്ത്.
